തിരുവനന്തപുരം: സിസിടിവി ക്യാമറ അടിച്ചു മാറ്റിയ ശേഷം മോഷണം നടത്താനുള്ള ശ്രമം വീട്ടുകാർ ഉണർന്നതിനെ തുടർന്ന് വിഫലമായി. നരുവാമൂട് ഒലിപ്പുനട ചാട്ടുമുക്ക് റോഡ് വിവി നന്ദനത്തിൽ റിട്ട. ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫീസർ വി വിക്രമന്റെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്.
സിസിടിവി ക്യാമറ ഇളക്കി കൈയിലെടുത്ത് മൂന്നംഗ സംഘം ഓടി രക്ഷപ്പെടുന്നത് സമീപത്തെ മറ്റൊരു ക്യാമറയിൽ പതിഞ്ഞു. ഇതോടെ അക്രമി സംഘത്തെ നാട്ടുകാർ തിരിച്ചറിഞ്ഞു. ഇന്നലെ പുലർച്ചെ 1.15 നാണ് സംഭവം. രണ്ടാം നിലയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വിക്രമന്റെ മക്കളാണ് സംഭവം ആദ്യം കാണുന്നത്.
താഴെ കാർ ഷെഡിലെ ഷീറ്റിനു മുകളിലൂടെ ആരോ നടക്കുന്ന ശബ്ദം കേട്ടാണ് ഇവർ ഉണർന്നത്. ഇവർ ബഹളം വച്ചതോടെ കാർ ഷെഡിന് മുകളിൽ റോഡിലേക്ക് സ്ഥാപിച്ചിരുന്ന ക്യാമറ ഇളക്കിയെടുത്ത് ഇവർ ഓടി രക്ഷപ്പെട്ടു. രണ്ട് പേരാണ് വീടിന് മുകളിൽ കയറിയത്. മറ്റൊരാൾ ഇത് വീക്ഷിച്ച് സമീപത്ത് നിൽക്കുകയായിരുന്നു. വീട്ടുകാർ മൂന്ന് പേരെയും വ്യക്തമായി കണ്ടതായി നരുവാമൂട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സിസിടിവി ദൃശ്യങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്.
മൂന്ന് പേരും ഒളിവിലാണ്. ഇതിന് സമീപം മദ്യ വിൽപനയും ഉപയോഗവും കാരണം സമീപവാസികൾക്ക് ബുദ്ധിമുട്ടായതോടെയാണ് ക്യാമറ സ്ഥാപിച്ചത്. പ്രദേശത്ത് എക്സൈസ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഇതും മോഷ്ടാക്കളെ പ്രകോപിപ്പിച്ചിട്ടുണ്ടാകുമെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ കുറേനാളായി ഇവിടം മദ്യ വിൽപനക്കാരുടെയും സാമൂഹിക വിരുദ്ധരുടെയും താവളമായിട്ടും നരുവാമൂട് പൊലീസ് ഇടപെടുന്നില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates