ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ മുൻ റാന്നി എംഎൽഎ പ്രമോദ് നാരായണനെതിരെ നൂറനാട് പൊലീസ് കേസെടുത്തു. ആലപ്പുഴ നൂറനാട് സ്വദേശിയുടെ പരാതിയിൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സ്വകാര്യ സ്ഥാപനത്തിൽ ഓഹരിയും ഉയർന്ന ലാഭവിഹിതവും നൽകാമെന്ന് വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ നിക്ഷേപിപ്പിച്ച് തട്ടിപ്പ് നടത്തിയെന്നാണ് പരാതി.
2014-15 കാലയളവിലാണ് സംഭവം നടക്കുന്നത്. നൂറനാട് സ്വദേശിയായ രവീന്ദ്രൻ എന്നയാളാണ് പരാതിക്കാരൻ. സ്വകാര്യ സ്ഥാപനത്തിൽ പ്രമോദ് നാരായണൻ പറഞ്ഞത് പ്രകാരം പരാതിക്കാരൻ പത്ത് തവണകളായി 25 ലക്ഷം രൂപ നിക്ഷേപിക്കുക ആയിരുന്നു.
എന്നാൽ, പണം തിരിച്ചു നൽകുന്നതിൽ വീഴ്ച വന്നതോടെ പരാതിക്കാരൻ പൊലീസിനെ സമീപിക്കുക ആയിരുന്നു. സംഭവത്തിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കൂടുതൽ അന്വേഷണത്തിന് ശേഷമേ കാര്യങ്ങൾ വ്യക്തമാകൂ എന്നും നൂറനാട് പൊലീസ് അറിയിച്ചു.
അതേസമയം, തനിക്കെതിരായ പരാതി അടിസ്ഥാനരഹിതമാണെന്ന് പ്രമോദ് നാരായൺ പ്രതികരിച്ചു. 2021ൽ തന്നെ സ്വകാര്യ സ്ഥാപനത്തിന്റെ ഡയറക്ടർ ബോർഡിൽ നിന്ന് രാജിവച്ചിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. കേസിൽ നാല് പ്രതികളാണ് ഉള്ളത്. മുൻ റാന്നി എംഎൽഎ പ്രമോദ് നാരായണൻ രണ്ടാം പ്രതിയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates