ഡോക്ടര്‍മാര്‍ നീക്കം ചെയ്ത ചില്ലു കഷ്ണങ്ങള്‍, എക്‌സ്‌റേ 
Kerala

അന്ന് നട്ടെല്ലിൽ തുളച്ചു കയറിയ ചില്ലു കഷ്ണങ്ങൾ; വേദന നിറഞ്ഞ 12 വർഷങ്ങൾ, ഒടുവിൽ പരിഹാരം

മൂന്ന് സെന്റീമീറ്ററോളം വലിപ്പമുള്ള ഗ്ലാസ് കഷ്ണങ്ങളാണ് നീക്കം ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

കൊച്ചി: കടുത്ത വേദന, ഉറക്കമില്ലാത്ത രാത്രികള്‍, അനങ്ങുമ്പോള്‍ പോലും അനുഭവപ്പെട്ടിരുന്ന അസഹനീയ വേദന എന്നിവയെല്ലാം കഴിഞ്ഞ 12 വര്‍ഷത്തെ മനുവിന്റെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരുന്നു. വേദനയുടെ കാരണം കണ്ടെത്താന്‍ 44കാരിയായ കരുനാഗപ്പള്ളി സ്വദേശിനി കയറിയിറങ്ങാത്ത ആശുപത്രികള്‍ വിരളമാണ്. വെള്ളിയാഴ്ച വിപിഎസ് ലേക്ഷോറില്‍ നടത്തിയ വിദഗ്ധ ശസ്ത്രക്രിയയില്‍, മനുവിന്റെ നട്ടെല്ലില്‍ നിന്ന് ഗ്ലാസ് കഷ്ണങ്ങള്‍ നീക്കം ചെയ്തതോടെയാണ് പതിറ്റാണ്ടിലധികം നീണ്ടുനിന്ന ദുരിതത്തിന് അറുതിയായത്.

മൂന്ന് സെന്റീമീറ്ററോളം വലിപ്പമുള്ള ഗ്ലാസ് കഷ്ണങ്ങളാണ് ലേക്ഷോര്‍ ഹോസ്പിറ്റലിലെ സ്‌പൈന്‍ ആന്‍ഡ് സ്‌കോളിയോസിസ് സര്‍ജറി വിഭാഗം ഡയറക്ടര്‍ ഡോ ആര്‍ കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തത്. നടുവിന്റെ ഭാഗത്ത് നട്ടെല്ലിനോട് ചേര്‍ന്നാണ് ത്രികോണാകൃതിയിലുള്ള ഒരു കഷ്ണം ഉള്‍പ്പെടെ മൂന്ന് ഗ്ലാസ് കഷ്ണങ്ങള്‍ കണ്ടെത്തിയത്. പതിറ്റാണ്ടിലധികം നീണ്ട വേദനയുടെ കാരണം തേടിയുള്ള മനുവിന്റെയും കുടുംബത്തിന്റെയും യാത്രക്കാണ് ഇതോടെ വിരാമമായത്. റേഡിയോളജി, അനസ്‌തേഷ്യോളജി വിഭാഗങ്ങളിലെ വിദഗ്ധരും ചികിത്സയില്‍ പങ്കാളികളായി.

12 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍തൃസഹോദരിയുടെ വിവാഹ ചടങ്ങിനിടെയുണ്ടായ വീഴ്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. അന്ന് എട്ട് മാസം ഗര്‍ഭിണിയായിരുന്ന മനു, ഗ്ലാസ് പതിച്ച ടീപ്പോയിലേക്ക് വീഴുകയായിരുന്നു. ഗ്ലാസ് തകര്‍ന്നതോടെ കഷണങ്ങള്‍ നടുവില്‍ തുളച്ചുകയറി. ഉടന്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും എല്ലാ ഗ്ലാസ് കഷണങ്ങളും അന്ന് കണ്ടെത്തി പുറത്തെടുത്തിരുന്നില്ല. ഇതോടെ ചില കഷണങ്ങള്‍ ശരീരത്തിനുള്ളില്‍ തന്നെ തുടരുകയായിരുന്നു.

പിന്നീട് ശക്തമായ വേദന അനുഭവപ്പെട്ട് തുടങ്ങിയെങ്കിലും അതിന്റെ കാരണം ഇതാണെന്ന് കണ്ടെത്താനായില്ല. കൃത്യമായ കാരണം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ മനുവിന് മാനസിക പ്രശ്‌നമാണെന്ന് കരുതിയവര്‍ പോലുമുണ്ടെന്ന് അവര്‍ പറയുന്നു. എന്നാല്‍ താന്‍ അനുഭവിക്കുന്നത് ശക്തമായ ശാരീരിക വേദനയാണെന്ന നിലപാടില്‍ മനു ഉറച്ചുനിന്നു.

കടുത്ത വേദന മനുവിന്റെ ജീവിതത്തെ കാര്യമായി ബാധിച്ചിരുന്നുവെന്ന് ഭര്‍ത്താവ് രാജീവ് പറഞ്ഞു. രാത്രിയില്‍ അവള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. കൈകള്‍ ഉയര്‍ത്തുമ്പോള്‍ പോലും കടുത്ത വേദനയായിരുന്നു. കുട്ടികളെ പരിപാലിക്കുന്നതിനും ജോലികളില്‍ ഏര്‍പ്പെടുന്നതിനും ബുദ്ധിമുട്ടായിരുന്നു. കരുനാഗപ്പള്ളിയില്‍ താലൂക്ക് സപ്ലൈ ഓഫിസറായി ജോലി ചെയ്തിരുന്ന മനുവിന് ആരോഗ്യനില മോശമായതോടെ ഔദ്യോഗിക ചുമതലകള്‍ പോലും ശരിയായി നിര്‍വഹിക്കാനാകാത്ത സ്ഥിതിയുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിരവധി ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും അടുത്തിടെ മറ്റൊരു ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് നിര്‍ണായക സൂചന ലഭിച്ചത്. ട്യൂമറിന് സമാനമായ ഒരു സാധ്യത സംശയിച്ച ഡോക്ടര്‍മാര്‍ എംആര്‍ഐ പരിശോധന നിര്‍ദേശിച്ചു. തുടര്‍ന്ന് ഈ പരിശോധനാഫലങ്ങളുമായി മനു ഡോ. കൃഷ്ണകുമാറിനെ സമീപിക്കുകയായിരുന്നു.

'അദ്ദേഹത്തിന്റെ കീഴില്‍ മുമ്പ് ഞാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുള്ളതിനാല്‍ ഭാര്യയുടെ റിപ്പോര്‍ട്ടുകളുമായി ഡോ. കൃഷ്ണകുമാറിനെ സമീപിക്കുകയായിരുന്നു. പരിശോധനാഫലങ്ങള്‍ വിലയിരുത്തിയ ശേഷം അദ്ദേഹം ത്രിഡി സിടി സ്‌കാന്‍ നിര്‍ദേശിച്ചു. അങ്ങനെയാണ് നട്ടെല്ലില്‍ കുടുങ്ങിക്കിടക്കുന്നത് ഗ്ലാസ് കഷണങ്ങളാണെന്ന് വ്യക്തമായി കണ്ടെത്തിയത്. തുടര്‍ന്ന് ശസ്ത്രക്രിയ നിര്‍ദേശിക്കപ്പെട്ടു. ഇത് അവള്‍ക്ക് ഒരു പുതിയ ജീവിതമാണ്' -രാജീവ് പറഞ്ഞു.

കഴുത്തുവേദന ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ മനു അനുഭവിച്ചിരുന്നുവെന്നും അതിനാല്‍ മുന്‍കാല ചികിത്സകളില്‍ ഏറെയും കഴുത്തിന്റെ ഭാഗത്താണ് ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടതെന്നും ഡോ. കൃഷ്ണകുമാര്‍ പറഞ്ഞു. 'പരിക്കുകള്‍ സംഭവിച്ച ശേഷം വേദന വര്‍ഷങ്ങളോളം തുടര്‍ന്നാല്‍ കൃത്യമായ പരിശോധനകള്‍ ആവശ്യമാണ്. ഇമേജിങ് പരിശോധനകളിലൂടെയാണ് മനുവിന്റെ ശരീരത്തില്‍ അവശേഷിച്ചിരുന്ന ഗ്ലാസ് കഷണങ്ങള്‍ കണ്ടെത്താനായത്. തുടര്‍ചികിത്സ നല്‍കിവരികയാണ്' -അദ്ദേഹം വ്യക്തമാക്കി.

ഏറെക്കാലമായി നീണ്ടുനില്‍ക്കുന്ന വേദന മനുവിനെ നിരാശയുടെ വക്കിലെത്തിച്ചിരുന്നുവെന്ന് ബന്ധുവായ മുരളീധരന്‍ പറഞ്ഞു. 12 വര്‍ഷമായി മനു അനുഭവിക്കുന്ന വേദന താന്‍ നേരിട്ട് കണ്ടതാണ്. കാരണം കണ്ടെത്തുമെന്ന പ്രതീക്ഷയില്‍ നിരവധി ഡോക്ടര്‍മാരെയും ആശുപത്രികളെയും സമീപിച്ചു. ഇത്രയേറെ ചികിത്സ നടത്തിയിട്ടും വേദനയുടെ കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇപ്പോഴെങ്കിലും കാരണം കണ്ടെത്തി കൃത്യമായ ചികിത്സ നല്‍കാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Glass pieces removed from woman's spine after 12 years

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഭീകരതയെ പിന്തുണയ്ക്കുന്നവർ കടുത്ത പ്രത്യാഘാതം നേരിടും, സിന്ധു നദീജല കരാര്‍ നിര്‍ത്തിവച്ചത് നിര്‍ണായക ചുവടുവെയ്പ്: രാഷ്ട്രപതി

ഭീകരതയ്ക്കെതിരെ രാഷ്ട്രപതിയുടെ മുന്നറിയിപ്പ്, സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കാന്‍ നിര്‍ദേശമില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

യുദ്ധവിമാന എന്‍ജിന്‍ നിര്‍മ്മിക്കാന്‍ റിലയന്‍സ്; റോള്‍സ് റോയ്‌സുമായി കൈകോര്‍ക്കും

ഓണക്കാലത്ത് നാട്ടിലെത്താന്‍ മലയാളികള്‍ക്ക് ആശ്വാസം; കര്‍ണാടക ആര്‍ടിസിയുടെ 150 സ്‌പെഷല്‍ സര്‍വീസുകള്‍

'പ്രതിപക്ഷ നേതാവ് എന്ന പദവിക്ക് നിരക്കാത്തത്'; രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്