Guruvayur temple  file
Kerala

'ഗുരുവായൂരില്‍ നിന്ന് ഒരു തരി സ്വര്‍ണം നഷ്ടപ്പെട്ടിട്ടില്ല, എല്ലാത്തിനും കൃത്യമായ കണക്കുണ്ട്'

സത്യവിരുദ്ധമായ പ്രചരണത്തിലൂടെ ഭക്തസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കത്തില്‍ ദേവസ്വം ഭരണസമിതി ശക്തമായ പ്രതിഷേധിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഒരു തരി സ്വര്‍ണമോ വിലപ്പെട്ട മറ്റ് വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ലെന്ന് ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍. ദേവസ്വത്തിന്റെ ശേഖരത്തിലുള്ള സ്വര്‍ണം, വെള്ളി, വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവയുടെയെല്ലാം കൃത്യമായ കണക്ക് സ്റ്റോക്ക് രജിസ്റ്ററില്‍ സൂക്ഷിച്ചിട്ടുണ്ട്. ദേവസ്വത്തിനെതിരായി ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ വി.കെ. വിജയന്‍ അറിയിച്ചു.

സത്യവിരുദ്ധമായ പ്രചരണത്തിലൂടെ ഭക്തസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കത്തില്‍ ദേവസ്വം ഭരണസമിതി ശക്തമായ പ്രതിഷേധിക്കുന്നതായും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തില്‍ നിന്നും ഒരു തരി സ്വര്‍ണ്ണം പോലും നഷ്ടപ്പെട്ടിട്ടില്ല. നിത്യ ഉപയോഗത്തിനുള്ളവ മേല്‍ശാന്തിയുടെ സ്റ്റോക്കിലും ബാക്കിയുള്ളവ ഡബിള്‍ ലോക്കറിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. ഭണ്ഡാരത്തില്‍ നിന്നും സ്വര്‍ണ്ണമടക്കമുള്ളവ ലോക്കറിലേക്ക് മാറ്റുന്നത് ഹൈക്കോടതി പ്രതിനിധികളടക്കമുള്ള ഉദ്യോഗസ്ഥരുടെയും ഭക്തജന പ്രതിനിധികളുടെയും സാന്നിധ്യത്തിലും നിരീക്ഷണത്തിലുമാണ്.

സ്വര്‍ണ്ണ ബാറുകള്‍ ക്ഷേത്രത്തിലില്ല, ക്ഷേത്രാവശ്യങ്ങള്‍ക്ക് ശേഷമുള്ള സ്വര്‍ണം കേന്ദ്ര ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള മിന്റില്‍ ഉരുക്കി ബാറുകളാക്കി മുംബൈയിലെ എസ്ബിഐയുടെ ബുള്ള്യന്‍ ബ്രാഞ്ചിലെ സ്വര്‍ണ്ണ നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിച്ച് പലിശ വരുമാനം നേടുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങളെ ശുദ്ധീകരണത്തിനായി ഏല്‍പ്പിക്കാറില്ലെന്നും ദേവസ്വം വ്യക്തമാക്കി.

ആനക്കൊമ്പ് സ്റ്റോക്കില്‍ ഇല്ലെന്ന വാര്‍ത്ത തീര്‍ത്തും അപഹാസ്യകരമാണ്. ആനക്കൊമ്പ് മുറിക്കുന്നത് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ മുന്‍കൂര്‍ അനുമതിയോടെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലുമാണ്. മുറിച്ച കഷ്ണങ്ങളും പൊടിയടക്കം വനംവകുപ്പ് ഏറ്റെടുക്കുകയും അവരുടെ കസ്റ്റഡിയില്‍ സൂക്ഷിക്കുകയും ചെയ്യുന്നു. ചെലവ് മാത്രമാണ് ദേവസ്വം വഹിക്കുന്നത്. എല്ലാ മാസവും ആദ്യ ആഴ്ചയില്‍ നടക്കുന്ന ഭണ്ഡാരം എണ്ണല്‍ ഹൈക്കോടതി നിയോഗിച്ച പ്രതിനിധികള്‍, തന്ത്രി, സാമൂതിരിയുടെ പ്രതിനിധി, എ.ജി. ഓഫീസ് പ്രതിനിധി, ദേവസ്വം അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തിലും നിരീക്ഷണത്തിലുമാണ്. പണത്തിന്റെയും സ്വര്‍ണ്ണം, വെള്ളി ഉള്‍പ്പെടെയുള്ളവയുടെ മുഴുവന്‍ വിവരങ്ങളും മാധ്യമങ്ങളെ അറിയിക്കാറുണ്ട്.

രസീത് നല്‍കുന്നത്: ഭക്തര്‍ ദേവസ്വം ഓഫീസില്‍ സമര്‍പ്പിക്കുന്ന എല്ലാ വഴിപാട് സാധനങ്ങള്‍ക്കും രസീത് നല്‍കുന്നുണ്ട്. എന്നാല്‍ ഭണ്ഡാരത്തില്‍ സമര്‍പ്പിക്കുന്നവയ്ക്ക് രസീത് നല്‍കാന്‍ കഴിയില്ല. ഇവ ഭണ്ഡാരം എണ്ണലില്‍ കൃത്യമായി രേഖപ്പെടുത്തുന്നു. കുങ്കുമപ്പൂവ്: ക്ഷേത്രത്തില്‍ കിലോക്കണക്കിന് കുങ്കുമപ്പൂ ലഭിക്കുന്നു എന്ന വാര്‍ത്ത ലേഖകന്റെ ഭാവന മാത്രമാണ്. ലഭിക്കുന്ന കുങ്കുമപ്പൂവ് പ്രത്യേക സ്റ്റോക്ക് രജിസ്റ്ററില്‍ ചേര്‍ക്കുകയും, കുറവുള്ളവ ടെന്‍ഡര്‍ വഴി കശ്മീരില്‍ നിന്നും ലഭ്യമാക്കുകയും ചെയ്യുന്നു.

ഉരുളി നഷ്ടപ്പെട്ടിട്ടില്ല: 2000 കിലോ തൂക്കമുള്ള ഉരുളി കാണാനില്ലെന്ന വാര്‍ത്ത സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്നതാണ്. പ്രസ്തുത ഉരുളി തിടപ്പിള്ളിയില്‍ ഏറെക്കാലമായി പായസ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നുണ്ട്. ക്രെയിന്‍ ഉപയോഗിച്ച് എത്തിച്ച ഉരുളി സമര്‍പ്പണം അന്ന് മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഓഡിറ്റ് റിപ്പോര്‍ട്ട്: 2019-20 ലെ ഓഡിറ്റ് റിപ്പോര്‍ട്ടിലെ വിഷയങ്ങളില്‍ ഹൈക്കോടതിയില്‍ സ്റ്റേറ്റ്മെന്റ് സമര്‍പ്പിച്ചിട്ടുണ്ട്. ഇത് കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ അഭിപ്രായം രേഖപ്പെടുത്താനാകില്ലെന്നും ദേവസ്വം അറിയിച്ചു.

Guruvayoor Devaswom clarifies no gold or valuables are missing from the temple.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

ചാലക്കുടിയിൽ നവംബർ 10 വരെ ഗതാഗത നിയന്ത്രണം

SCROLL FOR NEXT