ഹരിത സാവിത്രി, സിന്‍  facebook
Kerala

'പുല്‍ക്കൊടി ആകാന്‍ വിരോധമില്ല; പക്ഷേ, എന്റ ഇലകളുടെ പച്ചനിറവും പുതുനാമ്പുകളും എന്റേതാണ്' , പുസ്തക വിവാദത്തില്‍ ഹരിത സാവിത്രി

''എന്റെ വേരുകളും എന്റെ ആകാശവും എന്റേതാണ്. എന്റെ ഇലകളില്‍ തങ്ങി നില്‍ക്കുന്ന മഞ്ഞുതുള്ളികളും തലനീട്ടുന്ന ചെറുപൂക്കളും എന്റേതാണ്, എന്റേത് മാത്രമാണ്''

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

കൊച്ചി: തന്റെ സിന്‍ എന്ന നോവലുമായി സാമ്യമുള്ള പുസ്തകമുണ്ടെന്നും എന്നാല്‍ കോപ്പിയടിയാണെന്ന് പറയാനാവില്ലെന്നും എഴുത്തുകാരി ഹരിത സാവിത്രി. ഹരിതയുടെ സിന്‍, കെആര്‍ മീരയുടെ കലാച്ചി എന്നീ നോവലുകളിലെ പ്രമേയ സാമ്യം സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് പ്രതികരണം. ചര്‍ച്ചയായ നോവലിന് തന്റെ പുസ്തകവുമായി അടിസ്ഥാനപരമായ സാമ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അതൊഴിവാക്കാമായിരുന്നുവെന്നും ഹരിത സാവിത്രി പറയുന്നു.

'' വിദേശ രാജ്യത്ത് വച്ചു നടക്കുന്ന കഥ എന്ന് പറഞ്ഞ് സിനിനെ കിട്ടുന്ന വേദികളിലെല്ലാം ആക്ഷേപിച്ചു നടക്കുന്ന ഒരു നിരൂപകന്റെ പുകഴ്ത്തല്‍ മേല്‍പ്പറഞ്ഞ പുസ്തകത്തിന്റെ പിന്നില്‍ കണ്ടു. അയാളുടെ ഭാര്യ ഈ വിഷയം പുകഞ്ഞു തുടങ്ങിയപ്പോള്‍ ആ എഴുത്തുകാരിയെ ആകാശത്തിലെ നക്ഷത്രത്തോടും എന്നെ പുല്‍ക്കൊടിയോടും ഉപമിച്ചു കൊണ്ട് ഒരു പോസ്റ്റ് ഇട്ടതും ശ്രദ്ധയില്‍ പെട്ടു. എല്ലാ മനുഷ്യരും തുല്യരാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അങ്ങനെയുള്ള ഒരു അന്തരീക്ഷത്തിലാണ് ജീവിക്കുന്നത്.

മനുഷ്യരെ ജാതീയമായും സോഷ്യല്‍ ക്ലാസ് അനുസരിച്ചും ഇകഴ്ത്തിയും അധിക്ഷേപിച്ചും നടക്കുന്നവരില്‍ നിന്ന് കൂടുതല്‍ ഒന്നും പ്രതീക്ഷിക്കാനില്ല. പുല്‍ക്കൊടി ആകാന്‍ വിരോധമില്ല. പക്ഷെ, എന്റെ ഇലകളുടെ പച്ചനിറവും പുതുനാമ്പുകളും എന്റേതാണ്. എന്റെ വേരുകളും എന്റെ ആകാശവും എന്റേതാണ്. എന്റെ ഇലകളില്‍ തങ്ങി നില്‍ക്കുന്ന മഞ്ഞുതുള്ളികളും തലനീട്ടുന്ന ചെറുപൂക്കളും എന്റേതാണ്, എന്റേത് മാത്രമാണ്''', ഹരിത സാവിത്രി പറയുന്നു.

പ്രമുഖ എഴുത്തുകാരികളായ കെ ആര്‍ മീരയുടെ കലാച്ചി എന്ന നോവലും ഹരിത സാവിത്രിയുടെ സിന്‍ എന്ന നോവലിന്റേയും സാമ്യത്തെച്ചൊല്ലി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചൂടേറിയ ചര്‍ച്ചകള്‍ നടക്കുകയാണ്. രണ്ട് നോവലുകളുടേയും അടിസ്ഥാന പ്രമേയം കാമുകനെ തേടി വിദേശത്തെ പ്രശ്‌നബാധിത മേഖലയില്‍ പോകുന്ന യുവതിയുടെ പോരാട്ടമാണ്. 2022ലാണ് സിന്‍ പുറത്തിറങ്ങുന്നത്. 2025 ല്‍ കലാച്ചിയും. ലോകമെങ്ങുമുള്ള സാഹിത്യ മോഷ്ടാക്കള്‍ ചെയ്യുന്നത് കഥാപാത്രങ്ങളുടെ പേരുകളും കാലവും ലിംഗവും മാറ്റുകയാണെന്ന് പറഞ്ഞു കൊണ്ട് ഹരിത സാവിത്രി കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. രണ്ട് പുസ്തകങ്ങളിലേയും സാമ്യം ഒരു കരടായി അവശേഷിച്ചുവെന്നും തോന്നല്‍ തന്റേത് മാത്രമാണെന്നാണ് കരുതിയതെന്നും ഹരിത രണ്ടാമത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എന്നാല്‍ നിരവധി ആളുകള്‍ തന്നോട് ഇക്കാര്യം സൂചിപ്പിച്ച് സംസാരിച്ചെന്നും ഹരിത സാവിത്രി പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ്

പ്രിയപ്പെട്ടവരെ,

നടന്നു വരുന്ന വിവാദത്തെ കുറിച്ച് പറയാനുള്ളത് പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കുറച്ച് നാളുകള്‍ക്കു മുന്‍പാണ് സിനിനോട് സാമ്യം ഉണ്ടെന്ന് തോന്നിയ ഒരു പുസ്തകം വായിച്ചത്.

വളരെ പ്രതീക്ഷയോടെ കയ്യിലെടുത്ത പുസ്തകം ആദ്യത്തെ കുറച്ചു അധ്യായങ്ങള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് ബുദ്ധിമുട്ടുണ്ടാക്കി.

വിദേശത്തെ ഒരു പ്രശ്‌നബാധിത പ്രദേശത്തേക്ക് കാമുകനെ അന്വേഷിച്ചു പോകുന്ന കാമുകി. തന്റെ സുഹൃത്തുക്കളുടെ വിലക്ക് അവഗണിച്ച്, അവരുടെ കണ്ണ് വെട്ടിച്ച് അവള്‍ ദൂരെയുള്ള കാമുകന്റെ ഗ്രാമത്തിലേക്ക് യാത്രയാകുന്നു. കാറിലുള്ള ദുരിതമയമായ, നീണ്ട യാത്ര. അവസാനം കാമുകന്റെ ഗ്രാമത്തില്‍ എത്തിച്ചേരുന്നു. അപരിചിതമായ ചുറ്റുപാടുകളിലെ താമസം.

അവസാനം കാമുകനുമായുള്ള ബന്ധത്തില്‍ വ്യക്തമായ ക്ലോഷര്‍ ഇല്ലാതെയുള്ള മടക്കം.

ഈ ത്രെഡിന് സിന്‍ എന്ന എന്റെ നോവലിന്റെതുമായി വളരെയധികം സാമ്യം അനുഭവപ്പെട്ടു.

ഇതിനിടയില്‍ രണ്ടു നോവലുകളിലും വ്യത്യസ്തമായ പല കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. കഥകള്‍, ഉപകഥകള്‍...

പല അടരുകളുള്ള പുസ്തകങ്ങളാണ് രണ്ടും.

പക്ഷെ മേല്‍പ്പറഞ്ഞ കാര്യങ്ങളിലെ സാമ്യം മനസ്സില്‍ ഒരു കരടായി അവശേഷിച്ചു.

എന്റെ മാത്രം തോന്നല്‍ ആണിത് എന്ന് കരുതി അവഗണിക്കാന്‍ ശ്രമിച്ചു. പക്ഷെ ധാരാളം വായനക്കാര്‍ ഈ സാമ്യത്തെ കുറിച്ച് എന്നോട് സംസാരിക്കുകയുണ്ടായി.

ഇതിനെ കുറിച്ച് എല്ലാവരോടും അവസാനമായി പറയാനുള്ളത് ഇതാണ്.

എന്റെ പുസ്തകം ആരും കോപ്പി പേസ്റ്റ് ചെയ്തിട്ടില്ല.

പക്ഷെ ഈ പറഞ്ഞ അടിസ്ഥാനപരമായ സാമ്യങ്ങള്‍ നില നില്‍ക്കുന്നു.

ഒഴിവാക്കാമായിരുന്നു. അത്രേയുള്ളൂ.

മറ്റു ചില കാര്യങ്ങള്‍ കൂടി ഈ അവസരത്തില്‍ പറയേണ്ടതുണ്ട്. വിദേശ രാജ്യത്ത് വച്ചു നടക്കുന്ന കഥ എന്ന് പറഞ്ഞ് സിനിനെ കിട്ടുന്ന വേദികളിലെല്ലാം ആക്ഷേപിച്ചു നടക്കുന്ന ഒരു നിരൂപകന്റെ പുകഴ്ത്തല്‍ മേല്‍പ്പറഞ്ഞ പുസ്തകത്തിന്റെ പിന്നില്‍ കണ്ടു.

അയാളുടെ ഭാര്യ ഈ വിഷയം പുകഞ്ഞു തുടങ്ങിയപ്പോള്‍ ആ എഴുത്തുകാരിയെ ആകാശത്തിലെ നക്ഷത്രത്തോടും എന്നെ പുല്‍ക്കൊടിയോടും ഉപമിച്ചു കൊണ്ട് ഒരു പോസ്റ്റ് ഇട്ടതും ശ്രദ്ധയില്‍ പെട്ടു.

എല്ലാ മനുഷ്യരും തുല്യരാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അങ്ങനെയുള്ള ഒരു അന്തരീക്ഷത്തിലാണ് ജീവിക്കുന്നത്.

മനുഷ്യരെ ജാതീയമായും സോഷ്യല്‍ ക്ലാസ് അനുസരിച്ചും ഇകഴ്ത്തിയും അധിക്ഷേപിച്ചും നടക്കുന്നവരില്‍ നിന്ന് കൂടുതല്‍ ഒന്നും പ്രതീക്ഷിക്കാനില്ല.

പുല്‍ക്കൊടി ആകാന്‍ വിരോധമില്ല.

പക്ഷെ, എന്റെ ഇലകളുടെ പച്ചനിറവും പുതുനാമ്പുകളും എന്റേതാണ്.

എന്റെ വേരുകളും എന്റെ ആകാശവും എന്റേതാണ്.

എന്റെ ഇലകളില്‍ തങ്ങി നില്‍ക്കുന്ന മഞ്ഞുതുള്ളികളും തലനീട്ടുന്ന ചെറുപൂക്കളും എന്റേതാണ്, എന്റേത് മാത്രമാണ്.

Haritha Savithri reacts in book controversy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിദ്യാര്‍ഥികളെ വീണ്ടും വലച്ച് സിബിഎസ്ഇ; 12-ാം ക്ലാസ് പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിനുള്ള സൈറ്റില്‍ തകരാര്‍, തുറക്കാന്‍ കഴിയുന്നില്ല

നേപ്പാള്‍ ഇന്ത്യന്‍ ഭൂമി കയ്യേറിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ബലേന്‍ ഷാ; അതിര്‍ത്തി തര്‍ക്കം സങ്കീര്‍ണ്ണമാക്കി പുതിയ വെളിപ്പെടുത്തല്‍

ഭരണത്തില്‍ സൈന്യത്തിന്റെ അപ്രമാദിത്വം; ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ രാജിവെച്ചു ?

ലീഗ് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് ആവാന്‍ 5000 അപേക്ഷകള്‍, കടുത്ത നിയന്ത്രണവുമായി പാര്‍ട്ടി; മന്ത്രിമാരിൽ അസംതൃപ്തി

തോല്‍വിയുടെ നിരാശയില്‍ യാത്ര ചെയ്യുമ്പോള്‍ ബസില്‍ നിന്ന് പുക; ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

SCROLL FOR NEXT