ട്രെയിനില്‍ യുവതിയെ ആക്രമിച്ച കേസില്‍ പിടിയിലായ പ്രതി ബാബുക്കുട്ടന്‍ 
Kerala

മുടിയിൽ പിടിച്ചു ശുചിമുറിയിലേക്ക് വലിച്ചിഴച്ചു, കരഞ്ഞപ്പോൾ വായിൽ ഷോൾ തിരുകി; ക്രൂരത വിവരിച്ച് ബാബുക്കുട്ടൻ

മുടിയിൽ പിടിച്ചു ശുചിമുറിയുടെ ഭാഗത്തേക്കു വലിച്ചുകൊണ്ടു പോകാൻ ശ്രമിച്ചപ്പോൾ യുവതി കുതറിമാറി രക്ഷപ്പെടാനായി വാതിലിലെ പടിയിൽ ഇറങ്ങി കമ്പിയിൽ തൂങ്ങി നിന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; ട്രെയിനിൽ യുവതിയെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ അറസ്റ്റിലായ പ്രതി ബാബുക്കുട്ടനുമായി അന്വേഷണ സംഘം തെളിവെടുപ്പു തുടങ്ങി. സംഭവം നടന്ന ട്രെയിനിലെ ഡി9 കോച്ചിലും സ്വർണം പണയം വയ്ക്കാൻ ശ്രമിച്ച കരുനാഗപ്പള്ളിയിലെ സ്ഥാപനത്തിലും ഇന്നലെ തെളിവെടുത്തു. കുറ്റകൃത്യം നടത്തിയ രീതി പ്രതി അന്വേഷണ സംഘത്തിനു മുന്നിൽ വിവരിച്ചു.

ഡി10 കോച്ചിൽ യാത്ര ചെയ്തിരുന്ന പ്രതി മുളന്തുരുത്തി സ്റ്റേഷനിൽ ഇറങ്ങി മറ്റു കോച്ചുകൾ നിരീക്ഷിച്ച ശേഷം യുവതി ഒറ്റയ്ക്കാണെന്നറിഞ്ഞു ഡി9 കോച്ചിലേക്കു മാറിക്കയറുകയായിരുന്നു. 6 വാതിലുകളുള്ള കോച്ചിന്റെ മുൻവശത്തെ വാതിലിലൂടെ കയറിയ ബാബുക്കുട്ടൻ എല്ലാ വാതിലുകളും അടച്ചു. ഇതിനിടയിൽ യുവതി മധ്യഭാഗത്തുള്ള വാതിൽ തുറന്നു. അവസാന വാതിലും അടച്ചശേഷം തിരിച്ചു യുവതിയുടെ അടുത്തേക്കു വന്നു മൊബൈൽ ഫോൺ തട്ടിയെടുത്ത് പുറത്തേക്കെറിഞ്ഞു. 

മുടിയിൽ പിടിച്ചു മാലപൊട്ടിച്ചെടുത്തു സ്ക്രൂഡ്രൈവർ കാട്ടി ഭീഷണിപ്പെടുത്തി വളയും ബാഗും കൈവശപ്പെടുത്തി. തുടർന്നു വീണ്ടും മുടിയിൽ പിടിച്ചു ശുചിമുറിയുടെ ഭാഗത്തേക്കു വലിച്ചുകൊണ്ടു പോകാൻ ശ്രമിച്ചപ്പോൾ യുവതി കുതറിമാറി രക്ഷപ്പെടാനായി വാതിലിലെ പടിയിൽ ഇറങ്ങി കമ്പിയിൽ തൂങ്ങി നിന്നു. ഈ സമയം യുവതി ഉറക്കെ കരഞ്ഞപ്പോൾ വായിൽ ഷാൾ തിരുകിയെന്നാണു പ്രതി അന്വേഷണ സംഘത്തോടു പറഞ്ഞത്.തുടർന്നുള്ള ചെറുത്തു നിൽപ്പിനിടെയാണു യുവതി ട്രെയിനിൽ നിന്നു വീണത്. പിന്നീടു പ്രതി യുവതിയുടെ ബാഗിലുണ്ടായിരുന്ന പാത്രത്തിലെ ഭക്ഷണം കഴിച്ചു. ബാഗിൽ നിന്നു കണ്ണടയും പണവും എടുത്തു. ഈ കണ്ണട വച്ചായിരുന്നു തുടർന്നുള്ള യാത്ര.

ഗുരുവായൂർ-പുനലൂർ എക്സ്പ്രസിൽ വച്ചായിരുന്നു ആശ ക്രൂരമായ ആക്രമണത്തിന് ഇരയായത്. കുറ്റകൃത്യത്തിനു ശേഷം ട്രെയിനിൽ യാത്ര തുടർന്ന ബാബുക്കുട്ടൻ ചെങ്ങന്നൂരിലെത്തിയപ്പോൾ പൊലീസ് പരിശോധിക്കുന്നതു കണ്ടു തൊട്ടടുത്ത സ്റ്റേഷനായ മാവേലിക്കരയിൽ ഇറങ്ങി കടന്നുകളഞ്ഞതായി വെളിപ്പെടുത്തി. ഇവിടെ നിന്നു ബസിൽ കരുനാഗപ്പള്ളിയിലെത്തി സ്വർണം പണയം വയ്ക്കാൻ ശ്രമിച്ചു. എന്നാൽ തിരിച്ചറിയൽ രേഖ ഇല്ലാത്തതിനാൽ കഴിഞ്ഞില്ല. സ്വർണം പണയം വയ്ക്കാൻ ബാബുക്കുട്ടനെ മറ്റാരോ സഹായിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. പ്രതിയെ ഇന്നു മുളന്തുരുത്തി റെയിൽവേ സ്റ്റേഷനിലെത്തിച്ചു തെളിവെടുക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ദിര'യെ വെട്ടി; ക്ഷേമ പെന്‍ഷന്‍ പദ്ധതികള്‍ 'പ്രധാനമന്ത്രി'യുടെ പേരില്‍

പ്രേം നസീര്‍ ജന്മശതാബ്ദി ആഘോഷിക്കാന്‍ സര്‍ക്കാര്‍; നാലുമാസം നീണ്ടുനില്‍ക്കുന്ന ആഘോഷം; തിരുവനന്തപുരത്ത് സ്മാരകം

ദേശീയ പതാകയുമായി എത്തണം; വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഡല്‍ഹിയില്‍ പ്രതിഷേധം പ്രഖ്യാപിച്ച് സിജെപി

നഴ്സിങിന് അഡ്മിഷൻ കിട്ടിയില്ലേ?, സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഒക്ടോബർ 17ന്

രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി