തിരുവനന്തപുരം: ഔദ്യോഗിക വസതിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ അതിക്രമത്തിന് പിന്നില്‍ വിഡി സതീശന്റെ നിര്‍ദ്ദേശമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സ്വകാര്യ കുത്തകകളെ സഹായിക്കുന്ന നിലപാടാണ് ആണിത്. സര്‍ക്കാര്‍ ആശുപത്രികള്‍ തകര്‍ച്ചയിലെന്ന് വരുത്താന്‍ ശ്രമിക്കുന്നെന്നും കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് പരാജയ ഭീതിയാണെന്നും വീണാജോര്‍ജ് ആരോപിച്ചു. ഒരുതരത്തിലുള്ള ചികിത്സാ പിഴവും അംഗീകരിക്കില്ല. ആരു തെറ്റ് ചെയ്താലും നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് എന്തിനാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമാക്കണം. ആലപ്പുഴയിലെ സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി ചെയ്യേണ്ടതായിട്ടുള്ള കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. മണിക്കൂറുകള്‍ക്കണം നടപടിയെടുത്തു. കൃത്യമായ അന്വേഷണം നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ ചില മാധ്യമങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരണം നടത്തി. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പരാജയഭീതിയാണ് ഇതിനെല്ലാം പിന്നിലെന്നും കോണ്‍ഗ്രസിനും യൂത്ത് കോണ്‍ഗ്രസിനും ജനം റീത്ത് വയ്ക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ആരോഗ്യമന്ത്രിയുടെ വീട്ടിലേക്കുള്ള പ്രതിഷേധത്തെ വിമര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തുവന്നു. യൂത്ത് കോണ്‍ഗ്രസ് വിരട്ടാന്‍ നോക്കേണ്ടെന്നും ആരോഗ്യരംഗത്ത് പ്രശ്‌നമുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാമെന്നും ശിവന്‍കുട്ടി പറഞ്ഞു. സ്ത്രീത്വത്തിനെതിരെയുള്ള അധിക്ഷേപമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേതെന്ന് മുന്‍ ആരോഗ്യമന്ത്രി പികെ ശ്രീമതിയും വിമര്‍ശിച്ചു.
ചികില്‍സാപ്പിഴവില്‍ ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ മന്ത്രിയുടെ ഔദ്യോഗിക വസതിയുടെ വാതിലിന് മുന്നില്‍ റീത്ത് വച്ചു. പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ ഗേറ്റ് തള്ളിത്തുറന്ന് വസതിക്ക് അകത്തേക്ക് പ്രവേശിക്കുകയായിരുന്നു. ഈ സമയം മന്ത്രി വീട്ടിലിരുണ്ടായിരുന്നില്ല. സുരക്ഷയ്ക്ക് രണ്ട് പൊലീസുകാരാണ് ഈ സമയം ഉണ്ടായിരുന്നത്. കമ്മിഷണര്‍ ഓഫിസിന്റെ മൂക്കിന്‍തുമ്പില്‍ നടന്ന പ്രതിഷേധം അറിയാന്‍ പൊലീസ് വൈകിയത് വന്‍ സുരക്ഷാ വീഴ്ചയായി. പതിനഞ്ച് മിനിറ്റിനുശേഷമാണ് കൂടുതല്‍ പൊലീസെത്തിയത്. ഇതോടെ പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളുമായി.
അതേസമയം റീത്ത് വച്ചത് തന്റെ അറിവോടെയാണെന്ന മന്ത്രിമാരുടെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. റീത്ത് വയ്ക്കല്‍ കോണ്‍ഗ്രസിന്റെ പരിപാടിയല്ല. മന്ത്രിമാരുടെ വീട്ടില്‍ കൊണ്ടുപോയി റീത്ത് വയ്ക്കാന്‍ പറയുന്നതല്ല തന്റെ ജോലിയെന്നും മന്ത്രിമാരുടെ വീടിനകത്ത് കയറുന്ന സമരത്തോട് യോജിപ്പില്ലെന്നും വിഡി സതീശന്‍ കൊച്ചിയില്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates