കൊച്ചി: കൊച്ചി മെട്രോ തൂണുകൾക്ക് സമീപം റോഡ് ഇടിഞ്ഞുതാഴുന്നതു മൂലമുണ്ടാകുന്ന അപകടക്കെണികൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ 10 കോടി രൂപ അനുവദിച്ചു. കൊച്ചി കോർപ്പറേഷന് കീഴിലുള്ള വൈറ്റില മെട്രോ സ്റ്റേഷൻ മുതൽ മനോരമ ജംഗ്ഷൻ വരെയുള്ള 3.10 കിലോമീറ്റർ വരുന്ന സഹോദരൻ അയ്യപ്പൻ റോഡിലെ അപകടാവസ്ഥ പരിഹരിക്കുന്നതിനാണ് തുക അനുവദിച്ചത്. ബുധനാഴ്ച സമർപ്പിച്ച സത്യവാങ്മൂലത്തിലൂടെയാണ് സർക്കാർ ഇക്കാര്യം ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിച്ചത്. മെട്രോ തൂണുകളുടെ അടിത്തറയായ പൈൽ ക്യാപ്പുകൾക്ക് സമീപം റോഡ് നിരന്തരമായി താഴ്ന്നുപോകുന്നതും ഇതുമൂലം ഇരുചക്രവാഹന യാത്രക്കാരടക്കം അപകടത്തിൽപ്പെട്ട് ജീവൻ നഷ്ടപ്പെടുന്നതും ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം. എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
കൊച്ചി മെട്രോ റെയിൽ ഇടനാഴികളിലെ റോഡിൻറെ അപകടകരമായ അവസ്ഥക്ക് ഉടനടി പരിഹാരം കാണണമെന്ന് കോടതി നേരത്തെ തന്നെ അന്ത്യശാസനം നൽകിയിരുന്നു. മെട്രോ തൂണുകൾക്ക് സമീപത്തെ റോഡ് പുനരുദ്ധാരണം സാങ്കേതികമായി ഏറെ സങ്കീർണ്ണവും ഭാരിച്ചതുമായ ജോലിയാണ്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കൊച്ചി കോർപ്പറേഷന് സ്വന്തം ഫണ്ട് ഉപയോഗിച്ച് ഇത് പൂർത്തിയാക്കാനാകില്ലെന്ന് പ്രദേശം പരിശോധിച്ച വിദഗ്ധ സമിതി ജൂലൈ 9-ന് കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായം സമിതി നിർദ്ദേശിച്ചത്.
ഇതേത്തുടർന്ന് ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ച വ്യക്തമായ നിലപാട് അറിയിക്കാൻ ആഗസ്റ്റ് 7-ന് ഹൈക്കോടതി ധനവകുപ്പിനോട് ആവശ്യപ്പെട്ടു. ജിഎസ്ടി ഉൾപ്പെടെ 10 കോടി രൂപയാണ് മെട്രോ തൂണുകൾക്ക് ചുറ്റുമുള്ള ഭാഗങ്ങളടക്കം പുനരുദ്ധരിക്കാൻ വിദഗ്ധ സമിതി കണക്കാക്കിയത്. നിർമ്മാണ ജോലികൾ ആരംഭിക്കുന്നതിനുള്ള ഭരണപരമായ നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് തുക അനുവദിക്കാൻ ധനവകുപ്പ് സമ്മതിച്ചതായി സർക്കാർ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു.
ഫണ്ട് അനുവദിച്ച പശ്ചാത്തലത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കുന്നതിനായി സ്വീകരിച്ച നടപടികൾ വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ ഡിവിഷൻ ബെഞ്ച് കൊച്ചി കോർപ്പറേഷന് നിർദ്ദേശം നൽകി. മെട്രോ തൂണുകൾക്ക് സമീപമുള്ള റോഡ് ഉപരിതലം ശാസ്ത്രീയമായി ബലപ്പെടുത്തി പുനർനിർമ്മിക്കുന്നതോടെ യാത്രക്കാരുടെ ജീവന് ഭീഷണിയായ മെട്രോ പാതയിലെ കുഴികൾക്കും തകർച്ചകൾക്കും ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates