ശബരിമല ( Sabarimala ) ഫയൽ
Kerala

ശബരിമലയില്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ വിശദാന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി; സ്വത്തുക്കളില്‍ സമഗ്ര റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

അന്വേഷണത്തിന് രഹസ്യസ്വഭാവം വേണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമല  ശ്രീകോവിലിലെ സ്വര്‍ണപ്പാളിയുടെ ഭാരം കുറഞ്ഞത് അടക്കമുള്ള വിവാദത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്ന് കോടതി ഉത്തരവിട്ടു. ശബരിമലയിലെ സ്വര്‍ണപ്പാളിയില്‍ സ്വര്‍ണം പൂശിയതില്‍ അടക്കം സംശയങ്ങളുണ്ട്. അതിനാല്‍ ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം വിശദമായ അന്വേഷണം വേണം. അന്വേഷണത്തിന് രഹസ്യസ്വഭാവം വേണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ജില്ലാ ജഡ്ജി റാങ്കില്‍ കുറയാത്ത ആളാകണം അന്വേഷണം നടത്തേണ്ടത്. അതിന് ദേവസ്വം ബോര്‍ഡിന് പേര് ശുപാര്‍ശ ചെയ്യാം. എന്നാല്‍ കോടതിയാകും അന്വേഷണ കമ്മീഷനെ നിശ്ചയിക്കുക. സ്വതന്ത്രവും സത്യസന്ധവുമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണം. ദേവസ്വം ബോര്‍ഡ് അടക്കം ആരുമായും അന്വേഷണത്തിലെ വിവരങ്ങള്‍ കൈമാറരുത്. രഹസ്യസ്വഭാവത്തിലുള്ള റിപ്പോര്‍ട്ട് കോടതിക്ക് നേരിട്ട് സമര്‍പ്പിക്കാനും ജസ്റ്റിസുമാരായ രാജ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ശബരിമല ശ്രീകോവിലിലെ ദ്വാരകപാലക ശില്‍പം പൊതിഞ്ഞ ചെമ്പടങ്ങുന്ന സ്വര്‍ണ്ണപാളികളുടെ ഭാരം 4 കിലോയോളം കുറഞ്ഞത് അടക്കമുള്ള വിഷയങ്ങളില്‍ ദേവസ്വം കമ്മീഷണര്‍ കോടതിയില്‍ ഹാജരായി വിവരങ്ങള്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ശബരിമലയുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും അവ്യക്തത നിലനില്‍ക്കുന്നുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടത്. സ്വര്‍ണപ്പാളി അടക്കമുള്ള കാര്യങ്ങളില്‍ ഒരുപാട് ദുരൂഹതകളുണ്ട്. 2019 ല്‍ സ്വര്‍ണപ്പാളി സ്വര്‍ണം പൂശുന്നതിനായി കൊണ്ടുപോകുമ്പോള്‍ 42 കിലോ ഉണ്ടായിരുന്നത് തിരികെ കൊണ്ടു വന്നപ്പോള്‍ 38 കിലോയായി മാറിയെന്ന് കോടതി നിരീക്ഷിച്ചു.

2009 ല്‍ ആദ്യഘട്ടത്തില്‍ സ്വര്‍ണം പൂശിയപ്പോള്‍ 30 കിലോ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട കണക്കുകളിലടക്കം അവ്യക്തത നിലനില്‍ക്കുന്നുണ്ട്. സന്നിധാനത്തെ രജിസ്ട്രികള്‍ ഒന്നും പൂര്‍ണമല്ല. ശബരിമല സന്നിധാനത്തെ ആഭരണങ്ങള്‍, ഭക്തരില്‍ നിന്നും വഴിപാടായി ലഭിച്ച സ്വര്‍ണാഭരണങ്ങള്‍ അടക്കമുള്ളവ, സ്വത്തുവകകള്‍ തുടങ്ങിയവ സംബന്ധിച്ച് കൃത്യമായ രേഖകളില്ലെന്ന് ചീഫ് വിജിലന്‍സ് ഓഫീസര്‍ നേരിട്ട് ഹാജരായി കോടതിയെ അറിയിച്ചിരുന്നു. തിരുവാഭരണങ്ങള്‍, തിരുവാഭരണ രജിസ്റ്റർ ഉൾപ്പെടെ പരിശോധിക്കണം, സ്‌ട്രോങ് റൂമിലെ വസ്തുക്കളുടെ കണക്കെടുക്കണം. സ്വത്തു വകകള്‍ സംബന്ധിച്ച് റിപ്പോർട്ടിൽ കൃത്യമായ കണക്കുണ്ടാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ രജിസ്റ്ററുകളില്‍ വ്യക്തതയില്ലെന്ന് കോടതി വിമര്‍ശിച്ചു. സ്വര്‍ണാഭരണങ്ങളുമായി ബന്ധപ്പെട്ട കൃത്യമായ രേഖകളും രജിസ്റ്ററുകളും ഇല്ലെന്ന് ദേവസ്വം ചീഫ് വിജിലന്‍സ് ഓഫീസര്‍ കോടതിയെ അറിയിച്ചിരുന്നു. ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ രേഖപ്പെടുത്തിയ രജിസ്റ്റര്‍ കാണാനില്ല. സ്‌ട്രോങ് റൂം രജിസ്റ്ററിലെ സ്വര്‍ണനാണയങ്ങളുടെയും ആഭരണങ്ങളുടെയും കണക്കിലും വ്യക്തതയില്ലെന്ന് ദേവസ്വം വിജിലന്‍സ് ഓഫീസര്‍ അറിയിച്ചു. അപ്പോഴാണ് ദേവസ്വം ബോര്‍ഡിന് ഗുരുതര വീഴ്ചയാണ് ഉണ്ടായിട്ടുള്ളതെന്ന് കോടതി അഭിപ്രായപ്പെട്ടത്. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ദ്വാരപാലക ശില്പത്തിന്റെ ലോഹപ്പാളി തിരികെ എത്തിയതായി ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. ഇത് തിരികെ സ്ഥാപിക്കാന്‍ ഹൈക്കോടതി ദേവസ്വം ബോര്‍ഡിന് അനുമതി നല്‍കി.

The High Court has ordered a detailed investigation into the controversy surrounding the reduced weight of the gold pall at the Sabarimala shrine.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാത്സംഗം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കടന്നു പിടിച്ചു; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവ്

രൂപയുടെ മൂല്യം ഇടിഞ്ഞു, യുഎഇയിലെ ഇന്ത്യൻ പ്രവാസികളുടെ പണമയക്കലിൽ 20 ശതമാനം വരെ വർദ്ധനവ്

വഴിയോരത്ത് കെട്ടുകണക്കിന് പിഎസ്‌സി ചോദ്യ പേപ്പറുകള്‍-വിഡിയോ

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്, ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT