HIV infection ഫയൽ
Kerala

15 നും 24 നും ഇടയില്‍ പ്രായമുള്ളവരില്‍ എച്ച്‌ഐവി അണുബാധ വര്‍ധിക്കുന്നു; ചെറുപ്പക്കാര്‍ ചതിക്കുഴിയില്‍ വീഴരുതെന്ന് മന്ത്രി വീണാ ജോര്‍ജ്

എച്ച്‌ഐവിക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എച്ച്‌ഐവിക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സൂക്ഷിച്ചില്ലെങ്കില്‍ അത്യന്തം അപകടകരമാണ്. ചെറുപ്പക്കാര്‍ ചതിക്കുഴിയില്‍പ്പെട്ട് രോഗികളാകുന്ന സാഹചര്യം ഉണ്ടാകരുതെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

കണക്കുകള്‍ പ്രകാരം പുതിയതായി എച്ച്‌ഐവി അണുബാധിതര്‍ ആകുന്നവരില്‍ 15 നും 24 നും ഇടയില്‍ പ്രായമുള്ളവര്‍ 2022 മുതല്‍ 2024 വരെ യഥാക്രമം 9%, 2%, 14.2% എന്ന തോതിലാണ്. 2025 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ തന്നെ 15.4% ആണ് ഈ പ്രായത്തിലുള്ള പുതിയ അണുബാധിതര്‍. ഇത് മനസിലാക്കിക്കൊണ്ട് യുവജനങ്ങളുടെ ഇടയിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തണമെന്നും മന്ത്രി വ്യക്തമാക്കി. ദേശീയ യുവജന ദിനം സംസ്ഥാനതല ഉദ്ഘാടനം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

എച്ച്‌ഐവി-എയ്ഡ്‌സ്, ക്ഷയ രോഗ മുക്ത കേരളം ലക്ഷ്യമിട്ട് അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തി വരുന്നത്. എത്രകാലം ജീവിച്ചാലും അത്രയും നാള്‍ ഗുണനിലവാരമുള്ള ജീവിതം ഉറപ്പ് വരുത്താനാകണം. മാരകമായ പല രോഗങ്ങളില്‍ നിന്നും നമുക്ക് തന്നെ പ്രതിരോധം തീര്‍ക്കാനാകും. രോഗമുക്തമായ ജീവിതത്തിന് വേണ്ടി പ്രവര്‍ത്തിക്കാം. എല്ലാവരും ഇതിന്റെ അംബാസഡര്‍മാരാകണം. ജീവിതശൈലീരോഗങ്ങളില്‍ നിന്നും മുക്തമാകുന്നതിന് കേരളം വെല്‍നസ് മിഷനിലേക്ക് പോകുകയാണ്. വ്യായാമം ചെയ്യുക, നല്ല ആഹാരം കഴിക്കുക, നന്നായി ഉറങ്ങുക, നല്ല ആരോഗ്യ ശീലങ്ങള്‍ വളര്‍ത്തുക എന്നിവയാണ് ലക്ഷ്യമിടുന്നത്. എല്ലാവരും അതില്‍ പങ്കാളികളാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

എച്ച്‌ഐവി അണുബാധ സാന്ദ്രത താരതമ്യേന കുറഞ്ഞ ഒരു സംസ്ഥാനമാണ് കേരളം. പ്രായപൂര്‍ത്തിയായവരിലെ എച്ച്‌ഐവി സാന്ദ്രത ഇന്ത്യയില്‍ 0.20 ആണെങ്കില്‍ കേരളത്തില്‍ അത് 0.07 ആണ്. കേരളം എച്ച്‌ഐവി സാന്ദ്രത കുറഞ്ഞ സംസ്ഥാനമാണെങ്കിലും തൊഴിലിനും വിദ്യാഭ്യാസത്തിനുമായി മലയാളികള്‍ ഇതര സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും കൂടിയേറുന്നതും, ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ വര്‍ധിച്ച തോതില്‍ കേരളത്തിലേക്ക് കുടിയേറുന്നതും നമ്മുടെ എച്ച്‌ഐവി വ്യാപന സാധ്യത വര്‍ധിപ്പിക്കുന്നു. 2022-23 സാമ്പത്തിക വര്‍ഷം കാലയളവില്‍ പുതിയതായി എച്ച്‌ഐവി അണുബാധ കണ്ടെത്തിയത് 1183 വ്യക്തികള്‍ക്കാണ്. 2023-24 ഇത് 1263 വ്യക്തികള്‍ക്കും, 2024-25 ല്‍ 1213 വ്യക്തികള്‍ക്കും, 2025 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ 819 വ്യക്തികള്‍ക്കുമാണ്. കഴിഞ്ഞ 3 വര്‍ഷത്തില്‍ ആകെ 4477 വ്യക്തികളാണ് പുതിയതായി അണുബാധിതരായത്. അവരില്‍ 3393 പുരുഷന്മാരും 1065 സ്ത്രീകളും 19 ട്രാന്‍സ്‌ജെൻഡർ വ്യക്തികളുമാണ്. 90 പേര്‍ ഗര്‍ഭിണികള്‍ ആണ്.

എച്ച്‌ഐവി ആകെ നാല് മാര്‍ഗങ്ങളിലൂടെ ആണ് പകരുന്നത്. എച്ച്‌ഐവി അണുബാധയുള്ള ഒരു വ്യക്തിയുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക, അണുവിമുക്തമാകാത്ത സിറിഞ്ചും സൂചിയും പങ്ക് വച്ച് മയക്കുമരുന്ന് ഉപയോഗിക്കുക, അണുബാധയുള്ള രക്തം സ്വീകരിക്കുക, എച്ച്‌ഐവി അണുബാധയുള്ള ഗര്‍ഭിണിയില്‍ നിന്നും കുഞ്ഞിലേക്ക് എന്നിവയാണ് ആ മാര്‍ഗങ്ങള്‍. ഇത് വളരെ അപകടകരമാണ്.

എച്ച്‌ഐവി പിടിപെടാനുള്ള സാഹചര്യങ്ങളില്‍ കൂടി കടന്നു പോയിട്ടുള്ള കൂടുതല്‍ ആളുകളെ എത്രയും നേരെത്തെ പരിശോധനയ്ക്ക് വിധേയരാക്കി അവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കുന്നതിനുമാണ് മുന്‍ഗണന നല്‍കുന്നത്. എച്ച്‌ഐവി നേരത്തെ കണ്ടെത്തി ശരിയായ രീതിയില്‍ ചികിത്സ എടുക്കുകയാണെങ്കില്‍ ആ വ്യക്തിയില്‍ നിന്നും മറ്റൊരു വ്യക്തിയിലേക്ക് അണുബാധ പകരാത്ത വിധം അണുവിനെ നിരവീര്യമാക്കാന്‍ സാധിക്കും. എച്ച്‌ഐവി പ്രതിരോധം, നിയന്ത്രണം അണുബാധിതരുടെ ചികിത്സ, പരിചരണം തുടങ്ങിയ മേഖലകളില്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി വിവിധ പദ്ധതികളാണ് നടത്തി വരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

HIV infection is increasing among people between the ages of 15 and 24; Minister Veena George warns young people

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ പേര് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?'; വടകരയിലെ ഫ്‌ലാറ്റ് വിവാദത്തില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍

കേരള കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു

'നിയമവിരുദ്ധമായി സര്‍ക്കാര്‍ ഫണ്ട് ചെലവഴിക്കുന്നു'; നവകേരള സര്‍വേക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിൽ ജോലി നേടാം; അവസാന തീയതി ജനുവരി 31

15 വര്‍ഷം കൊണ്ട് ഒരു കോടി രൂപ സമ്പാദിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

SCROLL FOR NEXT