ആശുപത്രികളില്‍ കൃത്യമായ നിരക്ക് വിവരങ്ങളും പരാതി പരിഹാര സംവിധാനവും നിര്‍ബന്ധമെന്ന് ആരോഗ്യവകുപ്പ് എഐ ഇമേജ്‌
Kerala

ആശുപത്രികളില്‍ കൃത്യമായ നിരക്ക് വിവരങ്ങളും പരാതി പരിഹാര സംവിധാനവും നിര്‍ബന്ധമെന്ന് ആരോഗ്യവകുപ്പ്

കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റണമെങ്കില്‍ അതിനുള്ള യാത്രാസൗകര്യമൊരുക്കണം. ചികിത്സാ വിവരങ്ങളും കൈമാറണം. ഡിസ്ചാര്‍ജ് ചെയ്താലുടന്‍ എല്ലാ ചികിത്സാ രേഖകളും പരിശോധനാ റിപ്പോര്‍ട്ടുകളും രോഗിക്ക് നല്‍കണം.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:കേരളത്തിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും രോഗികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സേവനങ്ങളില്‍ സുതാര്യത ഉറപ്പാക്കുന്നതിനുമായി ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ വ്യവസ്ഥകള്‍ പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. ഒരു അത്യാഹിതം സംഭവിച്ച് വരുന്ന രോഗിയെ പ്രാഥമിക ചികിത്സ നല്‍കി അടിയന്തര സാഹചര്യം തരണം ചെയ്യാന്‍ സഹായിക്കേണ്ടത് സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണ്. മുന്‍കൂര്‍ തുകയടച്ചില്ല, രേഖകളില്ല തുടങ്ങിയ കാരണങ്ങളാല്‍ ചികിത്സ നിഷേധിക്കരുത്. കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റണമെങ്കില്‍ അതിനുള്ള യാത്രാസൗകര്യമൊരുക്കണം. ചികിത്സാ വിവരങ്ങളും കൈമാറണം. ഡിസ്ചാര്‍ജ് ചെയ്താലുടന്‍ എല്ലാ ചികിത്സാ രേഖകളും പരിശോധനാ റിപ്പോര്‍ട്ടുകളും രോഗിക്ക് നല്‍കണം.

സംസ്ഥാനത്ത് രജിസ്‌ട്രേഷന്‍ ഇല്ലാതെ ഒരു ക്ലിനിക്കല്‍ സ്ഥാപനത്തിനും പ്രവര്‍ത്തിക്കാന്‍ അനുവാദമില്ല. രജിസ്‌ട്രേഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിയമപ്രകാരമുള്ള ശിക്ഷ ലഭിക്കും. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പൊതുജനങ്ങള്‍ കാണുന്ന രീതിയില്‍ സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കണം. ആശുപത്രികള്‍, ലബോറട്ടറികള്‍, ദന്തചികിത്സാകേന്ദ്രങ്ങള്‍, ആയുഷ് ആരോഗ്യകേന്ദ്രങ്ങള്‍ തുടങ്ങി കിടക്കകളോട് കൂടിയതോ അല്ലാത്തതോ ആയ രോഗനിര്‍ണ്ണയം അല്ലെങ്കില്‍ പരിചരണം നല്‍കുന്ന സ്ഥാപനങ്ങളെല്ലാം നിയമപ്രകാരം ക്ലിനിക്കല്‍ സ്ഥാപനങ്ങളാണ്.

നല്‍കുന്ന സേവനങ്ങള്‍ക്കും, ചികിത്സയ്ക്കും ബാധകമായ ഫീസ് നിരക്കുകളും പാക്കേജുകളും, പരാതി പരിഹാര ഓഫീസറുടെ ഇ-മെയില്‍ വിലാസം, പേര്, ഫോണ്‍നമ്പര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റി എന്നിവരെ ബന്ധപ്പെടുവാനുള്ള സംവിധാനം, ഫോണ്‍നമ്പറുകള്‍ തുടങ്ങി രോഗികളുടെ അവകാശങ്ങളും ലഭ്യമായ സൗകര്യങ്ങളുടെ വിവരങ്ങളും മലയാളത്തിലും ഇംഗ്ലീഷിലും അഡ്മിഷന്‍ ഡസ്‌കില്‍/റിസപ്ഷന്‍ സ്ഥലത്ത് പ്രദര്‍ശിപ്പിക്കുകയും സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കേണ്ടതുമാണെന്ന് ആരോഗ്യവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ രാജന്‍ ഖോബ്രഗഡെ അറിയിച്ചു.

ചികിത്സ, പരിശോധന, മറ്റു സേവനങ്ങള്‍ (ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്/ഓപ്പറേഷന്‍ തിയേറ്റര്‍, സ്‌കാനിംഗ്, ലബോറട്ടറി സൗകര്യം, ആംബുലന്‍സ് സൗകര്യം, എമര്‍ജന്‍സി കെയര്‍) തുടങ്ങിയവ ഇനം തിരിച്ച് ലഭ്യമാക്കും എന്നും രഹസ്യാത്മകത, വിവേചന രാഹിത്യം, 72 മണിക്കൂറിനുള്ളില്‍ മെഡിക്കല്‍ രേഖകള്‍ ലഭ്യമാക്കും എന്നും ഉറപ്പു നല്‍കേണ്ടതുമാണ്.

അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗികള്‍ക്ക് സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍ നിന്നും സ്ഥാപനത്തില്‍ ലഭ്യമായ സേവനത്തെ സംബന്ധിച്ചും അടിസ്ഥാന നിരക്കുകളും പാക്കേജ് നിരക്കുകളും അവയില്‍ ഉള്‍പ്പെട്ട് വരുന്ന സേവനങ്ങള്‍ എന്തല്ലാമെന്നും മുന്‍കൂര്‍ ഡെപ്പോസിറ്റും തുക തിരികെ നല്‍കുന്നത് സംബന്ധിച്ച സ്ഥാപനത്തിന്റെ നയം, ഇന്‍ഷ്വറന്‍സ്, ക്യാഷ് ലെസ് ചികിത്സകള്‍, ക്ലയിം തീര്‍പ്പാക്കലിന്റെ നടപടിക്രമങ്ങള്‍, എസ്റ്റിമേറ്റ്, ബില്ലിംഗ് നയം, ഡിസ്ചാര്‍ജ്ജ് നടപടിക്രമങ്ങള്‍, ആംബുലന്‍സിന്റേയും മറ്റു യാത്രാസൌകര്യങ്ങളുടേയും നിരക്കുകള്‍ 24ഃ7 എമര്‍ജന്‍സി കെയര്‍ പ്രോട്ടോക്കോള്‍, പരാതി പരിഹാര സംവിധാനം എന്നീ വിവരങ്ങളെല്ലാം ഒരു ലഘുലേഖ രൂപത്തില്‍ ഡൌണ്‍ലോഡ് ചെയ്യുന്നതിന് വെബ്സൈറ്റില്‍ സൗകര്യം ഏര്‍പ്പെടുത്തുകയോ രോഗിക്ക് നല്‍കുകയോ പ്രിന്റ് ചെയ് ലഘുലേഖ ആവശ്യപ്പെട്ടാല്‍ നല്‍കുകയോ ചെയ്യണം.

എല്ലാ ക്ലിനിക്കല്‍ സ്ഥാപനങ്ങളിലും ഒരു പരാതി പരിഹാര ഡസ്‌ക്/ഹെല്‍പ്പ് ലൈന്‍ ഉണ്ടാകേണ്ടതും എല്ലാ പരാതികള്‍ക്കും തനതായ ഒരു റഫറന്‍സ് നമ്പര്‍ നല്‍കി രജിസ്റ്റര്‍ ചെയ്യേണ്ടതും പരാതി കക്ഷിക്ക് എസ്.എം.എസ്, വാട്ട്സാപ്പ് അല്ലെങ്കില്‍ പേപ്പര്‍ മുഖേന ഒരു കൈപറ്റ് രസീത് നല്‍കേണ്ടതുമാണ്. ലഭിച്ച പരാതി 7 പ്രവൃത്തി ദിനത്തിനുള്ളില്‍ പരിഹരിക്കേണ്ടതും അപ്രകാരം പരിഹരിക്കപ്പെടാത്തതും ഗൗരവതരവുമായ പരാതികള്‍ ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റിക്ക്/ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറേണ്ടതുമാണ്. എല്ലാ ക്ലിനിക്കല്‍ സ്ഥാപനങ്ങളിലും ഒരു പരാതി രജിസ്റ്റര്‍ ബുക്ക് രൂപത്തിലോ ഇലക്ട്രോണിക് രൂപത്തിലോ സൂക്ഷിക്കേണ്ടതും പരിശോധനയ്ക്ക് വിധേയപ്പെടുത്തേണ്ടതുമാണ്. ലഭിച്ച പരാതികളുടേയും അതിന്‍മേല്‍ എടുത്ത നടപടികളുടെയും സംക്ഷിപ്തം കോമ്പീറ്റന്റ് അതോറിറ്റിക്ക് സമര്‍പ്പിക്കുന്ന പ്രതിമാസ റിപ്പോര്‍ട്ടിന്റെ ഭാഗമാക്കേണ്ടതാണ്.

പ്രദര്‍ശിപ്പിച്ചിട്ടുള്ളതും ലഘുലേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതും വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ളതുമായ നിരക്കുകളിലും പരാതി പരിഹാരത്തിനോ മറ്റേതെങ്കിലും കാര്യത്തിനോ നല്‍കിയിട്ടുള്ള വിവരങ്ങളിലും മാറ്റം വന്നാല്‍ അവ അപ്പപ്പോള്‍ തന്നെ അതതിടങ്ങളില്‍ മാറ്റം വരുത്തിയെന്ന് ഉറപ്പുവരുത്തണം. ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ എല്ലാ ഉപഭോക്താക്കള്‍ക്കും കണ്‍സള്‍ട്ടേഷന്‍, പരിശോധന, ചികിത്സ, മറ്റു സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ നിരക്കുകളും ഉള്‍പ്പെടുത്തിയ ഇനംതിരിച്ച ബില്‍ നല്‍കേണ്ടതാണ്. പ്രദര്‍ശിപ്പിച്ചിരിക്കുന്ന/പ്രസിദ്ധീകരിച്ചിരിക്കുന്ന നിരക്കുകളില്‍ കവിഞ്ഞ നിരക്ക് ഈടാക്കാന്‍ പാടില്ല.

സേവനങ്ങളില്‍ വരുന്ന അപര്യാപ്തത സംബന്ധിച്ച പരാതികള്‍ രോഗികള്‍ക്ക് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനുകളില്‍ നല്‍കാവുന്നതാണ്. കബളിപ്പിക്കലും ചതിയും ഉള്‍പ്പെടെയുള്ള കേസുകള്‍ സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കാം. ഗുരുതരമായ കുറ്റങ്ങളുടെ കാര്യത്തില്‍ ചീഫ് സെക്രട്ടറിക്കോ സംസ്ഥാന പൊലീസ് മേധാവിക്കോ പരാതികള്‍ നല്‍കണം. പരാതി പരിഹാര സഹായങ്ങള്‍ക്കായി ജില്ല/സംസ്ഥാന ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ ഉപദേശവും സഹായവും തേടാവുന്നതാണ്.

ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ ഇതിലേതെങ്കിലും വ്യവസ്ഥകള്‍ ലംഘിക്കുന്ന പക്ഷം 2018 ലെ കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (രജിസ്ട്രേഷനും, നിയന്ത്രണവും) നിയമ പ്രകാരം ശിക്ഷാര്‍ഹവും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ സസ്പെന്‍ഡ് ചെയ്യുന്നതിനോ റദ്ദ് ചെയ്യപ്പെടുന്നതിനോ കാരണമാകാവുന്നതും ഇവ സിവില്‍ ക്രിമിനല്‍ നിയമ നടപടിക്രമങ്ങള്‍ പ്രകാരം രോഗികള്‍ക്ക് ലഭ്യമായ മറ്റു പരിഹാര മാര്‍ഗ്ഗങ്ങള്‍ക്കുപരിയായിരിക്കുന്നതുമാണ്.

Hospitals must display accurate rates and establish mandatory grievance redressal systems

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

20 വര്‍ഷത്തെ തടസ്സങ്ങള്‍ തീര്‍ത്തു; സീപോര്‍ട്ട് - എയര്‍പോര്‍ട്ട് റോഡ് യാഥാര്‍ഥ്യത്തിലേക്ക്

ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുരാരി ബാബുവിന്റെ വീട്ടില്‍ 13 മണിക്കൂര്‍ പരിശോധന, രേഖകള്‍ പിടിച്ചെടുത്ത് ഇഡി

'ഇന്‍സ്റ്റഗ്രാം റീച്ച് ആഗ്രഹിക്കുന്ന സ്ത്രികള്‍ക്ക് പ്രവേശനമില്ല'; ബസില്‍ സ്റ്റിക്കര്‍

'എക്സിക്യൂട്ടീവ് തട്ടിപ്പ്', ജാഗ്രത പാലിക്കുക;പുതിയ തട്ടിപ്പ് രീതിക്കെതിരെ മുന്നറിയിപ്പ് നൽകി യുഎഇ ബാങ്ക്

ഒപി, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ ബഹിഷ്‌കരിക്കും; സർക്കാർ മെഡിക്കൽ കോളജിലെ ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്

SCROLL FOR NEXT