തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ ഉണ്ടായിരുന്നെങ്കില്‍ തളിപ്പറമ്പിലോ പയ്യന്നൂരിലോ പാര്‍ട്ടിക്കെതിരെ തങ്ങള്‍ മത്സരിക്കുന്ന സാഹചര്യം ഉണ്ടാകുമായിരുന്നില്ലെന്ന് എംഎല്‍എ ടികെ ഗോവിന്ദന്‍. അത്തരം എല്ലാ അതൃപ്തികളും പരിഹരിക്കാന്‍ കേടിയേരിക്ക് കഴിയുമായിരുന്നു. ഇന്ന് നമ്മള്‍ കാണുന്ന അഹങ്കാരത്തിന്റെ ഭാഷയായിരുന്നില്ല അദ്ദേഹത്തിന്റത്. തീര്‍ത്തും മാനുഷികമായിരുന്നെന്നും ഗോവിന്ദന്‍ പറഞ്ഞു. ദ ന്യൂ ഇന്ത്യന്‍ എ്കസ്പ്രസിന്റെ ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടിയേരിയുടെ കുടുംബത്തിന് പാര്‍ട്ടിയോട് ഏതെങ്കിലും തരത്തിലുള്ള അതൃപ്തി ഉളളതായി തോന്നിയിട്ടില്ല. കോടിയേരിയുടെ ഭൗതികശരീരം മദ്രാസില്‍ നിന്ന് കൊണ്ടുവന്നപ്പോള്‍ തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിന് വെക്കണമെന്ന് കുടുംബം ആഗ്രഹിച്ചിരുന്നു, എന്നാല്‍ പാര്‍ട്ടി അത് വേണ്ടെന്ന് വെച്ചു. സാധാരണയായി ഇത്തരമൊരു തീരുമാനമെടുക്കുമ്പോള്‍ പാര്‍ട്ടി സെക്രട്ടേറിയറ്റ് അത് ചര്‍ച്ച ചെയ്യേണ്ടതായിരുന്നു. അത് ഉണ്ടായില്ല. അക്കാര്യത്തില്‍ കുടുംബത്തിന് പ്രയാസമുണ്ടായിരുന്നു എന്നാല്‍ അതിനര്‍ത്ഥം അവര്‍ പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചു എന്നല്ല.
കോടിയേരിയുടെ ഭാര്യ പറഞ്ഞതുപോലെ തന്നെ ആരും പാര്‍ട്ടി വഞ്ചകനായി കരുതുന്നില്ല. പാര്‍ട്ടിയില്‍ ഭൂരിഭാഗം പേരും വിശ്വിസിക്കുന്നത് അങ്ങനെയാണ്. പാര്‍ട്ടി തീരുമാനമില്ലാതെ ഒരു സ്ഥാനാര്‍ത്ഥിയെ അടിച്ചേല്‍പ്പിച്ച എംവി ഗോവിന്ദനാണ് വര്‍ഗ്ഗവഞ്ചന കാണിച്ചത്. താന്‍ അത് എതിര്‍ത്തു. അക്കാരണം കൊണ്ട് വര്‍ഗവഞ്ചകനാകുമോ?. അവര്‍ എന്നെ പാര്‍ലമെന്ററി മോഹിയായി കുറ്റപ്പെടുത്തുതന്നത്. മൂന്ന് തവണ എംഎല്‍.എയായ ഒരാള്‍ സ്വന്തം ഭാര്യ എം.എ.ല്‍.എ ആകണമെന്ന് ആഗ്രഹിക്കുന്നതല്ലേ പാര്‍ലമെന്ററി മോഹമെന്നും ഗോവിന്ദന്‍ ചോദിച്ചു.
പാര്‍ട്ടിക്കെതിരെ മത്സരിക്കുന്ന കാര്യത്തില്‍ മാനസികമായി വലിയ പ്രയാസം ഉണ്ടായിരുന്നു. എന്നാല്‍ അതില്‍ മനസാക്ഷിക്കുത്തില്ല. ചെയ്തത് പൂര്‍ണമായും ശരിയാണെന്ന് കരുതുന്നു. 60 വര്‍ഷമായി തന്റെ സൗഹൃദങ്ങളും ബന്ധങ്ങളും എല്ലാം പാര്‍ട്ടിക്ക് ഉള്ളിലാണ്. എന്നും ഒരു കമ്മ്യൂണിസ്റ്റായി തന്നെ തുടരും. ഒരു കമ്മ്യൂണിസ്റ്റാകാന്‍ സിപിഎമ്മില്‍ തന്നെ ഉണ്ടാകണമെന്നില്ല. ഞാന്‍ കമ്മ്യൂണിസ്റ്റ് ജീവിതരീതി തുടരുകയും കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യും. ഞാന്‍ ഒരു കമ്മ്യൂണിസ്റ്റായി തന്നെ മരിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates