മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്ത് മുസ്ലീംലീഗിന് പുത്തന്‍ കരുത്തേകുന്നു. മലപ്പുറം പാര്‍ട്ടിയെന്ന പേര്‌ദോഷം മാറ്റാന്‍ ലീഗിനെ തുണയ്ക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലങ്ങളെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി കേരളത്തിലെ 14 ജില്ലകളിലും മുസ്ലീം ലീഗിന് ഇത്തവണ പ്രതിനിധികളുണ്ട്. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 3,203 സീറ്റുകളാണ് മുസ്ലീം ലീഗ് സ്വന്തമാക്കിയിട്ടുള്ളത്. ഇതില്‍ 2,843 പേര്‍ പാര്‍ട്ടി ചിഹ്നമായ കോണിയില്‍ ആണ് ജനവിധി തേടിയത്. ഗ്രാമ പഞ്ചായത്തുകളില്‍ 2248 അംഗങ്ങളും 300 ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും 36 കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരും 568 നഗരസഭാംഗങ്ങളുമാണ് ഇത്തവണ മുസ്ലീംലീഗിനുള്ളത്. സീറ്റുകളുടെ എണ്ണത്തില്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് മുസ്ലീം ലീഗുള്ളത്.
2010 ലെ തദ്ദേശ തെരഞ്ഞെുപ്പില്‍ 1,904 സീറ്റുകളാണ് മുസ്ലീം ലീഗ് നേടിയത്. വടക്കന്‍ കേരളത്തിലായിരുന്നു സീറ്റുകളില്‍ ഭൂരിഭാഗവും. 2020ല്‍ ലീഗ് നില മെച്ചപ്പെടുത്തി. 2,111 സീറ്റുകളാണ് ലീഗ് സ്വന്തമാക്കിയത്. 2025 ല്‍ എത്തുമ്പോള്‍ ലീഗ് വലിയ മുന്നേറ്റം നടത്തിയെന്നാണ് 3,023 സീറ്റുകള്‍ എന്ന കണക്ക് വ്യക്തമാക്കുന്നത്. പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തിന്റെ മികവാണ് മുന്നേറ്റത്തിന് പിന്നിലെന്നാണ് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ നിലപാട്. ''മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ആയിരത്തോളം സീറ്റുകളാണ് ഇത്തവണ നേടിയത്. തെക്കന്‍ ജില്ലകളിലും പാര്‍ട്ടി കരുത്ത് തെളിയിച്ചു. മത്സരിച്ച സീറ്റുകളില്‍ 80 ശതമാനത്തോളം വരുന്നവയിലും ഇവിടെ ജയിക്കാനായി.'' പിഎംഎ സലാം ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. മലബാറില്‍ പാര്‍ട്ടിയുടെ ആധിപത്യത്തിന് വെല്ലുവിളികളില്ല. മലപ്പുറം ജില്ലാ പഞ്ചായത്തില്‍ പ്രതിപക്ഷം ഇല്ലാത്ത നിലയില്‍ വിജയം നേടാന്‍ കഴിഞ്ഞു. മറ്റ് മലബാര്‍ ജില്ലകളില്‍ ലഭിച്ച സീറ്റുകളില്‍ ഭുരിഭാഗത്തിലും വിജയം നേടാനായെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം, തിരുവനന്തപുരം ജില്ല പഞ്ചായത്തുകളില്‍ മൂന്ന് സീറ്റുകളില്‍ ലീഗ് സ്ഥാനാര്‍ഥികള്‍ വിജയം നേടി. ഇതുവരെ പ്രാതിനിധ്യം ഇല്ലാതിരുന്ന പത്തനംതിട്ടയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി ഏഴ് അംഗങ്ങള്‍ ഇത്തവണ ലീഗിനുണ്ട്. തിരുവനന്തപുരം, കൊല്ലം കോര്‍പറേഷനുകളില്‍ രണ്ട് സീറ്റുകളില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥികള്‍ വിജയിച്ചിട്ടുണ്ട്. കൊച്ചി കോര്‍പറേഷനില്‍ രണ്ടും, കോഴിക്കോട് കോര്‍പറേഷനില്‍ 14 സീറ്റും ഇത്തവണ നേടി. കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ ഇരട്ടി സീറ്റുകളിലാണ് കോഴിക്കോട് പാര്‍ട്ടിയുടെ വിജയം.
മികച്ച വിജയത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രധാന സ്ഥാനങ്ങള്‍ക്കായുള്ള ചരടുവലികളും ലീഗിന്റെ ഭാഗത്ത് നിന്നും ആരംഭിച്ചിട്ടുണ്ട്. കൊല്ലം, കൊച്ചി കോര്‍പറേഷനുകളില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനമാണ് ലീഗ് ആവശ്യപ്പെട്ടിരിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ നേരത്തെ ഉണ്ടായിരുന്ന സ്ഥാനങ്ങള്‍ നിലനിര്‍ത്തണം എന്നും ലീഗ് നേതൃത്വം യുഡിഎഫില്‍ നിലപാട് എടുത്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates