കലോത്സവ വേദികളില്‍ നൃത്ത ഇനങ്ങള്‍ എന്നും ആകര്‍ഷണീയമാണ്. ഒപ്പനയും സംഘനൃത്തവും കാണാന്‍ കാണികള്‍ തിങ്ങി നിറയും. സര്‍വാഭരണ വിഭൂഷിതയായി പളപളാ മിന്നുന്ന വ്യത്യസ്ത നിറങ്ങളിലുള്ള വസ്ത്രം ധരിച്ച് സുന്ദരികളായ നാണം കുണുങ്ങി മണവാട്ടിമാര്‍ കാണികളുടെ മനം കവരാറുണ്ട്. വസ്ത്രധാരണത്തിനും ആഭരണങ്ങള്‍ക്കും മേക്കപ്പിനും ഒക്കെ പ്രത്യേകം മാര്‍ക്കുണ്ട് താനും. അതുകൊണ്ടു തന്നെ മണവാട്ടിമാരെ ഭംഗിയാക്കാന്‍ പണം ധാരാളം ചെലവഴിക്കാറും ഉണ്ട്. എന്നാല്‍ ഒപ്പനയില്‍ വെളുത്ത മണവാട്ടിമാര്‍ മാത്രമാണോ എന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. കേരളത്തിലെ മുസ്ലീം വീടുകളില്‍ എവിടേയും കറുത്ത മണവാട്ടിമാര്‍ ഇല്ലേ എന്ന ചോദ്യം ഉന്നയിച്ചിരിക്കുകയാണ് ജംഷിദ് പള്ളിപ്രം.
മലബാര്‍ യൂറോപ്പിലൊന്നുമല്ല കേരളത്തിലാണെന്നും മത്സര വേദികളിലെ ഒപ്പനകള്‍ അന്യഗ്രഹത്തിലെവിടെയോ സംഭവിക്കുന്നതാണെന്നും ജംഷിദ് ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ കുറിച്ചു. പോസ്റ്റിന് താഴെ നിരവധി ആളുകളാണ് അനുകൂലിച്ചുകൊണ്ട് അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്. വളരെ അപൂര്‍വം ആളുകള്‍ എന്തെങ്കിലും പോസ്റ്റ് ചെയ്യണ്ടേ, അതുകൊണ്ടാണ് ഇത്തരം പോസ്റ്റുകള്‍ എന്ന രീതിയിലും മറുപടി പറയുന്നുണ്ട്. അതേസമയം, വിഷയത്തെ വളരെ ഗൗരവപൂര്‍വം ചര്‍ച്ചയാക്കുകയാണ് സോഷ്യല്‍ മീഡിയ. മേക്കപ്പ് സംസ്‌കാരത്തെക്കുറിച്ചും മുസ്ലിം വീടുകളിലെ മണവാട്ടിമാരെക്കുറിച്ചുമൊക്കെ ചര്‍ച്ചകള്‍ സജീവമാണ്.
ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ഒപ്പന കേരളത്തിലെ ജനകീയ കലാരൂപം എന്നാണ് പറയപ്പെടുന്നത് പ്രത്യേകിച്ച് മുസ്ലീം സമൂഹവുമായി ബന്ധപ്പെട്ടത്.
മണവാളനെ കാത്തിരിക്കുന്ന മണവാട്ടിയെ അണിയിച്ചൊരുക്കി ചുറ്റും കൂടി നില്‍ക്കുന്ന സുഹൃത്തുക്കള്‍ കൈകൊട്ടി പാടി അവതരിപ്പിക്കുന്ന ഒപ്പന മലബാറിലെ മുസ്ലീം വീടുകളിലാണ് പ്രധാനമായും ഉണ്ടായതെന്ന് പറയപ്പെടുന്നു. എന്നാല്‍, നമ്മുടെ കലോത്സവ വേദികളില്‍ അവതരിപ്പിക്കുന്ന ഒപ്പനകള്‍ അന്യഗ്രഹത്തിലെവിടെയോ സംഭവിക്കുന്നതാവണം.
ട്രേഡീഷനുമായി ബന്ധപ്പെട്ട കലാരൂപമാണെങ്കില്‍ കേരളത്തിലെ മുസ്ലീം വീടുകളില്‍ എവിടെയും കറുത്ത മണവാട്ടിമാരില്ലേ..?
മലബാര്‍ യൂറോപ്പിലൊന്നുമല്ല. കേരളത്തിലാണ്. പിന്നെ എന്തുകൊണ്ടാണ് നമ്മുടെ കലോത്സവ വേദികളിലെ ഒപ്പന മത്സരങ്ങളില്‍ വെളുത്ത മണവാട്ടിമാര്‍ മാത്രം ഇടം പിടിക്കുന്നത്.
തട്ടവും ആഭരണങ്ങളും തിളങ്ങുന്ന വസ്ത്രങ്ങളും കോസ്റ്റ്യൂമുകളായിരിക്കാം. കലാരൂപത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടിയായിരിക്കാം. ആ കോസ്റ്റ്യൂമുകളാണ് പോയിന്റുകള്‍ക്ക് പരിഗണിക്കുന്നതെന്ന് സമ്മതിച്ചാലും കറുത്ത മണവാട്ടിമാര്‍ക്ക് പോയിന്റ് നല്‍കില്ലെന്ന് ഒപ്പന മത്സരത്തിന്റെ റൂളിലിവിടെയെങ്കിലുമുണ്ടോ..? അല്ല, ഇനി മണവാട്ടിയുടെ നിറം നോക്കിയാണ് പോയിന്റ് നിര്‍ണ്ണയിക്കുന്നതെങ്കില്‍ എത്രമാത്രം മോശം ജഡ്ജുമെന്റാണത്.
ലോകത്താകെ നിലനില്‍ക്കുന്ന വംശീയതയെ മറ്റു രാജ്യങ്ങളിലെ കലാകാരന്മാര്‍ കലയിലൂടെ ചെറുത്ത് തോല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇവിടെ നാം അറിഞ്ഞോ അറിയാതെയോ കലാജീവിതത്തിലേക്ക് കാലെടുത്ത് വെക്കുന്ന നമ്മുടെ കുട്ടികളുടെ ഇടയിലേക്ക് വരെ നിറത്തിന്റെ പേരില്‍ വേര്‍തിരിവുണ്ടാക്കുകയാണ്.
കറുത്ത നിറമുള്ള ഒരു പെണ്‍കുട്ടിക്ക് മണവാട്ടിയായി ഇരിക്കാന്‍ സാധിക്കാത്ത വേദിയില്‍ ആര് മത്സരിച്ചാലും അവരൊക്കെ എന്നോ തോറ്റ് കഴിഞ്ഞു.
ഗ്രേഡ് നേടലോ പോയന്റ് നേടലോ അല്ല കല. കലയിലൂടെ സാമൂഹിക മാറ്റങ്ങളുണ്ടാക്കാന്‍ കഴിയണം.
ഒപ്പന വേദിയില്‍ കറുത്ത മണവാട്ടി ഇരിന്നാലും പ്രേക്ഷകര്‍ക്ക് കലാസ്വാദനം സാധ്യമാണെന്ന് കാണിക്കണം. ആ മണവാട്ടിയും മൊഞ്ചത്തിയാണെന്ന് അടയാളപ്പെടുത്തണം. എന്തെന്നാല്‍ ഈ ലോകം കറുത്ത മനുഷ്യരുടേത് കൂടിയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates