തിരുവനന്തപുരം: ലീഗ് സഹോദര പാര്‍ട്ടിയാണെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. കേരളത്തിന്റെ മതേതര ഘടന നിലനിര്‍ത്തുന്നതില്‍ മുസ്ലീം ലീഗ് സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും സതീശന്‍ പറഞ്ഞു. ലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് എഐസിസി വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതെന്ന ബിജെപിയുടെയും ഹിന്ദു സമുദായ സംഘടനകളുടെയും വിമര്‍ശനം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സതീശന്റെ പുതിയ പ്രസ്താവന. തിരുവനന്തപുരത്തെ പാര്‍ട്ടി ഓഫീസിലെത്തി ലീഗ് നേതാക്കളെ സന്ദര്‍ശിച്ച സതീശന്‍ നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തി.
യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ് ലീഗ്. മുന്‍കാലങ്ങളിലൊന്നുമില്ലാത്തവിധം ഒരു ടീം ആയിട്ടാണ് ഇത്തവണ നമ്മള്‍ പ്രവര്‍ത്തിച്ചതെന്നും ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെ പിന്തുണയോടെ നിയമസഭയ്ക്ക് അകത്തും പുറത്തും നമ്മള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചുവെന്നും വി ഡി സതീശന്‍ പറഞ്ഞു. യുഡിഎഫ് ശക്തമായ മതേതര നിലപാടാണ് സ്വീകരിച്ചതെന്നും കേരളത്തിലെ ജനങ്ങള്‍ അത് അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു.
ആ നിലപാടിന് പിന്നിലെ ശക്തി ശിബാബ് തങ്ങളായിരുന്നു. മുനമ്പം, പള്ളുരുത്തി വിഷയങ്ങളിലടക്കം വര്‍ഗീയ പ്രചാരണങ്ങളിലൂടെ ഭിന്നതയുണ്ടാക്കാന്‍ പല ശക്തികളും ശ്രമിച്ചു. എന്നാല്‍ ലീഗും ശിഹാബ് തങ്ങളും സ്വീകരിച്ച നിലപാട് തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
ബാബറി മസ്ജിദ് തകര്‍ത്ത കാലത്തും ലീഗ് നേതൃത്വം സമാനമായ മതേതര നിലപാടാണ് സ്വീകരിച്ചതെന്ന് സതീശന്‍ ഓര്‍മിപ്പിച്ചു. യുഡിഎഫിന്റെ മതേതര നിലപാടിനെ ലീഗ് നിരന്തരം പിന്തുണച്ചിട്ടുണ്ടെന്നും പാര്‍ട്ടിയിലെ ഒരു നേതാവ് പോലും വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലീഗ് ദുര്‍ബലമായാല്‍ ആ സ്ഥാനം ആര്‍ക്കായിരിക്കും? അതൊരു വലിയ ചോദ്യമാണ്. അങ്ങനെ വന്നാല്‍ കേരളം തന്നെ അപകടത്തിലാകും. നമ്മള്‍ സഹോദര സംഘടനകളാണ്. ഒന്നിച്ച് നില്‍ക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലീഗിന് ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളിലെളിലെല്ലാം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പാക്കുന്നതില്‍ ലീഗ് പ്രധാന പങ്ക് വഹിച്ചു. യുഡിഎഫിലെ മറ്റ് സഖ്യകക്ഷികളും പരസ്പരം പിന്തുണച്ചതായും സതീശന്‍ പറഞ്ഞു. ഭരണത്തിലും ലീഗുമായി സമാന ഏകോപനം തുടരുമെന്നും സംസ്ഥാനത്തിന്റെ വികസനത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. വകുപ്പ് വിഭജനത്തില്‍ ആദ്യഘട്ടം പൂര്‍ത്തിയായെന്നും വിശദാംശങ്ങള്‍ ഞായറാഴ്ച പ്രഖ്യാപിക്കുമെന്നും അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന വേളയില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാകാതിരുന്നതുപോലെ, അതേ മനോഭാവത്തോടെ തന്നെയായിരിക്കും വകുപ്പ് വിഭജനവും കൈകാര്യം ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ ജനങ്ങള്‍ക്ക് അനുയോജ്യനായ മുഖ്യമന്ത്രിയാണ് സതീശനെന്ന് സാദിഖ് അലി ശിഹാബ് തങ്ങളും പറഞ്ഞു. ലീഗിന്റെ പൂര്‍ണ പിന്തുണ ഉറപ്പുനല്‍കുകയും ചെയ്തു. സതീശന്‍ സംസ്ഥാനത്തിന്റെ കരുത്തായി മാറിയിരിക്കുന്നു, അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം, ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. 22 എംഎല്‍എമാരുള്ള ലീഗ് യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയാണ്.
സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് തീരുമാനമെന്ന് ബിജെപി നേതാക്കളും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ആരോപിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates