തൃശൂര്‍: അനശ്വര നടന്‍ ജയന്റെ ഫിഗറില്‍ തൃശൂര്‍ നഗരത്തില്‍ ചായവില്‍ക്കുന്ന 'ജയന്‍' അഷറഫ് യുവജനോത്സവ നഗരിയിലും താരം. ചായ വില്‍പ്പന ഉപജീവനത്തിന് തുടങ്ങിയതാണെങ്കിലും കക്ഷി ഇപ്പോള്‍ ഒരു സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ്.
ജയന്റെ വേഷമണിയേണ്ടിവന്നതിന് പിന്നില്‍ കണ്ണീരുപ്പുകലര്‍ന്ന കഥയുണ്ടെങ്കിലും ജയന്റെയും ദൈവത്തിന്റെയും അനുഗ്രഹം മൂലം ഇപ്പോള്‍ പതിയെ ചിരിയുടെ പൂക്കാലത്തിലേക്ക് ജീവിതം എത്തിക്കൊണ്ടിരിക്കുകയാണെന്നാണ് അഷ്‌റഫ് പറയുന്നത്. കോമഡി ഷോകളിലും മിമിക്രി വേദികളിലും താരമായിരുന്ന അഷറഫ് ജീവിത ബുദ്ധിമുട്ടുകള്‍ കടുത്തതോടെ വേദിയോട് വിടപറഞ്ഞ് പ്രവാസിയായി. പതിനഞ്ചുവര്‍ഷത്തോളം അറബിനാട്ടില്‍ വിയര്‍പ്പൊഴുക്കിയ അദ്ദേഹം മൂന്നുസഹോദരിമാരെ വിവാഹം കഴിപ്പിച്ചുവിട്ടു. ആദ്യം ഷാര്‍ജയിലെ കുബ്ബൂസ് കടയിലായിരുന്നു ജോലി. സഹോദരിമാരുടെ വിവാഹം കഴിഞ്ഞതോടെ നാട്ടിലേക്കുവന്നു.
ഒരു വീടെന്ന സ്വപ്നവുമായി ഒമാനില്‍ പോയെങ്കിലും കോവിഡ് വില്ലനായി. വിസ ക്യാന്‍സലായി. വീട്ടുചെലവ്, വാടക അങ്ങനെ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ട ബാദ്ധ്യത അഷറഫിന്റേത് മാത്രമായി. ചായയും കടിയും വിറ്റ് അന്നത്തെ അന്നത്തിനുള്ള വക കണ്ടെത്താം എന്ന് പരീക്ഷിച്ചുനോക്കാന്‍ തീരുമാനിച്ച അഷറഫ് ബൈക്കില്‍ കെറ്റില്‍ നിറയെ ചായയും കവര്‍ നിറയെ പലഹാരങ്ങളുമായി ഇറങ്ങിത്തിരിച്ചു.
കളിയാക്കലും കുറ്റപ്പെടുത്തലും പ്രതീക്ഷിച്ചുതന്നെ ചായയുമായി തെരുവിലിറങ്ങി. കുറച്ചുദൂരം പോയപ്പോള്‍ ജയാ ഒരു ചായ തരൂ എന്ന വിളിയെത്തി. ഇനി ഇങ്ങനെ തന്നെ മുന്നോട്ടുപോകുമെന്ന് അതോടെ അഷറഫ് ഉറപ്പിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates