സ്വകാര്യ ബസുകളില്‍ പരസ്യങ്ങള്‍ പതിക്കുന്നതിന് അനുമതി നല്‍കണമെന്നും സമിതി നിര്‍ദേശിച്ചു. പ്രതീകാത്മക ചിത്രം
Kerala

'പരസ്യങ്ങള്‍ പതിക്കുന്നതിന് അനുമതി; സ്വകാര്യ ബസുകള്‍ വാടകയ്‌ക്കെടുത്ത് പ്രിയദര്‍ശിനിയാക്കും'; റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി

കെ എസ് ആര്‍ ടി സിയുടെ യാത്ര ഫ്യുവല്‍സ് പമ്പുകളില്‍ നിന്ന് സ്വകാര്യ ബസുകള്‍ക്ക് ഡീലര്‍ നിരക്കില്‍ ഇന്ധനം ലഭ്യമാക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവവന്തപുരം: പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി ഉള്‍പ്പെടെയുള്ള നടപടികളുടെ പശ്ചാത്തലത്തില്‍ പ്രതിസന്ധി നേരിടുന്ന സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്നതിനായി കെ. പത്മകുമാര്‍ അധ്യക്ഷനായ പഠന സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിരവധി നിര്‍ണായക ശുപാര്‍ശകള്‍. സെക്രട്ടേറിയറ്റ് പി ആര്‍ ചേംബറില്‍ ഗതാഗത മന്ത്രി സി പി ജോണ്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സമിതി അധ്യക്ഷന്‍ കെ. പത്മകുമാര്‍ റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങള്‍ വിശദീകരിച്ചു.

നിലവിലെ നികുതി ഘടനയില്‍ മാറ്റം വരുത്താതെ സ്വകാര്യ ബസ് ഉടമകള്‍ക്ക് വാഹന നികുതി പ്രതിമാസം അടയ്ക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നാണ് പ്രധാന നിര്‍ദേശം. നിലവില്‍ വലിയ തുകയായി ഒരുമിച്ച് അടയ്ക്കേണ്ടിവരുന്ന നികുതി പ്രതിമാസമായി അടയ്ക്കാന്‍ അവസരം ലഭിക്കുന്നത് ഉടമകള്‍ നേരിടുന്ന സാമ്പത്തിക സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. കൃത്യമായ അറ്റകുറ്റപ്പണികളും ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കുന്ന ബസുകള്‍ക്ക് നിലവിലെ 22 വര്‍ഷത്തെ കാലാവധി 25 വര്‍ഷമാക്കുന്നതിനായി കേരള മോട്ടോര്‍ വാഹന ചട്ടത്തില്‍ ഭേദഗതി വരുത്തണമെന്നും സമിതി ശുപാര്‍ശ ചെയ്തു.

കെ എസ് ആര്‍ ടി സിയുടെ യാത്ര ഫ്യുവല്‍സ് പമ്പുകളില്‍ നിന്ന് സ്വകാര്യ ബസുകള്‍ക്ക് ഡീലര്‍ നിരക്കില്‍ ഇന്ധനം ലഭ്യമാക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. അവധി ദിവസങ്ങളില്‍ സര്‍വീസ് നടത്തുന്നതിനായി അനുവദിക്കുന്ന പ്രത്യേക പെര്‍മിറ്റുകളുടെ നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ വേഗത്തില്‍ പെര്‍മിറ്റ് ലഭ്യമാക്കുകയും വേണം.

സുരക്ഷയെ ബാധിക്കാത്ത രീതിയില്‍ സ്വകാര്യ ബസുകളില്‍ പരസ്യങ്ങള്‍ പതിക്കുന്നതിന് അനുമതി നല്‍കണമെന്നും സമിതി നിര്‍ദേശിച്ചു. സ്വകാര്യ ബസുകള്‍ക്ക് സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് മുഖേന ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന കാര്യവും സര്‍ക്കാര്‍ പരിശോധിക്കണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. നിലവില്‍ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഈടാക്കുന്ന ഉയര്‍ന്ന പ്രീമിയം ബസ് ഉടമകള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാകുന്ന സാഹചര്യത്തിലാണ് നിര്‍ദേശം.

പ്രിയദര്‍ശിനി സര്‍വീസുകള്‍ നടത്തുന്ന റൂട്ടുകളില്‍ സമയക്രമം സംബന്ധിച്ചുണ്ടാകുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും സമിതി നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സിയുടെയും സ്വകാര്യ ബസുകളുടെയും സര്‍വീസുകള്‍ തമ്മില്‍ സമയക്രമത്തില്‍ ആവശ്യമായ ഏകോപനം ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനം വേണം. ഇതിനായി മേഖലാ അടിസ്ഥാനത്തിലും സംസ്ഥാന അടിസ്ഥാനത്തിലും ഏകോപന സമിതികള്‍ രൂപീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.

സ്വകാര്യ ബസ് സര്‍വീസുകളെ എംഎസ്എംഇ പരിഗണനയോടെ വ്യവസായമായി പ്രഖ്യാപിക്കുക, പ്രിയദര്‍ശിനി പദ്ധതിയുടെ ഭാഗമായി സ്വകാര്യ ബസുകളെ വെറ്റ് ലീസ് വ്യവസ്ഥയില്‍ കെ എസ് ആര്‍ ടി സി ഉപയോഗിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും സമിതി നേരത്തെ മുന്നോട്ടുവെച്ചിട്ടുണ്ട്. പൊതുഗതാഗത മേഖലയിലെ വിവിധ സംവിധാനങ്ങളെ ഏകോപിപ്പിച്ച് സമഗ്ര ഗതാഗത നയം രൂപീകരിക്കണമെന്നും ഭാവിയില്‍ എല്ലാ പൊതുഗതാഗത സംവിധാനങ്ങളിലും ഉപയോഗിക്കാവുന്ന ഐ ടി അധിഷ്ഠിത മൊബിലിറ്റി കാര്‍ഡ് ഘട്ടംഘട്ടമായി നടപ്പാക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

K Padmakumar Committee Submits Report Proposing Key Recommendations to Rescue Crisis-Hit Private Bus Sector Amid Priyadarshini Scheme Backlash

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓപ്പറേഷന്‍ സിന്ദൂര്‍ നായകന്‍'; റിട്ട. എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്ര അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സിഇഒ

കാന്തപുരത്തിന്റെ പ്രസ്താവന ഇസ്ലാമിക ചരിത്രത്തിന് വിരുദ്ധം; കേരളം വിഡി സതീശന്റെ കൈയില്‍ ഭദ്രം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഐസിസി ചട്ടം ലംഘിച്ച് ശ്രീലങ്ക; പ്രഥമ വനിതാ ചാംപ്യന്‍സ് ട്രോഫിക്ക് ഇന്ത്യ ആതിഥേയരാകും

അഷ്ടമി രോഹിണി: ഗുരുവായരൂരില്‍ സ്‌പെഷ്യല്‍ ദര്‍ശനത്തിന് നിയന്ത്രണം; ശയനപ്രദക്ഷിണമില്ല; വിശേഷാല്‍ പ്രസാദം ഊട്ട്

ദുലീപ് ട്രോഫി കിരീടപ്പോരില്‍ തിലക് വര്‍മയും വൈഭവും നേര്‍ക്കുനേര്‍; സൗത്ത് സോണ്‍ ഫൈനലില്‍