കോഴിക്കോട്: ഉരുള്‍ പൊട്ടലില്‍ തകര്‍ന്ന വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ഭാഗങ്ങളിലെ പുനരധിവാസ- പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി 529.50 കോടി രൂപ പലിശ രഹിത വായ്പയായി അനുവദിച്ചതില്‍ അന്‍പത് വര്‍ഷത്തിന് ശേഷം തിരിച്ചടയ്ക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ പിണറായി വിജയന്‍ വേവലാതിപ്പെടേണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേന്ദ്ര സര്‍ക്കാര്‍ പലിശ രഹിതയായ വായ്പയാണ് നല്‍കിയിരിക്കുന്നത്. നല്‍കിയ തുക ഫലപ്രദമായി ഉപയോഗിക്കുകയാണ് വേണ്ടതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. നിലവില്‍ നല്‍കിയ തുക ഗ്രാന്റിന് തുല്യമാണെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു
'50 വര്‍ഷത്തേക്കുള്ള പലിശ രഹിത വായ്പയാണ് നല്‍കിയത്. ഫലത്തില്‍ അത് ഗ്രാന്റ് തന്നെയാണ്. 50 വര്‍ഷം കഴിഞ്ഞിട്ട് ഇത് തിരിച്ചടയ്ക്കുന്നതിനെ പറ്റിയുള്ള വേവലാതി പിണറായി വിജയനോ യുഡിഎഫോ ഇപ്പോള്‍ നടത്തേണ്ടതില്ല. അഞ്ച് കൊല്ലം കഴിയുമ്പോള്‍ ഇതൊക്കെ തിരിച്ചടയ്ക്കാനുള്ള ബാധ്യത ദേശീയ കക്ഷികള്‍ക്ക് വരും. പുനരധിവാസത്തിന്റെ പൂര്‍ണ ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. കേന്ദ്രം ഇപ്പോള്‍ വയനാടിനെ കൈയച്ച് സഹായിച്ചിരിക്കുകയാണ്. കൂടുതല്‍ സഹായങ്ങള്‍ ഉണ്ടാകും. കിട്ടിയ സഹായം ഫലപ്രദമായി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ തയ്യാറാവേണ്ടത്'- കെ സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം, മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി കേരളം ആവശ്യപ്പെട്ടത് ഭരണഘടനാപരമായ അവകാശമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. കേന്ദ്രം അനുവദിച്ചത് ഉപാധികളോടെയുള്ള ലോണ്‍ മാത്രമാണെന്നും എസ്എഎസ്‌കെസിഐ വ്യവസ്ഥയിലള്ള നിബന്ധനകള്‍ കേരളത്തോടുള്ള ക്രൂരതയാണെന്നും മന്ത്രി പറഞ്ഞു. കൃത്യമായ കണക്കുകളോടെയാണ് കേന്ദ്രത്തിന് മുന്നില്‍ കേരളം ആവശ്യമുന്നയിച്ചിരുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
45 ദിവസത്തിനകം ചെലവഴിക്കണം എന്ന വ്യവസ്ഥയോടെയാണ് ലോണ്‍ കൈമാറുന്നത്. പണം വകമൊറ്റി ചെലവഴിച്ചാല്‍ കേരളത്തിന്റെ മറ്റ് വിഹിതങ്ങളില്‍ കുറവ് വരുത്തുമെന്നും പ്രഖ്യാപനമുണ്ട്. കേരളം ഒരു പ്രത്യേക ഘട്ടത്തില്‍ എത്തപ്പെട്ടു എന്ന് കരുതി എന്തുമാകാം എന്ന് കരുതരുത്. അനുവദിച്ച ലോണ്‍ ഉപയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു. നേരത്തെ ഇത്തരമൊരു അനുഭവമില്ലാത്തതിനാല്‍ ഏത് വിധത്തില്‍ കാര്യങ്ങള്‍ നടത്തണമെന്ന് ആലോചിക്കും.പ്രന്‍സിപ്പല്‍ സെക്രട്ടറിമാരുടെ യോഗം ചേരുമെന്നും നടപ്പിലാക്കേണ്ട പദ്ധതികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുമെന്നും മന്ത്രി കെ രാജന്‍ അറിയിച്ചു.
പുനര്‍നിര്‍മ്മാണത്തിനായി ലഭിച്ച കേന്ദ്ര വായ്പയുടെ വിനിയോഗം ചര്‍ച്ചചെയ്യാന്‍ വകുപ്പ് സെക്രട്ടറിമാര്‍ യോഗം ചേരും. ഈ സാമ്പത്തിക വര്‍ഷം തന്നെ പദ്ധതികള്‍ പൂര്‍ത്തിയാക്കണമെന്ന നിബന്ധനയില്‍ ഇളവ് തേടാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. പദ്ധതി പൂര്‍ത്തിയാക്കാന്‍ കേന്ദ്രത്തോട് സാവകാശം തേടുന്നതും പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates