കാരാട്ട് റസാഖ് ടെലിവിഷന്‍ ദൃശ്യം
Kerala

മുസ്ലീംലീഗുമായി ചേര്‍ന്ന് മുഹമ്മദ് റിയാസ് വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്നു; പത്ത് ദിവസം കാത്തിരിക്കും, അല്ലെങ്കില്‍ മറ്റ് വഴിയെന്ന് കാരാട്ട് റസാഖ്

അന്‍വര്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. എന്നാല്‍ അദ്ദേഹത്തോട് കാത്തിരിക്കാന്‍ പറഞ്ഞു. ഇപ്പോള്‍ എല്‍ഡിഎഫിന്റെ ഭാഗമായാണ് നില്‍ക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പിവി അന്‍വറുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കുമെന്ന് സിപിഎം സഹയാത്രികനും മുന്‍ എംഎല്‍എയുമായ കാരാട്ട് റസാഖ്. താന്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങളും മുസ്ലി ലീഗുമായും ചേര്‍ന്ന് മന്ത്രി മുഹമ്മദ് റിയാസ് അട്ടിമറിക്കുയാണെന്നും കരാട്ട് റസാഖ് ആരോപിച്ചു. തന്റെ പരാതികളെല്ലാം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. പത്ത് ദിവസം കാത്തിരിക്കും. എന്നിട്ടും മറുപടിയില്ലെങ്കില്‍ മറ്റ് വഴികള്‍ തേടേണ്ടിവരുമെന്നും റസാഖ് മുന്നറിയിപ്പ് നല്‍കി.

'ഞാന്‍ തിരഞ്ഞെടുപ്പില്‍ തോല്‍ക്കാനുണ്ടായ കാരണങ്ങളും വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനുണ്ടായ നീക്കങ്ങളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടിക്ക് രണ്ടു കത്ത് നല്‍കിയിരുന്നു. എന്നാല്‍ നടപടി ഉണ്ടായില്ല. തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ ഗൂഢാലോചന നടന്നു. സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം മുസ്ലിം ലീഗിനൊപ്പം ചേര്‍ന്ന് വികസപ്രവര്‍ത്തനങ്ങള്‍ അട്ടിമറിച്ചു. ഇതിന് മന്ത്രി മുഹമ്മദ് റിയാസ് കൂട്ടുനിന്നു. കൊടുവള്ളി ലോക്കല്‍ സെക്രട്ടറി, താമരശ്ശേരി ഏരിയ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതികള്‍ അട്ടിമറിച്ചത്.

ഇക്കാര്യത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് സ്വീകരിക്കുന്ന നിലപാടിനോടും പാര്‍ട്ടിയുടെ നിലപാടിനോടും യോജിക്കാന്‍ കഴിയില്ല. മുസ്ലിം ലീഗ് വിട്ടുവന്ന ഒരാള്‍ നടത്തുന്ന വികസന പദ്ധതികള്‍ തടയാനും വരാതിരിക്കാനും ആയിരിക്കും ലീഗ് പ്രവര്‍ത്തിക്കുന്നത്. അതിന് ഇവര്‍ പിന്തുണ നല്‍കുന്നത് ശരിയല്ല. പല തവണ ഇക്കാര്യങ്ങള്‍ റിയാസിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നെങ്കിലും പരിശോധിക്കാമെന്ന് മാത്രമാണ് മറുപടി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കത്തുകള്‍ക്കൊന്നും മറുപടി ലഭിച്ചില്ല. ഇനിയും മറുപടി ലഭിക്കാത്ത സാഹചര്യത്തില്‍ ഇടതുസഹയാത്രികനായി മുന്നോട്ട് പോകാന്‍ സാധിക്കാത്ത സാഹചര്യമാണ്. വികസനം അട്ടിമറിക്കുന്ന തീരുമാനം പുനപ്പരിശോധിച്ചില്ലെങ്കില്‍ മറ്റൊരു തീരുമാനത്തിലേക്ക് തനിക്ക് പോകേണ്ടി വരും. ഒരുപാട് മാസങ്ങളായി കാത്തിരിക്കുന്നു. അന്‍വര്‍ അടുത്ത സുഹൃത്താണ്. ഇന്നലെ അദ്ദേഹത്തെ പോയി കണ്ടിരുന്നു. അന്‍വറുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കും. അന്‍വര്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. എന്നാല്‍ അദ്ദേഹത്തോട് കാത്തിരിക്കാന്‍ പറഞ്ഞു. ഇപ്പോള്‍ എല്‍ഡിഎഫിന്റെ ഭാഗമായാണ് നില്‍ക്കുന്നത്.

ഇക്കാര്യങ്ങളെല്ലാം ജില്ലാ കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയും അറിയിക്കുകയും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുകയും ചെയ്തിട്ടുണ്ട്. കുറച്ച് കാത്തിരിക്കണമെന്നാണ് മോഹനന്‍ മാഷ് പറഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ പ്രതീക്ഷ പൂര്‍ണമായും നഷ്ടപ്പെട്ടിട്ടില്ല. പിണറായി വിജയന്‍, എംവി ഗോവിന്ദന്‍ എന്നിവരോട് യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. മുസ്ലിം ലീഗിലേക്ക് ഒരിക്കലും തിരിച്ചു പോകില്ല. മുസ്ലിം ലീഗിന്റെ നേതാക്കന്‍മാരില്‍ ചിലരുടെ നിലപാടുകളോട് യോജിക്കാന്‍ സാധിക്കില്ല. മദ്രസാ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും മാറാന്‍ ആവശ്യപ്പെട്ടതായി മാധ്യമങ്ങള്‍ പറയുന്ന അറിവേയുള്ളു. സിപിഎം ബന്ധം ഉപേക്ഷിച്ചാല്‍ ഒന്നുകില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കും അല്ലെങ്കില്‍ മറ്റ് രാഷ്ട്രിയ പാര്‍ട്ടിയുമായി സഹകരിക്കും' കാരാട്ട് റസാഖ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ആരാകും?; എംഎല്‍എമാരുടെ മനസറിയാന്‍ എഐസിസി നിരീക്ഷകര്‍ കേരളത്തില്‍

'പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരും; അടുത്ത തവണ കേരളത്തില്‍ ബിജെപി മുഖ്യമന്ത്രി'

'പി ജയരാജനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂ...'; പിണറായിയുടെ മണ്ഡലത്തിലും ഫ്‌ലക്‌സ് ബോര്‍ഡ്

പിഎസ്‌സി പരീക്ഷയില്‍ ഹൈടെക് കോപ്പിയടി; ഉത്തരം കണ്ടത്താന്‍ ഗുഗിള്‍ ജെമിനി; ഉദ്യോഗാര്‍ഥിയും സഹായിയും അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ ഡിഎംകെ- എഐഡിഎംകെ സഖ്യസര്‍ക്കാര്‍?; വിജയിന്റെ നീക്കങ്ങള്‍ക്ക് തടയിടാന്‍ നിര്‍ണായക നീക്കം

SCROLL FOR NEXT