തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയറെ തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിയ്ക്ക് പോകും. ഇന്നോ നാളെയോ രാജീവ് ഡല്‍ഹിയിലെത്തി ബിജെപി കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നാണ് വിവരം. മേയര്‍ സ്ഥാനത്തേക്ക് മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്ക്കാണ് സാധ്യതയെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം കേന്ദ്ര നേതാക്കളുമായി കൂടിയാലോചനകള്‍ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീലേഖയെ മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത് ബിജെപിക്ക് രാഷ്ട്രീയമായ മേല്‍ക്കൈ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. സ്ത്രീകളെ നേതൃസ്ഥാനങ്ങളിലേക്ക് കൊണ്ടുവരാനുള്ള പാര്‍ട്ടിയുടെ പ്രതിജ്ഞാബദ്ധതയായി ഉയര്‍ത്തിക്കാട്ടാനാകുമെന്നും കണക്കുകൂട്ടുന്നു.
മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്ന പേരുകളിലൊന്ന് മുന്‍ ജില്ലാ പ്രസിഡന്റ് വിവി രാജേഷിന്റേതാണ്. എന്നാല്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം വനിതാ സംവരണം ആയതിനാല്‍ രാജേഷിനെ ആ പദവിയിലേക്ക് പരിഗണിക്കാനാകില്ല. അതിനാല്‍ തുടക്കത്തില്‍ ശ്രീലേഖയെ ഡെപ്യൂട്ടി മേയറാക്കുന്നതും പരിഗണിച്ചിരുന്നു. എന്നാല്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ പദവികളില്‍ സ്ത്രീകളെ നിയമിക്കുക വഴി 'നാരി ശക്തി'യുടെ (സ്ത്രീശക്തി) മാതൃകയായി ഉയര്‍ത്തിക്കാട്ടാനാകുമെന്നാണ് ഈ നീക്കത്തെ പിന്തുണയ്ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.
കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ മേയറായി തെരഞ്ഞെടുക്കുക വഴി, അഴിമതിക്കെതിരായ ശക്തമായ ഒരു സന്ദേശം നല്‍കാനും ബിജെപി ലക്ഷ്യമിടുന്നതായി പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. മേയറായിരുന്ന വി ശിവന്‍കുട്ടിയുടെയും ആര്യ രാജേന്ദ്രന്റെയും കാലത്തെ അഴിമതികള്‍ പുറത്തുകൊണ്ടുവരുമെന്ന് ബിജെപി നേതാക്കള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കപ്പെട്ടാല്‍, മുതിര്‍ന്ന നേതാവ് വി വി രാജേഷിനും ശാസ്തമംഗലം മുന്‍ കൗണ്‍സിലര്‍ എസ് മധുസൂദനന്‍ നായര്‍ക്കും സുപ്രധാന ഉത്തരവാദിത്തങ്ങള്‍ നല്‍കിയേക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. ശ്രീലേഖയുടെ വിജയത്തില്‍ മധുസൂദനന്‍ നായരുടെ സംഭാവന അവഗണിക്കാന്‍ കഴിയില്ല. ഇക്കാര്യം പാര്‍ട്ടി നേതൃത്വം പരിഗണിക്കുമെന്നും മുതിര്‍ന്ന നേതാവ് സൂചിപ്പിച്ചു.
സംസ്ഥാന തലസ്ഥാനത്തെ സ്ഥിതിഗതികള്‍ ബിജെപി കേന്ദ്രനേതൃത്വം അതീവ ഗൗരവത്തോടെ കാണുന്നുവെന്നും മുതിര്‍ന്ന നേതാവ് പറഞ്ഞു. തിരുവനന്തപുരത്തെ മേയര്‍ പദവി രാജ്യമെമ്പാടും ആകര്‍ഷിക്കപ്പെടുമെന്നും ബിജെപി കണക്കുകൂട്ടുന്നു. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പച്ചക്കൊടി കിട്ടിയാലുടന്‍ മേയര്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ഇതോടൊപ്പം, തൃശ്ശൂരിലും മറ്റ് പ്രദേശങ്ങളിലും പാര്‍ട്ടിക്കുണ്ടായ തിരിച്ചടികളെക്കുറിച്ച് വിശദമായ അവലോകനവും നേതൃത്വം നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates