Kerala Budget 2026 
Kerala

പുതിയ തുരങ്കപാത മുതല്‍ വേഗ റെയില്‍ വരെ, ഡിഗ്രി വിദ്യാഭ്യാസം സൗജന്യം, ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചില്ല; ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ്

സകല മേഖലകളെയും തൊട്ടുംതലോടിയും തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സകല മേഖലകളെയും തൊട്ടുംതലോടിയും തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ്. തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം എന്നിങ്ങനെ എല്ലാ മേഖലകളെയും സ്പര്‍ശിച്ചാണ് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ ആറാം ബജറ്റ് അവതരിപ്പിച്ചത്. കേരളത്തിന്റെ ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റാണിത്.

കേരളത്തെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്ന വിമര്‍ശനം ആവര്‍ത്തിച്ച ബജറ്റില്‍ ശമ്പള പരിഷ്‌കരണം പ്രഖ്യാപിച്ചതും അഷ്വേര്‍ഡ് പെന്‍ഷന്‍ അടുത്ത സാമ്പത്തിക വര്‍ഷം ആദ്യം തന്നെ നടപ്പിലാക്കുമെന്ന പ്രഖ്യാപനവും ഡിഎ കുടിശ്ശിക മാര്‍ച്ചില്‍ പൂര്‍ണമായി കൊടുത്തുതീര്‍ക്കുമെന്ന ഉറപ്പും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം പകര്‍ന്നു. വിഴിഞ്ഞം തുറമുഖ വികസനത്തിന് ആയിരം കോടി രൂപയും എംസി റോഡ് വികസനത്തിന് 5917 കോടി രൂപയും വകയിരുത്തിയ ബജറ്റില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള അതിവേഗ യാത്രാസൗകര്യം ഉറപ്പിക്കുന്ന ആര്‍ആര്‍ടിഎസിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി നൂറ് കോടി രൂപ നീക്കിവെച്ചതും പുതിയൊരു തുരങ്കപാത കൂടി പ്രഖ്യാപിച്ചതും ശ്രദ്ധേയമായി. ഡല്‍ഹി- മീററ്റ് ആര്‍ആര്‍ടിഎസ് കോറിഡര്‍ മാതൃകയില്‍ നാലു ഘട്ടമായാണ് സംവിധാനം വിഭാവനം ചെയ്തിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയാണ് ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. കട്ടപ്പന മുതല്‍ തേനി വരെയുള്ള മലയോര പാതയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന് തുരങ്ക പാതയുടെ സാധ്യതയാണ് ബജറ്റ് തേടിയത്. സാധ്യത പഠനത്തിനായി 10 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചത്.

എര്‍ഡേലി ബജറ്റും ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കുമെന്ന പ്രഖ്യാപനവും ഒന്നുമുതല്‍ പ്ലസ്ടു വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അപകട ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനുള്ള തീരുമാനവും ആശാ- അങ്കണവാടി ജീവനക്കാരുടെ പ്രതിമാസ വരുമാനത്തില്‍ ആയിരം രൂപയുടെ വര്‍ധനയുമാണ് ബജറ്റിലെ മറ്റു ചില ഹൈലൈറ്റുകള്‍. ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അത് ഉണ്ടായില്ല. എന്നാല്‍ ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി 14,500 രൂപയാണ് ബജറ്റില്‍ നീക്കിവെച്ചത്. കേന്ദ്രത്തിന്റെ സാമ്പത്തിക ഞെരുക്കത്തിനിടയിലും കേരളം മികച്ച നേട്ടങ്ങള്‍ കൈവരിച്ചു എന്ന് പറഞ്ഞു കൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. പ്രതിസന്ധികള്‍ക്കിടയിലും സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടത് ആശ്വാസം പകരുന്നതാണെന്നും ധനമന്ത്രി വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ചതാണ് മറ്റൊരു സുപ്രധാന പ്രഖ്യാപനം.

മറ്റു പ്രധാനപ്പെട്ട ബജറ്റ് പ്രഖ്യാപനങ്ങള്‍

ലൈഫ് പദ്ധതിക്ക് 1498 കോടി രൂപ വകയിരുത്തി

എംഎന്‍ ലക്ഷം വീട് പദ്ധതിക്കായി 10 കോടി

മെഡിക്കല്‍ കോളജ് വഴിയുള്ള കാന്‍സര്‍ ചികിത്സയ്ക്ക് 30 കോടി

തോപ്പില്‍ ഭാസി, പി ജെ ആന്റണി, കെ ടി മുഹമ്മദ് എന്നിവരെ ആദരിക്കാന്‍ സ്ഥിരം നാടക തിയറ്ററുകള്‍

പത്രപ്രവര്‍ത്തക പെന്‍ഷന്‍ 1500 രൂപ വര്‍ധിപ്പിച്ചു

പൊതുവിദ്യാഭ്യാസത്തിന് നീക്കിവെച്ചത് 1128 കോടി രൂപ

പത്തനംതിട്ട- കോട്ടയം ജില്ലകളിലെ തീര്‍ഥാടന റോഡ് വികസനത്തിന് 15 കോടി

കാന്‍സര്‍, ലെപ്രസി, ക്ഷയം, എയ്ഡ്‌സ് രോഗബാധിതരുടെ പ്രതിമാസ പെന്‍ഷന്‍ ആയിരത്തില്‍ നിന്ന് 2000 രൂപയായി ഉയര്‍ത്തി

റോഡപകടങ്ങളില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ആദ്യ അഞ്ച് ദിവസം സൗജന്യ ചികിത്സ

ടൂറിസം മേഖലയ്ക്ക് 413 കോടി

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് നീക്കിവെച്ചത് 79.03 കോടി രൂപ

ശബരിമല മാസ്റ്റര്‍ പ്ലാനിന് 30 കോടി രൂപ, ക്ലീന്‍ പമ്പയ്ക്കും 30 കോടി രൂപ

സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിരമിച്ചവര്‍ക്ക് മെഡിസെപ് മാതൃകയില്‍ പുതിയ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപിന്റെ രണ്ടാം ഘട്ടമായ മെഡിസെപ് 2.0 ഫെബ്രുവരി ഒന്നുമുതല്‍

വയനാട് ദുരന്തബാധിതര്‍ക്ക് ആദ്യ ബാച്ച് വീട് അടുത്ത മാസം ആദ്യ വാരം നല്‍കും

Kerala Budget 2026 highlights

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Budget 2026 Live|ഡിഎ കുടിശ്ശിക തീര്‍ക്കും, 12-ാം ശമ്പള കമ്മീഷന്‍ പ്രഖ്യാപിച്ചു, റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം, അഷ്വേര്‍ഡ് പെന്‍ഷന്‍

'വിവാഹം കഴിക്കുക എന്നത് മാത്രമല്ല, സ്വന്തം മകളെപ്പോലെ സ്നേഹിക്കുന്ന കുടുംബത്തെ ലഭിക്കുക എന്നതാണ് പ്രധാനം'; കുറിപ്പുമായി അർച്ചന കവി

കൂർക്കംവലി ഉറക്കം കെടുത്തുന്നുവോ? പരിഹാരമുണ്ട്

കേരളത്തിന്‍റെ അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി മാതൃകാപരം, പ്രകീര്‍ത്തിച്ച് കേന്ദ്രം

ബിരുദമുണ്ടെങ്കിൽ എസ്ബിഐയിൽ ഓഫീസറാകാം, 2273 ഒഴിവുകൾ

SCROLL FOR NEXT