യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപന നികുതി കുത്തനെ കുറച്ച മുഖ്യമന്ത്രി വിഡി സതീശന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഭരണപക്ഷത്ത് ആഭ്യന്തര തർക്കവും ഭിന്നതയും പുകയുന്നു. മുഖ്യമന്ത്രിയും ധനവകുപ്പും തങ്ങളോട് യാതൊരുവിധ ആലോചനയും നടത്താതെയാണ് ഇത്തരമൊരു നികുതി ഘടന പ്രഖ്യാപിച്ചതെന്ന അതൃപ്തിയിലാണ് എക്സൈസ് വകുപ്പ്. ഇതേത്തുടർന്ന് പുതിയ പ്രഖ്യാപനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും തുടർനടപടികൾ മരവിപ്പിക്കാനുമുള്ള നിർണ്ണായക നീക്കങ്ങളുമായി എക്സൈസ് മന്ത്രി എം ലിജു നേരിട്ട് രംഗത്തിറങ്ങിയതായി സൂചന.
ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ വിപണി ലക്ഷ്യമിട്ട് പ്രമുഖ വിദേശ-സ്വദേശി മദ്യനിർമ്മാണ കമ്പനികൾ നിർമ്മാണ അനുമതിക്കായി താല്പര്യമറിയിച്ച് വന്നാൽ, എക്സൈസ് വകുപ്പിന് മുന്നിൽ നിലവിൽ അങ്ങനെയൊരു പദ്ധതിയോ ആലോചനയോ ഇല്ലെന്ന് മറുപടി നൽകാനാണ് തീരുമാനം. ഇക്കാര്യത്തിൽ എല്ലാ ജില്ലകളുടെയും ചുമതലയുള്ള എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് രേഖാമൂലമുള്ള നിർദ്ദേശം നൽകാൻ എക്സൈസ് കമ്മീഷണറോട് മന്ത്രി ആവശ്യപ്പെട്ടതായാണ് വിശ്വസനീയ വൃത്തങ്ങൾ നൽകുന്ന സൂചന
എക്സൈസ് മന്ത്രിയുടെ തിരിച്ചടി; നയം വേറെ, നികുതി വേറെ!
എന്നാൽ, ഈ തീരുമാനത്തിന് പിന്നാലെ പ്രതിപക്ഷം രാഷ്ട്രീയ കടന്നാക്രമണം ശക്തമാക്കിയതോടെ തിരിച്ചടിയുമായി എക്സൈസ് മന്ത്രി എം. ലിജു രംഗത്തെത്തി. 2023-ൽ മുൻ എൽഡിഎഫ് സർക്കാരാണ് വീര്യം കുറഞ്ഞ മദ്യത്തിന്റെ കൃത്യമായ നിർവചനം അബ്കാരി ചട്ടത്തിൽ ആദ്യമായി ഉൾപ്പെടുത്തിയത് എന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അന്നത്തെ എൽഡിഎഫ് സർക്കാർ തന്നെയാണ് ഇതിനുള്ള വാതിൽ തുറന്നിട്ടത്. ബജറ്റിൽ കേവലം ഒരു നികുതിഘടന നിശ്ചയിച്ചതിനെ പുതിയ മദ്യം വിപണിയിൽ വൻതോതിൽ വിൽക്കാനുള്ള അന്തിമ തീരുമാനമായി ആരും വ്യാഖ്യാനിക്കേണ്ടതില്ലെന്നും എം. ലിജു വ്യക്തമാക്കി. മദ്യം വിപണിയിലിറക്കണമെങ്കിൽ അതിന് പ്രത്യേക നയതീരുമാനങ്ങൾ ആവശ്യമാണെന്നും അതിനുള്ള നടപടികൾ എക്സൈസ് വകുപ്പ് സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പുതിയ മദ്യം വിപണിയിലിറക്കണമെങ്കിൽ ലൈസൻസിൽ തുടങ്ങി ഇരുപതോളം വിവിധ വകുപ്പുകളുടെ കർശനമായ അനുമതികൾ ആവശ്യമാണ്. ഇതിൽ ഒരെണ്ണത്തിൽ പോലും യാതൊരുവിധ വിട്ടുവീഴ്ചയോ നീക്കുപോക്കോ ഉണ്ടാകില്ലെന്ന് എക്സൈസ് വകുപ്പ് വ്യക്തമാക്കി കഴിഞ്ഞു. എൽഡിഎഫിന്റെ മദ്യനയം ഉൾപ്പെടെ വിപുലമായി പുതുക്കാൻ നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തിൽ, പുതിയ യു.ഡി.എഫ് സർക്കാർ എന്തിനാണ് ഇത്ര തിടുക്കപ്പെട്ട് മദ്യക്കമ്പനികൾക്ക് അനുകൂലമായി ഇളവുകൾ നൽകിയതെന്ന സംശയം മുന്നണിയിലെ മറ്റ് ഘടകകക്ഷികൾക്കുമുണ്ട്.
'യുടേൺ ഡെമോക്രാറ്റിക് ഫ്രണ്ട്'; കടന്നാക്രമണവുമായി പ്രതിപക്ഷം
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി 251 ശതമാനത്തിൽ നിന്നും 120 ശതമാനമായും 175 ശതമാനമായും കുത്തനെ കുറച്ച മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വലിയ അഴിമതിയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും രംഗത്തെത്തി. കൃത്യം രണ്ട് വർഷം മുൻപ് പ്രതിപക്ഷത്തിരിക്കെ, എൽ.ഡി.എഫ് സർക്കാർ കർഷകരെ സഹായിക്കാൻ പഴവർഗ്ഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാൻ ശ്രമിച്ചപ്പോൾ അതിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച വ്യക്തിയാണ് ഇന്നത്തെ മുഖ്യമന്ത്രി വി.ഡി സതീശൻ എന്ന് പ്രതിപക്ഷം ഓർമ്മിപ്പിച്ചു.
വൻകിട ഡിസ്റ്റലറികൾക്കും മദ്യലോബികൾക്കും കോടിക്കണക്കിന് രൂപ എത്തിക്കാനുള്ള പരിപാടിയാണിതെന്ന് അന്ന് വാദിച്ച സതീശൻ, ഇന്ന് കസേര മാറിയപ്പോൾ മദ്യക്കമ്പനികളുടെ വ്യാവസായിക താല്പര്യങ്ങൾക്ക് വേണ്ടി നിലപാട് വിഴുങ്ങിയെന്ന് മുൻ എക്സൈസ് മന്ത്രി എംബി രാജേഷ് കുറ്റപ്പെടുത്തി. ഈ നികുതിയിളവിലൂടെ സംസ്ഥാന ഖജനാവിന് പ്രതിവർഷം 600 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫ് എന്നാൽ ഇപ്പോൾ 'യുടേൺ ഡെമോക്രാറ്റിക് ഫ്രണ്ട്' ആണെന്നാണ് പ്രതിപക്ഷത്തിന്റെ പരിഹാസം. രാഷ്ട്രീയ നേട്ടങ്ങൾക്കായി വാക്കിന് വില കൽപ്പിക്കാതെ മലക്കംമറിയുന്ന മുഖ്യമന്ത്രിയുടെ ഈ ഇരട്ടത്താപ്പ് കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുമെന്നും പ്രതിപക്ഷം മുന്നറിയിപ്പ് നൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates