തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ വിമർശനങ്ങൾ ഉയർത്തിയെന്ന വാർത്തകളോട് പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ മാത്രമാണിതെന്നും മന്ത്രിസഭയിൽ യാതൊരുവിധ ഭിന്നതയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിസഭയിലെ ചർച്ചകൾ തർക്കങ്ങളല്ല. പല വിഷയങ്ങളിലും വിശദമായ ചർച്ചയുണ്ടായി. ക്യാബിനറ്റിൽ പല കാര്യങ്ങളിലും തർക്കമുണ്ടായി.അത് അഭിമാനത്തോടെ അംഗീകരിക്കുന്നു.എല്ലാവർക്കും അഭിപ്രായം തുറന്നുപറയാം. അനിൽകുമാറിന് അഭിപ്രായ വ്യത്യാസമുണ്ടാകാം. അത് തള്ളിപറയുന്നതല്ല എൻറെ രീതി. വ്യത്യസ്തമായ അഭിപ്രായങ്ങൾ പറയുകയാണെങ്കിൽ അത് കേൾക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മന്ത്രിസഭയിൽ ഭിന്നതയില്ലെന്നും കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചർച്ചകൾക്ക് ശേഷം ഐക്യകണ്ഠേനയാണ് തീരുമാനങ്ങൾ കൈകൊള്ളുന്നത്.
'ഇത് പിണറായി വിജയന്റേതുപോലെ വിധേയരുടെ മന്ത്രിസഭയല്ല. പോക്കറ്റിൽനിന്ന് കടലാസ് എടുത്ത് നൽകുമ്പോൾ അതേപടി അംഗീകരിക്കുന്ന രീതിയല്ല ഇവിടെ. ഇത് ടീം യുഡിഎഫാണ്. മന്ത്രിമാർക്കിടയിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ടാകുന്നത് ജനാധിപത്യത്തിന്റെ ഭാഗമാണ്,' മുഖ്യമന്ത്രി പറഞ്ഞു.
'ഒരു മണിക്കൂർ ചർച്ച ചെയ്തത് ഉന്നത വിദ്യാഭ്യാസ ബില്ലിനെ കുറിച്ചാണ്. പല മന്ത്രിമാരും വ്യത്യസ്ത അഭിപ്രായങ്ങൾ പറഞ്ഞു. ചിലർ തമ്മിൽ തർക്കിച്ചു. അവസാനം ഒരു തീരുമാനമെടുത്ത് അവസാനിപ്പിക്കാൻ എന്നോട് പറഞ്ഞു. എന്തെല്ലാം മാറ്റങ്ങളാണ് വരുത്തേണ്ടതെന്നും തീരുമാനിച്ചു. എൽപിഎസ്ടി സമരത്തെ കുറിച്ചും ചർച്ച ചെയ്തു. അതിൽ തർക്കമില്ല. നിർദേശങ്ങളാണ് ഉയർന്നത്. സമരം ചെയ്യുന്നവരുടെ ആരോഗ്യത്തെ സംബന്ധിച്ചായിരുന്നു ഞങ്ങളുടെ വേവലാതി. അവരുടെ ആരോഗ്യത്തിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. ചർച്ചയ്ക്ക് സർക്കാർ തയ്യാറാണ്. ചർച്ചയിൽ സർക്കാർ എടുക്കേണ്ട നിലപാടാണ് ഞങ്ങൾ ചർച്ച ചെയ്തത്. ഇതാണ് ജനാധിപത്യം. എൽഡിഎഫ് സർക്കാരിലേത് പോലെ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കില്ല. തർക്കങ്ങൾ ഉണ്ടാകും, വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടാകും. അവസാനം തീരുമാനവും ഉണ്ടാകും. ഏറ്റവും ജൂനിയറായിട്ടുള്ള ജനീഷുവരെ എന്റെ മുഖത്ത് നോക്കി അഭിപ്രായം പറയും. പറയണം. അപ്പോഴാണ് നല്ല നിർദേശങ്ങൾ വരിക. രാവിലെ തന്നെ ഇരുമ്പുലക്കയും പിടിച്ചുകൊണ്ട് വരേണ്ടതില്ല. എല്ലാവരുടെയും അഭിപ്രായങ്ങൾ ഇപ്പോൾ കേൾക്കും. അത് ഞാൻ ആസ്വദിക്കും. ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവുമാണ് യുഡിഎഫിനെ മുന്നോട്ട് നയിക്കുന്നത്. ഏകപക്ഷീയമായ തീരുമാനവുമായി മുന്നോട്ട് പോയിരുന്നെങ്കിൽ ഈ സംവിധാനം എന്നേ തകർന്നുപോയേനെ'
ഗുരുവായൂർ ദേവസ്വവുമായി ബന്ധപ്പെട്ട വാർത്തകൾ പച്ചക്കള്ളമാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. വാർത്ത വരുന്നത് തെറ്റായ കേന്ദ്രങ്ങള് വഴി. ദേവസ്വത്തിലെ നിയമന ഫയൽ സിഎംഒയിൽ നിന്നല്ല. ഫയൽ വരുന്നത് ദേവസ്വം വകുപ്പിൽ നിന്നാണ്. ദേവസ്വം ഫയലിൽ എല്ലാ ഹിന്ദു മന്ത്രിമാരും ഒപ്പിട്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിയമനവുമായി ബന്ധപ്പെട്ട ഫയലിൽ ഒപ്പിടേണ്ട മന്ത്രിമാർ സ്ഥലത്തില്ലാതിരുന്നതു കൊണ്ടാണ് ഒപ്പിടാൻ വൈകിയത്. മന്ത്രിസഭാ യോഗത്തിന് മുമ്പ് തന്നെ എല്ലാവരും ഒപ്പിടുകയും ചെയ്തു. ഇതുസംബന്ധിച്ച് യാതൊരുവിധ തർക്കവും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates