Kerala Bakery Wine Sale Order Cancelled 
Kerala

ബേക്കറി വഴിയുള്ള ഹോർട്ടിവൈൻ വിൽപ്പന: ലൈസൻസ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

വിവാദ ഉത്തരവിറക്കിയ ഉദ്യോഗസ്ഥനെതിരെ നടപടിക്ക് സാധ്യത

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തിരുവനന്തപുരം: സംസ്ഥാനത്ത് ബേക്കറികൾ വഴി 15 ശതമാനം വരെ വീര്യമുള്ള ഹോർട്ടിവൈൻ വിൽക്കാൻ അനുമതി നൽകിയ നടപടി വൻ വിവാദമായതോടെ ലൈസൻസ് അടിയന്തരമായി റദ്ദാക്കാൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രി വി.ഡി. സതീശനും എക്സൈസ് മന്ത്രി എം. ലിജുവും തമ്മിൽ നടത്തിയ നിർണായക ചർച്ചയ്ക്ക് ശേഷമാണ് ചാലക്കുടിയിലെ എംസിആർ ബേക്കറിക്ക് നൽകിയ വിൽപ്പനാനുമതി റദ്ദാക്കാൻ മുഖ്യമന്ത്രി കർശന നിർദേശം നൽകിയത്. മുഖ്യമന്ത്രിയോ വകുപ്പ് മന്ത്രിയോ അറിയാതെ നയപരമായ തീരുമാനമെടുത്ത് ലൈസൻസ് അനുവദിച്ച എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ ചുമതലയിൽനിന്ന് മാറ്റാനും നടപടിക്ക് ശുപാർശ ചെയ്യാനും തീരുമാനമായി.

ലൈസൻസ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് നികുതി സെക്രട്ടറിയോട് നിയമോപദേശം തേടാൻ എക്സൈസ് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. 15 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയ ഹോർട്ടിവൈൻ സാധാരണ ബേക്കറികളിലൂടെ ശീതളപാനീയങ്ങൾക്കൊപ്പം വിൽക്കാൻ അനുവദിക്കുന്നത് യാതൊരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന ഉറച്ച നിലപാടിലാണ് സർക്കാർ. വിവാദത്തിൽ എക്സൈസ് കമ്മീഷണറോട് മന്ത്രി അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് ഔദ്യോഗികമായി ലഭിച്ചാലുടൻ തുടർനടപടികളിലേക്ക് കടക്കും. ഹോർട്ടിവൈൻ വിൽപ്പനയ്ക്ക് വഴിയൊരുക്കിയ മുൻ എൽഡിഎഫ് സർക്കാരിന്റെ അബ്കാരി നിയമഭേദഗതി പുനഃപരിശോധിക്കാനും എക്സൈസ് മന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

നിയമഭേദഗതിയും രാഷ്ട്രീയ വിവാദവും

ബേക്കറികൾ വഴി ഹോർട്ടിവൈൻ വിൽക്കാൻ അനുമതി നൽകുന്ന നിയമഭേദഗതി കൊണ്ടുവന്നത് മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്താണെന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്. 2024 ജനുവരി 24-ന് അബ്കാരി നിയമത്തിൽ വരുത്തിയ ഭേദഗതി പ്രകാരം സൂപ്പർമാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ, 100 ചതുരശ്ര മീറ്ററിൽ കുറയാത്ത വിസ്തീർണമുള്ള ബേക്കറികൾ എന്നിവയ്ക്ക് ഹോർട്ടിവൈൻ വിൽക്കാൻ വ്യവസ്ഥയുണ്ടായിരുന്നു.

തുടർന്ന് 2025 നവംബറിൽ ചാലക്കുടിയിലെ ബേക്കറി ലൈസൻസിനായി അപേക്ഷ നൽകിയെങ്കിലും അന്നത്തെ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അനുമതി ലഭിച്ചിരുന്നില്ല. എന്നാൽ, പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷം ജൂൺ 21-നാണ് ഉദ്യോഗസ്ഥ തലത്തിൽ ലൈസൻസ് അനുവദിച്ചതും ബെവ്കോ ഔട്ട്‌ലെറ്റിൽനിന്ന് വിൽപ്പനയ്ക്കുള്ള വൈൻ ബേക്കറിയിലേക്ക് എത്തിച്ചതും. 86 ശതമാനം നികുതി ഘടനയോടെയായിരുന്നു ഈ അനുമതി.

ആരോപണങ്ങളുമായി എം.ബി. രാജേഷ്; വിശദീകരണവുമായി ഉൽപ്പാദകർ

അതേസമയം, വിഷയം സർക്കാരുകൾ തമ്മിലുള്ള വാക്പോരിലേക്കും വഴിമാറി. ബേക്കറി വഴി ഹോർട്ടിവൈൻ വിൽക്കാൻ അനുമതി നൽകിയത് ഇപ്പോഴത്തെ സർക്കാരാണെന്ന് മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു. ജൂൺ മാസത്തിൽ ലൈസൻസ് നൽകിയിട്ടും വകുപ്പ് മന്ത്രി ഇക്കാര്യം അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസനീയമല്ലെന്നും, വിവാദമായപ്പോൾ ലൈസൻസ് റദ്ദാക്കി ജനങ്ങളുടെ കൈയടി നേടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

എന്നാൽ, നിലവിലെ എല്ലാ നിയമങ്ങളും ചട്ടങ്ങളും പൂർണ്ണമായി പാലിച്ചുകൊണ്ടാണ് തങ്ങൾ ബേക്കറി വഴി ഹോർട്ടിവൈൻ വിൽപ്പന നടത്തിയതെന്ന് ഉൽപ്പാദകരായ ഡിസ്റ്റിലറിയുടെ ഉടമ കൊച്ചേരി സുരേഷ് വ്യക്തമാക്കി. സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾ അനുസരിച്ചാണ് പ്രവർത്തിച്ചതെന്നും ജൂൺ മാസത്തിലാണ് തങ്ങൾക്ക് വിൽപ്പനയ്ക്കുള്ള അനുമതി ലഭിച്ചതെന്നും പറഞ്ഞ അദ്ദേഹം, സർക്കാരിന്റെ ഏത് തുടർതീരുമാനവും അംഗീകരിക്കാൻ തയ്യാറാണെന്നും അറിയിച്ചു. നിലവിൽ ഉയർന്ന നികുതി ഘടനയിൽ ഇളവ് ആവശ്യപ്പെട്ട് സംരംഭകരും രംഗത്തുണ്ടായിരുന്നു. ബേക്കറികളിൽ ലഹരിപാനീയങ്ങൾ വിൽക്കുന്നത് സാമൂഹിക പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കുമെന്ന വിമർശനവും ഉയർന്നിരുന്നു.

Following widespread controversy, the Chief Minister has directed the cancellation of the order permitting the sale of horti-wine containing 15% alcohol through bakeries across Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിക്കിനി ഇടില്ലെന്ന് ശപഥം എടുത്തിരുന്നു; അമ്മയ്ക്ക് ഭയങ്കര വിഷമമായി'; വൈറല്‍ ലുക്കിനെക്കുറിച്ച് ഗായത്രി സുരേഷ്

ITI കഴിഞ്ഞോ?, ഫുഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 28 ഒഴിവുകൾ; നിയമനം മൈസൂരിൽ

കേരള ഹൈക്കോടതിയിൽ ടെലിഫോൺ ഓപ്പറേറ്റർ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

മക്കള്‍ സംരക്ഷിക്കുന്നില്ല, വീടിന് മുകളില്‍ നിന്ന് ചാടാനൊരുങ്ങി വയോധിക; രക്ഷപ്പെടുത്തി നാട്ടുകാര്‍

UDF ഭരണം അവസാനിക്കുമ്പോൾ എത്ര കുഞ്ചികസ്ഥാനങ്ങളാകും സംഘികളുടെ കൈകളിൽ അകപ്പെടുക?