തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക ചെലവ് ചുരുക്കല്‍ നടപടികള്‍ പാലിക്കണമെന്ന് ധനകാര്യ വകുപ്പ് ആവര്‍ത്തിക്കുന്നതിനിടെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അവരുടെ പേഴ്‌സണല്‍ സ്റ്റാഫിനും ഐ പാഡ് വാങ്ങാന്‍ തീരുമാനം. 6.7 കോടി രൂപ ചെലവില്‍ 480 ആപ്പിള്‍ ഐപാഡുകള്‍ വാങ്ങാനാണ് സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയത്. ഇതിനായി ഒക്ടോബര്‍ പതിനാറിന് പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ ഇ-ടെന്‍ഡറുകള്‍ ക്ഷണിച്ചു. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരില്‍ നിന്ന് തങ്ങള്‍ക്ക് ലഭിച്ചത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ ധവളപത്രം പുറപ്പെടുവിച്ചിരുന്നു ഇതിനിടെയാണ് സര്‍ക്കാര്‍ വന്‍തുക ചെലവിട്ട് ഐപാഡുകള്‍ വാങ്ങാന്‍ പദ്ധതിയിടുന്നത്.
ഐപാഡുകള്‍ മന്ത്രിമാര്‍ക്കും അവരുടെ സ്റ്റാഫിനുമാണോ നല്‍കുന്നതെന്ന് ടെന്‍ഡര്‍ രേഖകളില്‍ വ്യക്തമാക്കുന്നില്ലെങ്കിലും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പേഴ്‌സണല്‍ സ്റ്റാഫിനും വിതരണം ചെയ്യാനാണെന്നാണ് സര്‍ക്കാരുമായി അടുത്തവൃത്തങ്ങള്‍ പറയുന്നത്. ടെന്‍ഡര്‍ രേഖകള്‍ പ്രകാരം, 160 എണ്ണം 13 ഇഞ്ച് ഐപാഡ് പ്രോ (256GB), 160 എണ്ണം 11 ഇഞ്ച് ഐപാഡ് പ്രോ (256GB), 160 എണ്ണം 11 ഇഞ്ച് ഐപാഡ് (A16) വൈഫൈ + സെല്ലുലാര്‍ (256GB) എന്നിവയാണ് വാങ്ങുന്നത്. 13 ഇഞ്ച് ഐപാഡ് പ്രോ മോഡലുകള്‍ക്കായി ഏകദേശം 3.19 കോടി രൂപ ചെലവഴിക്കും; ഓരോന്നിനും ഏകദേശം 1,99,000 രൂപയാണ് വില.
11 ഇഞ്ച് ഐപാഡ് പ്രോ വൈഫൈ (256GB) മോഡലുകള്‍ക്കായി ഓരോന്നിനും 1.39 ലക്ഷം രൂപ നിരക്കില്‍ 2.23 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ബാക്കി 1.27 കോടി രൂപ 11 ഇഞ്ച് ഐപാഡ് (A16) വൈഫൈ + സെല്ലുലാര്‍ (256GB) മോഡലുകള്‍ക്കായി ചെലവഴിക്കും.മന്ത്രിമാര്‍, പ്രൈവറ്റ് സെക്രട്ടറിമാര്‍, വകുപ്പ് മേധാവികള്‍ എന്നിവരുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ലാപ്‌ടോപ്പുകള്‍, ഐപാഡുകള്‍, ടാബ്ലെറ്റുകള്‍ തുടങ്ങിയ ഐ.ടി ഹാര്‍ഡ്വെയറുകള്‍ വാങ്ങുന്നതിനുള്ള ചെലവ് പരിധി 1.5 ലക്ഷം രൂപയില്‍ നിന്ന് 2 ലക്ഷം രൂപയായി സെപ്റ്റംബറില്‍ സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. തുടര്‍ന്നാണ് ഒക്ടോബര്‍ 16-ന് കെല്‍ട്രോണ്‍ ഇ-ടെന്‍ഡര്‍ പുറപ്പെടുവിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates