യോഗാദിനത്തില്‍ യോഗ ചെയ്യുന്ന സ്ത്രീകള്‍  പിടിഐ
Kerala

സംസ്ഥാനത്ത് ഈ വര്‍ഷം 10,000 യോഗ ക്ലബ്ബുകള്‍ സ്ഥാപിക്കും: വീണാ ജോര്‍ജ്

പുതുതായി തുടങ്ങുന്ന 10,000 യോഗ ക്ലബ്ബുകളിലും നല്ലൊരു ശതമാനം വനിതാ യോഗ ക്ലബ്ബുകള്‍ ഉണ്ടാകും.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യോഗ പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഈ വര്‍ഷം പുതുതായി 10,000 യോഗ ക്ലബ്ബുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പത്താമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ വര്‍ഷം 1000 യോഗ ക്ലബ്ബുകള്‍ ആരംഭിച്ചു. കൂടാതെ 600 ഓളം വനിതാ യോഗ ക്ലബ്ബുകളും ആരംഭിച്ചു. പുതുതായി തുടങ്ങുന്ന 10,000 യോഗ ക്ലബ്ബുകളിലും നല്ലൊരു ശതമാനം വനിതാ യോഗ ക്ലബ്ബുകള്‍ ഉണ്ടാകും. ശരാശരി ഒരു യോഗാ ക്ലബ്ബില്‍ 25 അംഗങ്ങള്‍ ഉണ്ടായാല്‍ 10,000 യോഗ ക്ലബ്ബുകളിലൂടെ 2,50,000 പേര്‍ക്ക് യോഗ അഭ്യസിക്കാന്‍ സാധിക്കും. ഇതിലൂടെ സമൂഹത്തിനുണ്ടാകുന്ന ആരോഗ്യകരമായ മാറ്റം വലുതാണെന്നും മന്ത്രി പറഞ്ഞു.

'യോഗ വ്യക്തിക്കും സമൂഹത്തിനും' എന്നതാണ് ഈ വര്‍ഷത്തെ യോഗ ദിന സന്ദേശം. യോഗയ്ക്ക് ലോകമെമ്പാടും ലഭിക്കുന്ന അംഗീകാരം രാജ്യത്തിന് അഭിമാനമാണ്. 2014 ഡിസംബറിലാണ് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇന്ത്യ അവതരിപ്പിച്ച പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. വ്യക്തികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ നിലനില്‍പ്പിന് യോഗ അനിവാര്യമാണ്. പൊതുസമൂഹം ഇത് തിരിച്ചറിഞ്ഞതില്‍ വളരെ സന്തോഷവും അഭിമാനവുമുണ്ട്. ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള നിരവധി മാര്‍ഗങ്ങള്‍ നവ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്. എന്നാല്‍ ചിലതിന് ഒരു ശാസ്ത്രീയ അടിസ്ഥാനവുമില്ല. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് യോഗ. വ്യക്തിയെയും പ്രകൃതിയെയും ഉള്‍ക്കൊള്ളുന്ന ശാസ്ത്രീയമായ യോഗാഭ്യാസത്തിലൂടെ രോഗങ്ങളെ അകറ്റി ശരീരത്തിന് മികച്ച രോഗപ്രതിരോധ ശേഷി കൈവരിക്കാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജീവിതശൈലീ രോഗങ്ങളെ അകറ്റി നിര്‍ത്തുക എന്നത് നവകേരള കര്‍മ്മപദ്ധതിയിലെ 10 പ്രധാന പദ്ധതികളില്‍ ഒന്നാണ്. മാതൃശിശുമരണം ഏറ്റവും കുറവ് കേരളത്തിലാണ്. ആയുര്‍ദൈര്‍ഘ്യം ഏറ്റവും കൂടുതലും കേരളത്തിലാണ്. എന്നാല്‍ ജീവിതശൈലീ രോഗങ്ങള്‍ ഒരു വെല്ലുവിളിയായി നില്‍ക്കുന്നു. ഈ വെല്ലുവിളിയെ പ്രതിരോധിച്ച് സമൂഹത്തിലെ രോഗാതുരത കുറയ്ക്കുന്നതില്‍ യോഗയ്ക്ക് പരമ പ്രധാന സ്ഥാനമുണ്ട്. എല്ലാ വിഭാഗം ജനങ്ങളെയും സൗജന്യമായി യോഗ അഭ്യസിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. സമ്പൂര്‍ണ യോഗ പരിജ്ഞാനം നല്‍കി ആരോഗ്യവും മികച്ച ജീവിത ഗുണനിലവാരവും ഉറപ്പ് വരുത്താനാണ് പരിശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ആരംഭിച്ച 1000 യോഗ ക്ലബ്ബുകളുടെയും 600 വനിതാ യോഗ ക്ലബ്ബുകളുടെയും പ്രവര്‍ത്തന റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ മന്ത്രിക്ക് സമര്‍പ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിരവധി ഒഴിവുകൾ

'ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുന്നു', രക്ഷിക്കാന്‍ തയ്യാറെന്ന് ട്രംപ്

ഒരുപടി കറിവേപ്പില കൊണ്ട് എന്തൊക്കെ ചെയ്യാം

'നുണ പറയുന്നത് എനിക്ക് തീരെ ഇഷ്ടമല്ല'; വിജയ് വർമ്മയുമായുള്ള പ്രണയം തമന്ന അവസാനിപ്പിച്ചതിന് പിന്നിൽ

SCROLL FOR NEXT