കൊച്ചി: 'ഡോക്ടര്‍' പദവി എംബിബിഎസ് ബിരുദമുള്ളവര്‍ക്ക് മാത്രം അവകാശപ്പെട്ടതല്ലെന്ന് കേരള ഹൈക്കോടതി. മെഡിക്കല്‍ ബിരുദം ഉള്ളവര്‍ക്ക് മാത്രമായി ഡോക്ടര്‍ പദവി നീക്കിവച്ചിട്ടില്ല. ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകള്‍ക്കും ഡോക്ടര്‍ എന്ന് പേരിനൊപ്പം ചേര്‍ക്കാമെന്നുമാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐഎംഎ) ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിര്‍ണായകമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
എന്‍സിഎഎച്ച്പി നിയമം പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകള്‍ക്ക് 'ഡോ.' പ്രിഫിക്സോടെ സ്വതന്ത്ര പ്രാക്ടീസ് തുടരമെന്നും ജസ്റ്റിസ് വി ജി അരുണ്‍ ജനുവരി 22 പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു. മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് ഡോക്ടര്‍ എന്ന പദവി നല്‍കുന്നതിനുള്ള ഒരു വ്യവസ്ഥയും എന്‍എംസി നിയമത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. അത്തരം വ്യവസ്ഥയുടെ അഭാവത്തില്‍, 'ഡോ.' എന്ന പ്രിഫിക്സ് ഉപയോഗിക്കാനുള്ള പ്രത്യേക അവകാശം ഹര്‍ജിക്കാര്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ലെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ ഭാഗമായി നിലവില്‍ വന്ന വ്യവസ്ഥകള്‍ തുടരാമെന്നും കോടതി വ്യക്തമാക്കി.
ഡോക്ടര്‍ എന്ന പദത്തിന്റെ ഉത്ഭവം ഉള്‍പ്പെടെ പരാമര്‍ശിച്ചുകൊണ്ടാണ് ജ. വി ജി അരുണിന്റെ ഉത്തരവ്. 'ഡോക്ടര്‍' എന്ന പദത്തിന് ലാറ്റിന്‍ ഭാഷയില്‍ അധ്യാപകന്‍, ഇന്‍സ്ട്രക്ടര്‍ തുടങ്ങിയ അര്‍ഥങ്ങള്‍ കൂടിയൂണ്ട്. ഡോക്ടര്‍ എന്ന പദം ഒരു അക്കാദമിക് തലക്കെട്ടായും ഉപയോഗിച്ചുവരുന്നുണ്ട്. ദൈവശാസ്ത്രം, നിയമം, തത്ത്വചിന്ത തുടങ്ങിയ മേഖലകളില്‍ ഉയര്‍ന്ന തലത്തിലുള്ള യോഗ്യത നേടിയ, അധ്യാപനത്തിന് ലൈസന്‍സ് ലഭിച്ച ഒരാളെ പരാമര്‍ശിക്കാന്‍ പതിമൂന്നാം നൂറ്റാണ്ടില്‍, യൂറോപ്യന്‍ സര്‍വകലാശാലകളില്‍ ഡോക്ടര്‍ എന്ന പദം ഉപയോഗിച്ചിരുന്നു. വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയോടെ ഫിസിഷ്യന്‍മാരെ ഡോക്ടര്‍മാര്‍ എന്ന് വിളിക്കാന്‍ തുടങ്ങി. പത്തൊന്‍പതാം നൂറ്റാണ്ടോടെയാണ് ഈ വിശേഷണം സാധാരണമായത്. എന്നാല്‍ പിഎച്ച്ഡി പോലുള്ള ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള വ്യക്തികള്‍ക്കും 'ഡോക്ടര്‍' എന്ന പദവി ഉപയോഗിക്കാന്‍ അര്‍ഹതയുണ്ടെന്നും കോടതി വിധിയില്‍ ചൂണ്ടിക്കാട്ടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates