കൊച്ചി: റോഡിലെ കുഴിയിൽ വീണു മരിക്കാതെ ജനങ്ങൾക്ക് വീട്ടിലെത്താൻ കഴിയണമെന്ന് ഹൈക്കോടതി. ഗുണനിലവാരമുള്ള റോഡുകൾ ജനങ്ങൾക്ക് വേണമെന്നതിൽ വിട്ടുവീഴ്ചയില്ല. റോഡു പണിക്കായി 100 രൂപ നീക്കിവച്ചാൽ അതിൽ പകുതിയെങ്കിലും ശരിയായി ചെലവഴിക്കണം. അതിൽ കൂടുതൽ വേണമെന്നു പറയുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
കൊച്ചിയിലെ റോഡു നിർമാണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജി പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശനം ഉന്നയിച്ചത്. ശരാശരി നിലവാരമുള്ള റോഡുകളെങ്കിലും ജനങ്ങൾക്കു ലഭിക്കണം. ശരിക്കു റോഡു പണിയാൻ അറിയില്ലെങ്കിൽ എൻജിനീയർമാർ എന്തിനാണ് ഈ ജോലി ചെയ്യുന്നത്. അവർക്ക് പകരം മേസ്തിരിമാരെയും സൂപ്പർവൈസർമാരെയും നിയമിച്ചാൽ മതിയല്ലോ. എൻജിനീയർമാർ അറിയാതെ റോഡു പണിയിൽ ഒരു അഴിമതിയും നടക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.
സംസ്ഥാനത്തെ റോഡുകളെപ്പറ്റി ജനങ്ങൾക്ക് വ്യാപക പരാതിയാണുള്ളത്. കോടതി നിർദേശിച്ച പ്രകാരം 49 പരാതികളാണ് ലഭിച്ചത്. മികച്ച രീതിയിൽ റോഡുകൾ പണിയാം എന്നതിന്റെ ഉദാഹരണമാണ് പാലക്കാട്–ഒറ്റപ്പാലം റോഡ്. ഇത്രയും കാലമായിട്ടും ആ റോഡിന് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല. പക്ഷേ ആ റോഡു നിർമിച്ച മലേഷ്യൻ എന്‍ജിനീയര്‍ ആത്മഹത്യ ചെയ്യേണ്ടി വന്നു.
മഴയാണ് റോഡുകൾ തകരാനുള്ള കാരണം എന്ന് പറയാനാകില്ല. റോഡ് പൊളിഞ്ഞു നശിക്കുന്നതുവരെ എവിടെയാണ് എൻജിനീയർമാർ? കിഴക്കമ്പലം–നെല്ലാട് റോഡ് എത്രയും പെട്ടെന്നു നന്നാക്കണം. 2019 മുതൽ റോഡ് തകർന്നു കിടക്കുകയാണ്. ഇക്കാലമത്രയും അതു നന്നാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കൊച്ചി കോർപറേഷനും മറ്റു ഭരണ നേതൃത്വങ്ങളും നിർമിച്ച റോഡുകൾ മാസങ്ങൾക്കുള്ളിൽ തകർന്നത് അമിക്കസ് ക്യൂറി കോടതിയിൽ ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ മാസം കേസ് പരിഗണിച്ചപ്പോഴും കോടതി സർക്കാരിനെയും എൻജിനീയർമാരെയും രൂക്ഷമായി വിമർശിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates