തിരുവനന്തപുരം: അനധികൃതമായി റോഡില്‍ വാഹനം പാര്‍ക്ക് ചെയ്തവര്‍ക്കെതിരായ കേരള പൊലീസിന്റെ നടപടിയില്‍ കണ്ടെത്തിയത് 23,771 വാഹനങ്ങളുടെ നിയമ ലംഘനങ്ങള്‍. ട്രാഫിക് ആന്റ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായിട്ടായിരുന്നു നടപടി. പരിശോധനയില്‍ 23,771 വാഹനങ്ങളില്‍ നിന്നായി 61,86,650 രൂപ പിഴ ഈടാക്കി. 2026 ജനുവരി ഏഴു മുതല്‍ 13 വരെ ഏഴ് ദിവസം നീണ്ട പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.
സംസ്ഥാന പാതകളില്‍ 7,872, ദേശീയ പാതകളില്‍ 6,852, മറ്റ് പാതകളില്‍ 9047 എന്ന രീതിയിലാണ് നിയമലംഘനങ്ങള്‍ നടന്നതായി കണ്ടെത്തിയിട്ടുള്ളത്. അപകടസാധ്യത കൂടിയ മേഖലകള്‍, വാഹന സാന്ദ്രതകൂടിയ പാതകള്‍, പ്രധാനപ്പെട്ട ജംഗ്ഷനുകള്‍, സര്‍വ്വീസ് റോഡുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധനകള്‍ നടന്നത്. റോഡ് യാത്ര സുരക്ഷിതമാക്കുന്നതിനും ഗതാഗതതടസം ലഘൂകരിക്കുന്നതിനും റോഡപകടങ്ങള്‍ കുറയ്ക്കുക എന്നിവയായിരുന്നു നടപടിയുടെ ലക്ഷ്യം.
സംസ്ഥാനത്തെ ഹൈവേ പട്രോളിംഗ് വിഭാഗങ്ങളോട് തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിരന്തര പരിശോധന നടത്തുന്നതിനും നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അനധികൃത പാര്‍ക്കിംഗ് ഗതാഗതക്കുരുക്കിന് മാത്രമല്ല പലപ്പോഴും ദേശീയപാതകളില്‍ നടക്കുന്ന അപകടങ്ങളില്‍പ്പെടുന്നവരെ കൃത്യസമയത്ത് അടിയന്തിര ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിക്കുന്നതിനും ഭീഷണിയാകാറുണ്ട്.
ട്രാഫിക് ആന്റ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് ഐജി എസ് കാളിരാജ് മഹേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം ട്രാഫിക് നോര്‍ത്ത് സോണ്‍, സൗത്ത് സോണ്‍ എസ്.പി മാരുടെ മേല്‍നോട്ടത്തില്‍ ജില്ലാ ട്രാഫിക് നോഡല്‍ ഓഫീസര്‍മാരുമായി സഹകരിച്ചാണ് പരിശോധനകള്‍ നടത്തിയത്. ഇത്തരം പരിശോധനകള്‍ തുടര്‍ന്നും നടത്തി റോഡ് ഗതാഗതം സുരക്ഷിതമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഐ.ജി അറിയിച്ചു. പൊതുജനങ്ങള്‍ ഇത്തരം ഗതാഗത നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ 974700 1099 എന്ന 'ശുഭയാത്ര' വാട്ട്‌സ്ആപ്പ് നമ്പറില്‍ ട്രാഫിക് ആന്റ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് വിഭാഗത്തെ അറിയിക്കാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates