കൊച്ചി: ഇരട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്രവും തീവ്രവും ശക്തവുമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഞായറാഴ്ചയും പ്രവർത്തിക്കുന്ന ട്യൂഷൻ സെന്ററുകൾ, മതപഠന ക്ലാസുകൾ, പാരലൽ കോളജുകൾ എന്നിവയ്ക്ക് ഉൾപ്പെടെയാണ് കലക്ടർമാർ അവധി പ്രഖ്യാപിച്ചത്.
മലപ്പുറം
മലപ്പുറം ജില്ലയിൽ നാളെ (ഒക്ടോബർ 25 ഞായർ) അങ്കണവാടികൾ, മദ്റസകൾ, ട്യൂഷൻ സെന്ററുകൾ, പാരലൽ കോളജുകൾ, മറ്റ് കോച്ചിങ് സെന്ററുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഹോസ്റ്റലുകൾക്കും അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല, പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.
വയനാട്
ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽമതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾക്ക് നാളെ (ഒക്ടോബർ 25) ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ വി ചെൽസാസിനി അവധി പ്രഖ്യാപിച്ചു. ഉത്തരവ് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 51(ബി) പ്രകാരം കർശന ശിക്ഷാ നടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.
കോഴിക്കോട്
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് കോഴിക്കോട് ജില്ലയിൽ നാളെ (ഒക്ടോബർ 25 ഞായർ) കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ അങ്കണവാടികൾ, മദ്റസകൾ, ട്യൂഷൻ സെന്ററുകൾ, പാരലൽ കോളേജുകൾ, മറ്റ് കോച്ചിങ് സെന്ററുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഹോസ്റ്റലുകൾക്കും അവധി ബാധകമല്ല. എന്നാൽ, വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്ഥാപന മേധാവികൾ നടപടികൾ സ്വീകരിക്കണം.
മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല, പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല. പരീക്ഷകൾ നടത്തുന്ന സ്ഥാപനങ്ങൾ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണം. കനത്ത മഴയുള്ള സമയങ്ങളിൽ വിദ്യാർഥികൾ ജലാശയങ്ങൾ, തോടുകൾ, മരങ്ങൾക്കു സമീപം, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് പോകാതിരിക്കാൻ സ്ഥാപന മേധാവികളും അധ്യാപകരും രക്ഷിതാക്കൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകണം. ആവശ്യമെങ്കിൽ ഓൺലൈൻ ക്ലാസുകൾ ക്രമീകരിക്കാവുന്നതാണ്.
തിങ്കളാഴ്ച പാലക്കാട്, ഇടുക്കി ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ഇന്ന് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കണക്കുകൂട്ടുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ കണ്ണൂര്‍, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചത്. കാസര്‍കോട്, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates