ഫയല്‍ ചിത്രം 
Kerala

വളര്‍ത്തുമൃഗങ്ങളെ വഴിയില്‍ ഉപേക്ഷിച്ചാല്‍ ജയിലിലാകും, നിയമ ഭേദഗതിക്ക് സര്‍ക്കാര്‍

ഷൈനു മോഹന്‍

തിരുവനന്തപുരം: ഇനി വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നവര്‍ക്ക് വലിയ വിലകൊടുക്കേണ്ടി വരും. വളര്‍ത്തുനായകളെ തെരുവില്‍ ഉപേക്ഷിക്കുന്നത് തടയാന്‍ തദ്ദേശ സ്വയംഭരണ വകുപ്പും സംസ്ഥാന മൃഗക്ഷേമ ബോര്‍ഡും നീക്കങ്ങള്‍ തുടങ്ങി.

തെരുവ് നായ്ക്കളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനായി കര്‍ശനമായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇതു നടപ്പാക്കുന്നതിന്‍റെ ഭാഗമാണ് സര്‍ക്കാര്‍ നടപടി. പഞ്ചായത്ത് രാജ് ആക്ടിലും മുന്‍സിപ്പല്‍ ചട്ടത്തിലും ഭേദഗതി വരുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതു പ്രകാരം വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്ന ഉടമകള്‍ക്ക് 5,000 രൂപ പിഴയും ആറ് മാസം വരെ തടവു ശിക്ഷയും ലഭിക്കും. നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് രാജ് നിയമത്തിലും കേരള മുനിസിപ്പാലിറ്റി നിയമത്തിലും പുതിയ 'റെസ്‌പോണ്‍സിബിള്‍ പെറ്റ് ഓണര്‍ഷിപ്പ്' വകുപ്പ് ഉള്‍പ്പെടുത്തും.

മൃഗങ്ങളെ അശ്രദ്ധമായി വളര്‍ത്തുന്നതിനെതിരെ നടപടി സ്വീകരിക്കാന്‍ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷന്‍ 291 ഉം സ്വീകരിക്കും. നിയമ ലംഘനങ്ങള്‍ക്ക് പിഴ, തടവ് അല്ലെങ്കില്‍ രണ്ടും ലഭിക്കാവുന്ന കുറ്റമാണിത്. ഇതുമായി ബന്ധപ്പെട്ട ഭേദഗതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ഉടന്‍ തന്നെ നടപ്പിലാക്കുമെന്നും സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് അംഗം ആര്‍ വേണുഗോപാല്‍ പറഞ്ഞു.

'വളര്‍ത്തുനായ്ക്കളെ ഉപേക്ഷിക്കുന്നത് സംസ്ഥാനത്ത് തെരുവ് നായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് പിന്നിലെ ഒരു കാരണമാണ്. നായകള്‍ക്ക് ലൈസന്‍സിങ്ങും ആന്റി റാബിസ് വാക്‌സിനേഷനും നിര്‍ബന്ധമാക്കും, കൂടാതെ എല്ലാ വളര്‍ത്തുമൃഗങ്ങള്‍ക്കും മൈക്രോചിപ്പ് ഘടിപ്പിക്കും. ഉപേക്ഷിക്കപ്പെട്ട നായ്ക്കളുടെ ഉടമകളെ കണ്ടെത്താനും നിയമനടപടി സ്വീകരിക്കാനും ഇത് സഹായിക്കുമെന്നും' അദ്ദേഹം പറഞ്ഞു.

പെറ്റ് ഷോപ്പുകള്‍ക്കും ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കാനും സംസ്ഥാനം പദ്ധതിയിടുന്നുണ്ട്. കേന്ദ്ര നിയമങ്ങള്‍ നടപ്പിലാക്കാന്‍ മൃഗക്ഷേമ ബോര്‍ഡ് തീരുമാനിച്ചതായി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. രജിസ്‌ട്രേഷനും ലൈസന്‍സിങ്ങിനുമുള്ള അപേക്ഷാ ഫോമുകള്‍ മൃഗസംരക്ഷണ വകുപ്പിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. ആര്‍ വേണുഗോപാല്‍ പറഞ്ഞു.

രക്ഷപ്പെടുത്തിയ നായ്ക്കള്‍ക്ക് ഹോം ഷെല്‍ട്ടര്‍ ലൈസന്‍സ്

മൃഗക്ഷേമത്തിലും വളര്‍ത്തുമൃഗ ഉടമസ്ഥതയിലുമുള്ള സംവിധാനങ്ങള്‍ വിപുലമായി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി, രക്ഷപ്പെടുത്തിയ നായ്ക്കള്‍ക്ക് ഹോം ഷെല്‍ട്ടര്‍ ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. സര്‍ക്കാര്‍ നടത്തുന്ന ഷെല്‍ട്ടറുകളുടെ അപര്യാപ്തതയും തെരുവ് നായ്ക്കളുടെ എണ്ണത്തെക്കുറിച്ചുള്ള ആശങ്കകളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം.

ഉപേക്ഷിക്കപ്പെട്ടതും തെരുവ് നായ്ക്കളെ സ്വീകരിക്കുന്ന സ്വകാര്യ എന്‍ജിഒകള്‍ക്കും മൃഗസ്നേഹികള്‍ക്കും എല്ലാ സഹായവും നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. 'പൊതുജനങ്ങളുടെ പ്രതിഷേധം കാരണം പുതിയ ഷെല്‍ട്ടറുകള്‍ സ്ഥാപിക്കുന്നത് ബുദ്ധിമുട്ടാണ്. അതിന് ശ്രമിക്കുന്നതിന് മുമ്പ്, നിലവിലുള്ള ഷെല്‍ട്ടറുകള്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്.

വിഷയത്തില്‍ എന്‍ജിഒകളുമായും മൃഗസ്നേഹികളുമായും യോഗങ്ങള്‍ വിളിക്കാന്‍ ജില്ലാ വെറ്ററിനറി ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രക്ഷപ്പെടുത്തിയ നായ്ക്കള്‍ക്ക് ഞങ്ങളുടെ വെറ്ററിനറി ആശുപത്രികള്‍ സൗജന്യ വാക്‌സിനേഷനും വന്ധ്യംകരണവും ഉറപ്പാക്കും, കൂടാതെ അവയ്ക്ക് ഭക്ഷണം നല്‍കുന്നതിന് സൗജന്യ റേഷന്‍ നല്‍കുന്നതും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Kerala to fine, jail pet owners for abandoning dogs; tighter licensing norms planned

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്‌ഐ - യുവമോര്‍ച്ച പ്രതിഷേധം; വാഹനം വളഞ്ഞ് കൂവി വിളിച്ച് പ്രതിഷേധക്കാര്‍

തിരിച്ചുവരവ് അവതാളത്തിലാക്കി വീണ്ടും പരിക്ക്; പന്തിന്റെ പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ

'അഭിമാനത്തോടെ പറയും, ഞാന്‍ സംഘിയാണ്!'; പച്ചത്തെറിവിളിയും ഭീഷണിയും; മറുപടിയുമായി റോബിന്‍

​ഗ്രീൻ ടീ കുടിക്കാൻ മാത്രമല്ല, ചർമത്തിലെ ടാൻ കുറയ്ക്കും, ചില ​ഗ്രീൻടീ ഫേയ്സ്പാക്കുകൾ

രാജ്യത്തെ ഏറ്റവും വലിയ മേല്‍പ്പാലം, അരൂര്‍- തുറവൂര്‍ ഉയരപ്പാത നിര്‍മാണം അവസാന ഘട്ടത്തില്‍; 12 കിലോമീറ്ററില്‍ 374 ഒറ്റത്തൂണുകള്‍

SCROLL FOR NEXT