Muslim League leaders 
Kerala

വഖഫ് ഭേദഗതി നിയമം പിന്തുടരാൻ സർക്കാർ; മുസ്ലിം ലീഗ് ധർമ്മസങ്കടത്തിൽ

ഭേദഗതി നിയമപ്രകാരം വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കുമെന്ന് മന്ത്രി എൻ. ശംസുദ്ദീൻ; ബിജെപി അജണ്ടയെന്ന് സിപിഎമ്മും സമസ്തയും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിവാദ വഖഫ് നിയമ ഭേദഗതി (വഖഫ് അമെൻഡ്മെന്റ് ആക്ട് 2025) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ യുഡിഎഫിൽ ഭിന്നത രൂക്ഷമാകുന്നു. പുതുക്കിയ നിയമപ്രകാരം സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാൻ വിഡി സതീശൻ സർക്കാർ തീരുമാനിച്ചതോടെ, മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് രാഷ്ട്രീയമായി വലിയ പ്രതിരോധത്തിലാണ്. വഖഫ് ബോർഡിൽ രണ്ടു മുസ്‌ലിം ഇതര പ്രതിനിധികൾ വേണമെന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പാർട്ടിക്ക് വ്യക്തമായ ഒരു നയമുണ്ടെന്നിരിക്കെ ഭേദഗതി നിയമപ്രകാരം വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കുമെന്ന് ലീഗ് പ്രതിനിധിയായ മന്ത്രി എൻ. ശംസുദ്ദീൻ തന്നെ വ്യക്തമാക്കിയതാണ് നേതൃത്വത്തെ ധർമ്മസങ്കടത്തിലാക്കിയിട്ടുള്ളത്.

യൂണിഫൈഡ് വഖഫ് മാനേജ്‌മെന്റ് നിയമം ലംഘിച്ചാണ് പഴയ ബോർഡ് രൂപീകരിച്ചതെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ എൽഡിഎഫ് സർക്കാർ രൂപീകരിച്ച വഖഫ് ബോർഡിന്റെ പ്രവർത്തനം ഹൈക്കോടതി മരവിപ്പിച്ചതിന് പിന്നാലെയാണ് പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ രൂപപ്പെടുന്നത്.

പാർട്ടിയും മന്ത്രിയും രണ്ട് തട്ടിൽ; പാണക്കാട്ട് ഇന്ന് മന്ത്രിമാരുടെ യോഗം

കേന്ദ്ര ഭേദഗതി പ്രകാരം വഖഫ് ബോർഡിൽ രണ്ട് മുസ്ലിം ഇതര അംഗങ്ങളെയും ഒരു ഷിയാ പ്രതിനിധിയെയും ഉൾപ്പെടുത്തണമെന്ന നിർദ്ദേശമുണ്ട്. നിലവിലെ വഖഫ് ബോർഡിൽ ഇത്തരമൊരു ഘടനയില്ല. എന്നാൽ, നിയമപരമായി പുതിയ ഭേദഗതി അനുസരിച്ച് മാത്രമേ മുന്നോട്ട് പോകാൻ കഴിയൂ എന്നും, അതനുസരിച്ച് പുതിയ ബോർഡ് രൂപീകരിക്കുമെന്നും വഖഫ് മന്ത്രി കൂടിയായ എൻ. ശംസുദ്ദീൻ വ്യക്തമാക്കി.

എന്നാൽ മന്ത്രിയുടെ നിലപാടിനോട് അനുകൂല നിലപാടല്ല ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിനുള്ളത്. വഖഫ് ബോർഡിൽ മുസ്ലിം ഇതര പ്രതിനിധികളെ ഉൾപ്പെടുത്തുന്നതിനെ പാർട്ടി ഇപ്പോഴും ശക്തമായി എതിർക്കുന്നുവെന്നും കോടതി ഉത്തരവ് വന്നതുകൊണ്ട് ലീഗിന്റെ നയത്തിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു.

വിഡി സതീശൻ സർക്കാർ അധികാരമേറ്റ് വെറും രണ്ട് മാസം പിന്നിടുമ്പോൾ ഉയർന്നുവന്ന ഈ വിഷയം മുന്നണിയിൽ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. ഇതിനിടെ, വെള്ളിയാഴ്ച (ജൂലൈ 17) പാണക്കാട്ട് വിളിച്ചുചേർത്ത മുസ്ലിം ലീഗ് മന്ത്രിമാരുടെ നിർണ്ണായക യോഗത്തിൽ പാർട്ടിയെ പ്രതിരോധത്തിലാക്കിയ മറ്റ് പൊതുവിഷയങ്ങൾക്കൊപ്പം വഖഫ് തർക്കവും പ്രധാനമായി ചർച്ച ചെയ്യുമെന്നാണ് സൂചന. മുന്നണിയിലെ പ്രധാന ഘടകക്ഷി എന്ന നിലയിൽ സർക്കാർ നിലപാടിനെ തള്ളാനോ കൊള്ളാനോ കഴിയാത്ത നിലയിലാണ് ലീഗ് നിലവിലുള്ളത്. പ്രഖ്യാപിത നയങ്ങളിൽ നിന്നും വ്യതിചലിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും അണികളുടെ വലിയ തോതിലുള്ള വിയോജിപ്പിലേക്കും അസംതൃപ്തിയിലേക്കും നയിക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. യുഡിഎഫ് അധികാരത്തിലെത്തിയാൽ അധികാരത്തിൻറെ കേന്ദ്രബിന്ദു ലീഗ് ആകുമെന്ന ബിജെപി അവകാശവാദം കൂടി കണക്കിലെടുത്തുള്ള നയതന്ത്രപരമായ നിലപാടാണ് സതീശൻ സർക്കാർ അധികാരമേറ്റതു മുതൽ ലീഗ് സ്വീകരിച്ചുവരുന്നത്. എന്നാൽ വഖഫ് പോലെ പ്രാധാന്യുള്ള ഒരു വിഷയത്തിൽ ഇത് എത്രത്തോളം പ്രായോഗികമാണെന്നതും ലീഗിനെ വിഷമവൃത്തത്തിലാക്കുന്നു.

ബിജെപി സഖ്യമെന്ന് സിപിഎമ്മും സമസ്തയും; സുപ്രീം കോടതിയിലേക്ക് വഖഫ് ബോർഡ്

ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് വഖഫ് ബോർഡിന്റെ തീരുമാനം. യു.ഡി.എഫ് സർക്കാർ കോടതിയിൽ സ്വീകരിച്ച അനുകൂല നിലപാടാണ് തിരിച്ചടിയായതെന്ന് വഖഫ് ബോർഡ് അംഗവും സമസ്ത നേതാവുമായ ഉമർ ഫൈസി മുക്കം കുറ്റപ്പെടുത്തി. ബിജെപിയുടെ വർഗ്ഗീയ അജണ്ടയാണ് കേന്ദ്ര നിയമമെന്നും അത് അതേപടി നടപ്പാക്കാൻ സംസ്ഥാന സർക്കാർ കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയുമായി സർക്കാർ അവിശുദ്ധ കൂട്ടുകെട്ടിലാണെന്നും ഉമർ ഫൈസി തുറന്നടിച്ചു.

ഇതേ ആയുധമാക്കിയാണ് പ്രതിപക്ഷമായ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് സർക്കാരിനെതിരെ രംഗത്തുവന്നത്. ന്യൂനപക്ഷങ്ങളെയും മതനിരപേക്ഷ സമൂഹത്തെയും യുഡിഎഫ് വഞ്ചിച്ചുവെന്ന് സിപിഎം പ്രസ്താവനയിൽ പറഞ്ഞു. ബിജെപിയുമായുള്ള രഹസ്യ ധാരണയുടെ ഭാഗമായാണ് കോടതിയിൽ സർക്കാർ ഇത്തരമൊരു നിലപാട് എടുത്തതെന്നും സി.പി.എം ആരോപിച്ചു. രാഷ്ട്രീയമായ ഇത്തരം ആരോപണങ്ങളിൽ കുടുങ്ങാതെ സർക്കാരിനും പാർട്ടിക്കും പോറലേൽക്കാതെയുള്ള പ്രശ്നപരിഹാരമെന്നത് ലീഗിന് അഗ്നിപരീക്ഷയാകാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു,

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്ലീഡര്‍ നിയമന വിവാദം: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാതെ കെഎസ്‌യു പ്രസിഡന്റ്; കോണ്‍ഗ്രസില്‍ ഭിന്നത

കർക്കടകത്തിൽ ഭക്ഷണം കഴിക്കുമ്പോൾ..; ഒഴിവാക്കേണ്ടതും ചേർക്കേണ്ടതും

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 560 രൂപ കുറഞ്ഞു

വൈഗ അണക്കെട്ടിൽ ജലനിരപ്പ് 20 ശതമാനമായി താഴ്ന്നു; തെക്കൻ തമിഴ്‌നാട്ടിൽ കാർഷിക പ്രതിസന്ധി

ജീവകാരുണ്യമാകാം, വിളിച്ചുപറഞ്ഞ് നാട്ടുകാരെ അറിയിക്കണ്ട, ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുന്നത് നിയമലംഘനം