വിസ്മയ, കിരണ്‍ കുമാര്‍ / ഫയല്‍ 
Kerala

കിരണ്‍കുമാറിന്റെ അക്കൗണ്ടില്‍ പതിനായിരം രൂപ മാത്രം ; ബാങ്കിലും വീട്ടിലും തെളിവെടുപ്പ് ; ഫോറന്‍സിക് സംഘമെത്തും

മദ്യപിച്ചു കഴിഞ്ഞാല്‍ കിരണിന്റെ സ്വഭാവത്തിലുണ്ടാകുന്ന അസാധാരണ മാറ്റത്തെക്കുറിച്ച് മനശാസ്ത്രജ്ഞരെ കണ്ട് അഭിപ്രായം തേടും

സമകാലിക മലയാളം ഡെസ്ക്

കൊല്ലം : വിസ്മയയെ വിവാഹശേഷം അഞ്ചു തവണ മര്‍ദ്ദിച്ചിട്ടുണ്ടെന്ന് പ്രതി കിരണ്‍കുമാര്‍. പൊലീസ് കസ്റ്റഡിയില്‍ ലഭിച്ചശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് കിരണ്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ വിസ്മയ മരിച്ച അന്ന് മര്‍ദ്ദിച്ചിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു. മദ്യപിച്ചാല്‍ കിരണ്‍ കുമാറിന്റെ സ്വഭാവത്തില്‍ വന്‍ മാറ്റമെന്നും പൊലീസ് സൂചിപ്പിച്ചു. 

കിരണ്‍കുമാറിന്റെ ബാങ്ക് അക്കൗണ്ടില്‍ പതിനായിരം രൂപ മാത്രമേ ഉള്ളൂവെന്ന് പൊലീസിന് വിവരം ലഭിച്ചു. വിസ്മയക്ക് സ്തീധനമായി ലഭിച്ച 40 പവന്‍ പോരുവഴിയിലെ എസ്ബിഐ ശാഖയിലെ ലോക്കറിലാണ് സൂക്ഷിച്ചിട്ടുള്ളതെന്ന് കിരണ്‍ കുമാര്‍ പൊലീസിനോട് പറഞ്ഞു. കിരണിന്റെ സാലറി അക്കൗണ്ടും ഇതേ ബാങ്കിലാണ്. തുടര്‍ന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് അക്കൗണ്ടില്‍ പതിനായിരം രൂപ മാത്രമേ ഉള്ളൂവെന്ന് വിവരം ലഭിച്ചത്. 

പോരുവഴിയിലെ എസ്ബിഐ ശാഖയില്‍ കിരണിനെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. 42 പവന്‍ ലോക്കറില്‍ നിന്നും കണ്ടെടുത്തു. വിസ്മയയുടേത് കൊലപാതകമാണോ ആത്മഹത്യയാണോ എന്ന സംശയം നിലനില്‍ക്കുന്നതിനിടെ, പൊലീസ് സര്‍ജന്റെയും ഫോറന്‍സിക് ഡയറക്ടറുടേയും സാന്നിധ്യത്തില്‍ കിരണിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. 166 സെന്റിമീറ്റര്‍ മാത്രം ഉയരമുള്ള വിസ്മയ 185 സെന്റിമീറ്റര്‍ ഉയരമുള്ള ശുചിമുറിയിലെ ജനാലയില്‍ എങ്ങനെ തൂങ്ങിമരിക്കും എന്ന ചോദ്യമാണ് അന്വേഷണസംഘത്തെ കുഴയ്ക്കുന്നത്.

പൊലീസ് സര്‍ജനും ഫോറന്‍സിക് വിദഗ്ധരും ഇന്ന് വിസ്മയ മരിച്ച കിരണിന്റെ വീട്ടിലെത്തിയും തെളിവെടുപ്പ് നടത്തും. വിസ്മയയുടെ ശരീരത്തില്‍ വിഷാംശം ഉണ്ടോ എന്നതു സംബന്ധിച്ച് വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ റിപ്പോര്‍ട്ട് കൂടി ലഭിച്ചശേഷമാകും വിസ്മയയുടേത് കൊലപാതകമാണോ എന്നതില്‍ അന്തിമ നിഗമനത്തിലെത്താനാകൂ എന്നാണ് പൊലീസ് അധികൃതര്‍ സൂചിപ്പിക്കുന്നത്. 

മദ്യപിച്ചു കഴിഞ്ഞാല്‍ കിരണിന്റെ സ്വഭാവത്തിലുണ്ടാകുന്ന അസാധാരണ മാറ്റത്തെക്കുറിച്ച് മനശാസ്ത്രജ്ഞരെ കണ്ട് അഭിപ്രായം തേടാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. എല്ലാ വിധത്തിലുള്ള ശാസ്ത്രീയ തെളിവുകളും ശേഖരിക്കാന്‍ കേസന്വേഷണത്തിന് നേതൃത്വം വഹിക്കുന്ന ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഇന്നലെ കിരണ്‍കുമാറിനെയും കൊണ്ട് വൈകീട്ട് കിഴക്കേ കല്ലട രണ്ടു റോഡിനു സമീപത്തെ ഹോംഗാര്‍ഡിന്റെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തു. വിവാഹം കഴിഞ്ഞ് രണ്ടു മാസത്തിനിടെ വിസ്മയയുടെ വീട്ടില്‍പ്പോയി മടങ്ങുമ്പോള്‍ ഇരുവരും വഴക്കിട്ടു. ഈ ഭാഗത്തുവെച്ച് കാര്‍ നിര്‍ത്തി പുറത്തിറങ്ങിയും വഴക്കു തുടര്‍ന്നു. കിരണ്‍ മര്‍ദിക്കാന്‍ ശ്രമിച്ചപ്പോള്‍ വിസ്മയ ഓടിക്കയറിയത് ഈ വീട്ടിലേക്കാണ്. വീട്ടുടമ ഇടപെട്ട് അനുനയിപ്പിച്ചാണ് ഇരുവരെയും തിരിച്ചയച്ചത്. അതിനാലാണ് ഇവിടെയെത്തി തെളിവെടുത്തത്.

കിരണിന്റെ സഹോദരിയെയും സഹോദരീഭര്‍ത്താവിനെയും അടുത്ത ബന്ധു്കളെയും പൊലീസ് ചോദ്യം ചെയ്യും. കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന കിരണ്‍ കുമാറിനെ തിങ്കളാഴ്ചയാണ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. 30 ന് വൈകീട്ട് കിരണിനെ തിരികെ ഹാജരാക്കാനാണ് കോടതി നിര്‍ദേശം. ഇതിനകം കഴിയുന്നത്ര തെളിവുകള്‍ ശേഖരിക്കനാണ് അന്വേഷണസംഘത്തിന്റെ നീക്കം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

SCROLL FOR NEXT