സിസ്റ്റര്‍ സെഫി/ വിന്‍സെന്റ് പുളിക്കല്‍ 
Kerala

കോട്ടൂരിന് ഇരട്ട ജീവപര്യന്തം, തെളിവു നശിപ്പിക്കലിന് ഏഴു വര്‍ഷം; സെഫിക്ക് ജീവപര്യന്തവും ഏഴു വര്‍ഷവും തടവ്

കോട്ടൂരിന് ഇരട്ട ജീവപര്യന്തം, തെളിവു നശിപ്പിക്കലിന് ഏഴു വര്‍ഷം; സെഫിക്ക് ജീവപര്യന്തവും ഏഴു വര്‍ഷവും തടവ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അഭയ കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ ഫാദര്‍ തോമസ് കോട്ടൂരിന് കോടതി വിധിച്ചത് ഇരട്ട ജീവപര്യന്തം ശിക്ഷ. കൊലപാതകത്തിനും കൊലപാതകം ചെയ്യുന്നതിനു വേണ്ടി അതിക്രമിച്ചു കടന്നതിനുമാണ് ശിക്ഷ. ഇതിനു പുറമേ തെളിവു നശിപ്പിക്കലിന് ഏഴു വര്‍ഷം തടവും കോടതി വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ജീവപര്യന്തകാലമാണ് ജയിലില്‍ കഴിയേണ്ടി വരിക.

സിസ്റ്റര്‍ സെഫിക്കു കൊലപാതകത്തിനു ജീവപര്യന്തവും തെളിവു നശിപ്പിക്കലിന് ഏഴു വര്‍ഷം തടവും വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. തടവുശിക്ഷയ്ക്കു പുറമേ ഇരുവരും അഞ്ചു ലക്ഷം രൂപ പിഴ ഒടുക്കണം. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം. അതിക്രമിച്ചു കടക്കലിന് കോട്ടൂരിന് ഒരു ലക്ഷം രൂപ അധിക പിഴ ചുമത്തി. 

പ്രായം കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവു നല്‍കണമെന്നും അര്‍ബുദരോഗിയാണെന്നും ഫാദര്‍ കോട്ടൂര്‍ കോടതിയില്‍ പറഞ്ഞു. പ്രായമായ മാതാപിതാക്കള്‍ ഉണ്ടെന്നും അവരെ സംരക്ഷിക്കുന്നത് താനാണെന്നും മറ്റൊരു പ്രതിയായ സിസ്റ്റര്‍ സെഫി പറഞ്ഞു. ശിക്ഷയില്‍ ഇളവു വേണമെന്ന് ഇരുവരും അഭ്യര്‍ഥിച്ചു. 

ഇന്ത്യന്‍ ശിക്ഷാ നിയമം 302 (കൊലപാതകം), 201 (തെളിവു നശിപ്പിക്കല്‍), 449 (അതിക്രമിച്ചുകടക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ.

ഗൗരവമേറിയ കുറ്റമാണ് പ്രതികള്‍ ചെയ്തിരിക്കുന്നതെന്നും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ആസൂത്രിത കൊലപാതകമാണോയെന്ന ചോദ്യത്തിന് അല്ലെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. എന്നാല്‍ അതിക്രമിച്ചു കടന്നു കൊല നടത്തിയത് ഗൗരവമേറിയതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. 

സിസ്റ്റര്‍ അഭയ മരിച്ച് 28 വര്‍ഷങ്ങള്‍ക്കു ശേഷമാണ്, സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കിയ കേസില്‍ കോടതി വിധി പറഞ്ഞത്. കേസില്‍ ഇരുവരും കുറ്റക്കാരാണെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. 

1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ്സ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കാണപ്പെട്ടത്. ബിസിഎം കോളജിലെ പ്രിഡിഗ്രി വിദ്യാര്‍ഥിയായിരുന്നു അഭയ. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. സിബിഐ അന്വേഷണം തുടങ്ങി 15 വര്‍ഷത്തിനു ശേഷമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

ഫാദര്‍ തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസില്‍ വിചാരണ നേരിട്ട പ്രതികള്‍. രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണയ്ക്കു മുമ്പ് കുറ്റവിമുക്തനാക്കി. നാലാം പ്രതി ആഗസ്റ്റിന്‍ വിചാരണയ്ക്കു മുമ്പു മരിച്ചു. ഒരു വര്‍ഷം മുന്‍പാണ് വിചാരണ ആരംഭിച്ചത്. 49 പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിച്ചു. എട്ട് പേര്‍ വിചാരണയ്ക്കിടെ കൂറുമാറി.

ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് സിബിഐ ആശ്രയിച്ചത്.

പ്രത്യേക സിബിഐ കോടതി ജഡ്ജി കെ സനില്‍കുമാറാണ് കേസ് പരിഗണിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT