തിരുവനന്തപുരം: അർജന്റീനയുടെ ഇതിഹാസ ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം നൽകി കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി തേടി. ഇതുസംബന്ധിച്ച ഫയൽ മുഖ്യമന്ത്രി ലോക്ഭവന് കൈമാറി. ഭരണഘടനാ പദവിയിലുള്ള മുൻ മന്ത്രിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തുന്നതിനാണ് സർക്കാർ ഗവർണറുടെ മുൻകൂർ അനുമതി ആവശ്യപ്പെട്ടത്.
കേസിൽ മുൻ ഫുട്ബോളറും സ്പോർട്ട് കൌണ്സിൽ അധ്യക്ഷനുമായിരുന്ന യു. ഷറഫലി, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി. സത്യപാലൻ എന്നിവർക്കെതിരെയും അന്വേഷണം നടക്കും. ഇവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്താനുള്ള ഫയലിൽ മുഖ്യമന്ത്രി ഒപ്പുവെച്ചിട്ടുണ്ട്.
മെസിയെ കേരളത്തിൽ എത്തിക്കുമെന്ന പ്രചാരണത്തിന് പിന്നിൽ നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കായിക വകുപ്പ് സെക്രട്ടറി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ അന്നത്തെ കായികമന്ത്രിയായിരുന്ന അബ്ദുറഹിമാനെതിരെ സാരമായ കണ്ടെത്തലുകൾ ഉണ്ടായിരുന്നു. തട്ടിപ്പ് അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം അബ്ദുറഹ്മാനെ പിന്നീട് ചോദ്യം ചെയ്തിരുന്നു,
മെസിയെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് സ്പെയിനിലേക്ക് നടത്തിയ വിദേശയാത്ര, പദ്ധതിക്കായി സ്പോൺസറെ തെരഞ്ഞെടുത്ത രീതി, ഇതിൽ മന്ത്രിയുടെ ഓഫീസിൽ നിന്നുണ്ടായ അനാവശ്യ സമ്മർദ്ദങ്ങളും ഇടപെടലുകളും എന്നിവ സംബന്ധിച്ച് അന്വേഷണ സംഘം അബ്ദുറഹിമാനോട് ചോദിച്ചു മനസിലാക്കിയിപുന്നു. സ്പോൺസറെ തെരഞ്ഞെടുത്തതിൽ മന്ത്രിയായിരുന്ന അബ്ദുറഹിമാന്റെ ഭാഗത്തുനിന്ന് വഴിവിട്ട സഹായങ്ങളോ നീക്കങ്ങളോ ഉണ്ടായിട്ടുണ്ടോ എന്നാണ് വിജിലൻസും എസ്ഐടിയും പ്രധാനമായും പരിശോധിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates