തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ കുടുക്കിയ വ്യാജ ലഹരിക്കേസില്‍ കുറ്റസമ്മതം നടത്തി പ്രതി ലിവിയ ജോസ് ( Liviya Jose ). ഒറ്റബുദ്ധിക്ക് ചെയ്തതാണെന്നും, സഹോദരിക്ക് കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും ലിവിയ ജോസ് പൊലീസിന് മൊഴി നല്‍കി. താന്‍ ബംഗളൂരുവില്‍ മോശം ജീവിതമാണ് നയിക്കുന്നതെന്ന് ഷീല സണ്ണിയും ഭര്‍ത്താവും പറഞ്ഞു പരത്തി. ഇതാണ് പകയ്ക്ക് കാരണമെന്നും ലിവിയ പൊലീസിനോട് പറഞ്ഞു.
വ്യാജ ലഹരിക്കേസില്‍ ലിവിയ ജോസിന്റെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തി. രാവിലെ ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ലിവിയയെ കൊടുങ്ങല്ലൂരിലെത്തിച്ച് ചോദ്യം ചെയ്തത്. ആദ്യഘട്ടത്തില്‍ പല കാര്യങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ തെളിവുകള്‍ അടക്കം നിരത്തിയുള്ള ചോദ്യം ചെയ്യലിലാണ് ഒടുവില്‍ കുറ്റസമ്മതം നടത്തിയത്.
കുറ്റകൃത്യത്തില്‍ തന്റെ സഹോദരിയായ, ഷീല സണ്ണിയുടെ മരുമകള്‍ക്ക് പങ്കില്ല. നാരായണദാസിന്റെ സഹായത്തോടെയാണ് താന്‍ കുറ്റകൃത്യം ചെയ്തത്. താന്‍ മോശം ജീവിതം നയിക്കുന്നവളാണെന്ന ഷീല സണ്ണിയുടെ ശബ്ദസന്ദേശം തനിക്ക് ലഭിച്ചു. ഇതോടെയാണ് പക ഇരട്ടിച്ചത്. ഇതേത്തുടര്‍ന്ന് ഷീല സണ്ണിയെ സമൂഹത്തിന് മുന്നില്‍ നാണം കെടുത്താന്‍ തീരുമാനിച്ചു. മനസ്സില്‍ തോന്നിയ ആശയം നാരായണ ദാസിനോടാണ് പങ്കുവെച്ചത്.
നാരായണ ദാസ് ആഫ്രിക്കന്‍ വംശജനില്‍ നിന്നാണ് ലഹരി സ്റ്റാമ്പ് വാങ്ങിയത്. എന്നാല്‍ ആഫ്രിക്കന്‍ വംശജന്‍ ഡ്യൂപ്ലിക്കേറ്റ് ലഹരി സ്റ്റാമ്പ് നല്‍കി തങ്ങളെ പറ്റിക്കുകയായിരുന്നുവെന്നും ലിവിയ ജോസ് പൊലീസിനോട് പറഞ്ഞു. അറസ്റ്റിലായ ലിവിയയെ കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് തീരുമാനം. നാരായണദാസിനൊപ്പം ലിവിയയെ ഇരുത്തി ചോദ്യം ചെയ്യാനും പൊലീസ് ഉദ്ദേശിക്കുന്നുണ്ട്. എന്നാല്‍ ലിവിയ കളവു പറയുകയാണെന്നാണ് ഷീല സണ്ണി പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates