അസഫാക്കിന് വധശിക്ഷ നല്‍കിയ കോടതി നടപടിയില്‍ മധുരം വിതരണം ചെയ്ത് ചുമട്ടുതൊഴിലാളികള്‍/ ടെലിവിഷന്‍ ചിത്രം 
Kerala

'ശിശുദിനത്തില്‍  ആ പിഞ്ചുകുഞ്ഞിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും'; വധശിക്ഷയില്‍ ലഡുവിതരണം നടത്തി നാട്ടുകാര്‍

കോടതിയോടും പബ്ലിക് പ്രോസിക്യൂട്ടറോടും നന്ദി പറയുന്നു. ആ സംഭവത്തിന് ശേഷം ഇവിടെ ആരും വന്നാലും ശ്രദ്ധിക്കുന്ന സ്ഥിതിയുണ്ടായി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതി അസഫാക് ആലത്തിന് വധശിക്ഷ വിധിച്ച കോടതി നടപടിയില്‍ ലഡുവിതരണം നടത്തി ആലുവയിലെ ചുമട്ടുതൊഴിലാളികള്‍. കേസില്‍ നിര്‍ണായകമായയതും പ്രതിയെ കണ്ടെത്താന്‍ സഹായകമായതും ആലുവയിലെ സിഐടിയു തൊഴിലാളി താജുദ്ദീന്റെ മൊഴിയായിരുന്നു. താജുദ്ദീന്റെ നേതൃത്വത്തിലായിരുന്നു ലഡുവിതരണം. 

വിധിയില്‍ സന്തോഷമെന്ന് താജുദ്ദീന്‍ മാധ്യമങ്ങളോട് പറഞ്ഞു. 'മേലില്‍ ഒരാളും ഇത്തരത്തില്‍ ഒരു കൊടുംക്രൂരത നടത്തരുത്. ഇന്ന് ശിശുദിനമാണ്. ആ പിഞ്ചുകുഞ്ഞിന്റ ആത്മാവ് വളരെ അധികം സന്തോഷിക്കുന്നുണ്ടാകും. കോടതിയോടും പബ്ലിക് പ്രോസിക്യൂട്ടറോടും നന്ദി പറയുന്നു. ആ സംഭവത്തിന് ശേഷം ഇവിടെ ആരും വന്നാലും ശ്രദ്ധിക്കുന്ന സ്ഥിതിയുണ്ടായി'- താജുദ്ദീന്‍ പറഞ്ഞു. 

സംഭവത്തിന് പിന്നാലെ, അസഫാക്കിന്റെ ദൃശ്യങ്ങള്‍ ടിവിയില്‍ കണ്ടതിനെ തുടര്‍ന്ന് താജുദ്ദീന്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ആലുവ മാര്‍ക്കറ്റിന് പിന്നില്‍ നിന്ന് അഞ്ചുവയസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെടുത്തത്. കേസില്‍ സമീപത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളും നിര്‍ണായകമായി.

എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിച്ചത്. കുറ്റകൃത്യം നടന്ന് 110 നാളിലാണ് ശിക്ഷ പ്രഖ്യാപിച്ചത്.ശിശുദിനവും പോക്‌സോ നിയമം പ്രാബല്യത്തിലായതിന്റെ പതിനൊന്നാം വാര്‍ഷികത്തിലും കൂടിയാണ് അഞ്ചുവയസ്സുകാരിക്കെതിരായ അതിക്രൂര കുറ്റകൃത്യത്തില്‍ ശിക്ഷയെന്നതും പ്രത്യേകതയാണ്. കേസ്അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് വിലയിരുത്തിയാണ് കോടതി ശിക്ഷാവിധി പ്രസ്താവിച്ചത്. പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

രാവിലെ പത്തുമണിയോടെ തന്നെ പ്രതി അസഫാക്കിനെ കോടതിയിലെത്തിച്ചു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളും കോടതിയിലെത്തിയിരുന്നു. മനുഷ്യരൂപം പൂണ്ട രാക്ഷസനാണ് അയാളെന്നും, അയാള്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്നും, മരണശിക്ഷ തന്നെ നല്‍കണമെന്നും കുട്ടിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.28 വയസ്സുള്ളതിനാല്‍ അസഫാക്കിന്റെ പ്രായം കണക്കിലെടുക്കണമെന്ന പ്രതിഭാഗം വാദം ന്യായമല്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ് അഭിപ്രായപ്പെട്ടിരുന്നു. പ്രതിക്ക് 28 വയസ്സ് മാത്രമുള്ളതിനാല്‍ മാനസാന്തരത്തിന് സാധ്യതയുണ്ടെന്നും അതിനാല്‍ ശിക്ഷയില്‍ ഇളവുണ്ടാകണമെന്നുമാണ് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നത്.

കേസില്‍ പ്രതി ബിഹാര്‍ സ്വദേശിയായ അസഫാക് ആലം കുറ്റക്കാരനാണെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു. വധശിക്ഷ വരെ ലഭിക്കാവുന്ന അഞ്ചു കുറ്റങ്ങള്‍ അടക്കം ഗൗരവസ്വഭാവമുള്ള 13 കുറ്റങ്ങളാണ് അസഫാക് ആലത്തിനെതിരെ കോടതി കണ്ടെത്തിയത്. ക്രൂരമായ കുറ്റകൃത്യം ചെയ്ത അസഫാക്കിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.കഴിഞ്ഞ ജൂലൈ 28 നാണ് ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസ്സുള്ള കുഞ്ഞിനെ പ്രതിയായ അസഫാക് ആലം വിളിച്ചുകൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്.തുടര്‍ന്ന് ആലുവ മാര്‍ക്കറ്റിലെ മാലിന്യകൂമ്പാരത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

മമ്മൂട്ടി കമ്പനിയുടെ ഷോർട്ട് ഫിലിം വരുന്നു; സംവിധായകൻ രഞ്ജിത്, നായികയെയും നായകനെയും മനസിലായോ?

എണ്ണമയമുള്ള ചർമ്മമാണോ നിങ്ങൾക്ക്? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

'പറഞ്ഞാല്‍ പങ്കെടുക്കുമായിരുന്നു', റസൂല്‍പൂക്കുട്ടി ചുമതലയേല്‍ക്കുന്ന ചടങ്ങിന് ക്ഷണിച്ചില്ല, അതൃപ്തി പ്രകടമാക്കി പ്രേംകുമാര്‍

'മോഹന്‍ലാലിനെ അവന്‍ അറിയാതെ വിളിച്ചിരുന്ന പേര്, പറഞ്ഞാല്‍ എന്നെ തല്ലും'; ഇരട്ടപ്പേര് വെളിപ്പെടുത്തി ജനാര്‍ദ്ദനന്‍

SCROLL FOR NEXT