M A Shahanas expresses humiliation over being forced to share photo with mukesh MLA facebook
Kerala

'മനുഷ്യരെ ചൂഷണം ചെയ്തവര്‍ക്കൊപ്പം ഫോട്ടോ എടുത്തതില്‍ അപമാനമുണ്ട്, ആത്മഹത്യ ചെയ്യില്ല'; മുകേഷിനൊപ്പമുള്ള ഫോട്ടോയില്‍ ഷഹനാസിന്റെ വിശദീകരണം

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുന്നതിനും മുകേഷിനെതിരായ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുന്നതിനും മുമ്പുള്ളതാണ് ചിത്രം.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് കെപിസിസി സംസ്‌കാര സാഹിതി ജനറല്‍ സെക്രട്ടറി എം എ ഷഹനാസ്. പീഡനക്കേസില്‍ ആരോപണ വിധേയനായ മുകേഷ് എംഎല്‍എയ്ക്കൊപ്പം നില്‍ക്കുന്ന ഷഹനാസിന്റെ ചിത്രമാണ് സൈബര്‍ ഇടങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ചിത്രം പങ്കുവെയ്ക്കേണ്ടി വന്നതില്‍ തനിക്ക് അപമാനമുണ്ടെന്നും അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുന്നതിനും മുകേഷിനെതിരായ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുന്നതിനും മുമ്പുള്ളതാണ് ചിത്രം. 2023-ലെ നിയമസഭാ പുസ്തകോത്സവത്തിനിടെ എടുത്ത ചിത്രമാണ് ഇപ്പോള്‍ സൈബര്‍ ആക്രമണങ്ങള്‍ക്കായി വ്യാപകമായി പ്രചരിപ്പിക്കുന്നത്. തനിക്ക് അയാളില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടില്ല എന്നതുകൊണ്ട് മറ്റ് സ്ത്രീകള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അവിശ്വസിക്കില്ലെന്നും താന്‍ എന്നും ഇരകള്‍ക്കൊപ്പമാണെന്നും ഷഹനാസ് വ്യക്തമാക്കി.

ഷഹനാസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

സൈബര്‍ ബുള്ളിയിങ് കൊണ്ട് ആത്മഹത്യ ചെയ്ത ഒരുപാട് മനുഷ്യരുണ്ട്. അങ്ങനെ സൈബര്‍ ബുള്ളിയിങ്ങു കാരണം ഞാന്‍ ആത്മഹത്യ ചെയ്തു എങ്കില്‍ അത് എത്ര പ്രാവശ്യം ആയിരിക്കണം എന്ന് ആലോചിക്കായിരുന്നു. എന്നെ പോലെ അങ്ങനെ ചിന്തിക്കുന്ന എത്രെ മനുഷ്യര്‍ ഉണ്ട്. നിലപാട് പറഞ്ഞതിന്റെ പേരില്‍, അനുഭവിച്ച ചൂഷണം പറഞ്ഞതിന്റെ പേരില്‍ അങ്ങനെ അങ്ങനെ.....എത്ര സ്ത്രീകളെ നിങ്ങള്‍ കൊല്ലാതെ കൊന്നിട്ടുണ്ട്? അതും സത്യം പകല്‍ പോലെ വെളിച്ചത്തില്‍ നിങ്ങള്‍ക്കൊക്കെ മുന്നില്‍ നിന്നാലും ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ നിങ്ങള്‍ എത്രെ മനുഷ്യരെ കൊന്നിട്ടുണ്ട്...?

ഞാന്‍ എന്തായാലും ആത്മഹത്യാ ചെയ്യില്ല ഞാന്‍ എങ്ങാനും പെട്ടന്ന് ദുരൂഹമായി മരിച്ചു പോയാല്‍ എനിക്ക് ചുറ്റുമുള്ള എന്റെ മകള്‍ അടക്കമുള്ളവരോട് ഞാന്‍ പറയാറുണ്ട് അത് ആരെങ്കിലും എന്നെ തല്ലി കൊന്നത് ആയിരിക്കും എന്ന്....ഞാന്‍ ആത്മഹത്യ ചെയ്യില്ല എന്ന്...കാരണം ഞാനെന്റെ ജീവിതത്തെ അത്രയേറെ ഇഷ്ടപെടുന്നുണ്ട്....

പറഞ്ഞു വന്നത് മറ്റൊന്നുമല്ല സൈബര്‍ സ്പേസ് അത് ഏത് രാഷ്ട്രീയമാവട്ടെ അവരുടെ ബുള്ളിയിങ് കാല കാലങ്ങളില്‍ അനുഭവിച്ചിട്ടുണ്ട്. അതോണ്ട് തന്നെ നല്ല തൊലികട്ടി തന്നെയാണ്.... ഈ നിമിഷവും കടന്നു പോകും വിചാരിച്ചു നില്‍ക്കാന്‍ ഇതു എനിക്ക് അത്ര മോശമായ അവസ്ഥയും അല്ല...ഇതിനേക്കാള്‍ മോശം അവസ്ഥ ഒക്കെ തരണം ചെയ്തു തന്നെയാണ് ഇന്ന് ജീവിക്കുന്ന അവസ്ഥയില്‍ എത്തിയത്.അല്ലെങ്കിലും പ്രതികരിച്ചതിന്റെ പേരില്‍ കലാകാലങ്ങളില്‍ നിങ്ങളൊക്കെ തന്ന മോശം പേരുകള്‍ ഇനി ഒരു കാലത്തും വരാനും ഇല്ല,അതിനപ്പുറം ഒരു പെണ്ണിനെ ഒരു മനുഷ്യനെ പറയാനും ഇല്ല...

ഇപ്പോള്‍ ഇങ്ങനെ ഒരു പോസ്റ്റ് ഇടാന്‍ കാരണം ചില പ്രിയപ്പെട്ട ആളുകള്‍ പറഞ്ഞത് കൊണ്ടാണ്. 2023 നിയമസഭ പുസ്തകോത്സവത്തില്‍ മാക്ബെത് പബ്ലികേഷന്‍സ് ന്റെ സ്റ്റാള്‍ സന്ദര്‍ശിച്ച മുകേഷ് എം എല്‍ യും ഞാനും ഉള്ള ഫോട്ടോ പലയിടത്തും ഷെയര്‍ ചെയ്യുന്നത് ആയിട്ട് അറിഞ്ഞു... അതിനൊരു ക്ലാരിറ്റിക്ക് വേണ്ടി എന്നെ ഇഷ്ടപെടുന്ന കുറച്ചു പേര്‍ക്ക് വേണ്ടി മാത്രം ആണ് ഈ പോസ്റ്റ്....ഫോട്ടോ നിങ്ങള്‍ ഷെയര്‍ ചെയ്യുന്നതില്‍ എനിക്കൊരു വിരോധവുമില്ല.സന്തോഷം മാത്രം ഉള്ളു..പക്ഷേ ഇല്ലാ കഥകള്‍ പറഞ്ഞവരുത് നിങ്ങളുടെ ഒക്കെ നിലപാടുകള്‍.

2024 ആണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വരുന്നത് അതിന് ശേഷമാണ് സിനിമയിലെ പല യുവതികളും തുറന്നു പറച്ചിലുകള്‍ നടത്തിയത് ഒരുപാട് സ്ത്രീകള്‍ വേട്ടക്കാര്‍ക്ക് എതിരെ എഴുതിയത്, അന്നത്തെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ശ്രീ രഞ്ജിത്തിന് എതിരെ ഒരു അന്യ നാട്ടിലെ ഒരു നായിക തുറന്നു പറച്ചില്‍ നടത്തിയത്,മുകേഷിന് എതിരെ നിരവധി ആരോപണങ്ങള്‍ വന്നത്... സത്യത്തില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്ത്രീകള്‍ക്ക് തന്റേടം നല്‍കുന്ന സമയത്തു തന്നെയാണ് സാംസ്‌കാരിക മന്ത്രി ശ്രീ സജി ചെറിയാന്‍ അടക്കം ഇരയെ മോശമായി നടത്തിയ പ്രസ്താവനകള്‍ ഉണ്ടായത്...ആ സമയങ്ങളില്‍ ഒക്കെ സ്ത്രീ പീഡകര്‍ ആയ ഇവര്‍ക്കൊക്കെ എതിരെയും മന്ത്രി ആയിട്ട് പോലും സ്ത്രീകളെ പരാതിക്ക് ഒരു പ്രാധാന്യം നല്‍കാത്ത മന്ത്രി സജി ചെറിയാന് എതിരെയും പ്രതികരിച്ചിട്ടുണ്ട്.... ഇതൊക്കെ യൂട്യൂബില്‍ ഇപ്പോഴും ചാനലുകളില്‍ ഉള്ള വാര്‍ത്തയാണ്... ലിങ്ക് താഴെ കൊടുക്കുന്നു... നിങ്ങള്‍ എന്റെ ഫേസ് ബുക്ക് വാളില്‍ നിന്ന് അടര്‍ത്തി മാറ്റി കൊണ്ട് പോകുന്ന ചില ഫോട്ടോകള്‍ക്ക് നിങ്ങള്‍ മാത്രമാണ് ഉത്തരവാദി ഞാനല്ല....

മി ടു ആരോപണം വരുന്ന ഒരു പീഡകന്റെയും ഒപ്പം വേദി പോലും പങ്കിടില്ല എന്നത് ജീവിതത്തില്‍ എടുത്ത തീരുമാനമാണ് അത് എല്ലാക്കാലത്തും ജീവിതത്തില്‍ പ്രായോഗികമാക്കി എന്റെ മനസാക്ഷിയോട് കൂറ് പുലര്‍ത്തേണ്ട ഒന്നാണ്. അതിനെയൊക്കെ നിങ്ങള്‍ ആണ്‍ പെണ്‍ വ്യത്യസമില്ലാതെ അപമാനിച്ചു കളയാം എന്നൊരു തോന്നലുണ്ട് എങ്കില്‍ ഒന്നൂടി പറയുന്നു എനിക്ക് അസാമാന്യ തൊലിക്കട്ടിയാണ്.. നിങ്ങള്‍ എന്നെ എന്തൊക്കെ വിധത്തില്‍ അപമാനപ്പെടുത്തി വിട്ടാലും അതില്‍ തളരാന്‍ പോകുന്നില്ല.. അല്ലെങ്കില്‍ ചിലപ്പോള്‍ ഞാന്‍ ആദ്യം പറഞ്ഞത് പോലെ നിങ്ങളെന്നെയങ്ങു കൊന്ന് കളഞ്ഞേക്കണം....പറഞ്ഞു വന്നത് വര്‍ഷങ്ങള്‍ വ്യത്യാസമുണ്ട് എന്ന് തന്നെയാണ്...

പിന്നെ ഈ കാലങ്ങളില്‍ ഒക്കെയും മനസ്സിലായത് ഒരുപാട് ബഹുമാനിക്കുന്ന വായിക്കുന്ന പ്രസംഗിക്കുന്ന രാഷ്ട്രീയം സിനിമ സാഹിത്യം ഇതിലൊക്കെ ഉള്ള മനുഷ്യരെ കുറിച്ച് ഉള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ് പ്രിയപ്പെട്ട പെണ്ണുങ്ങള്‍ തരുന്നത. അത് ഇപ്പോള്‍ അവസാനം ഉണ്ടായ നിയമസഭ പുസ്തകോത്സവത്തില്‍ അടക്കം... അതിനൊന്നും ജാതിയില്ല മതമില്ല വര്‍ണ്ണമില്ല എന്തിനു ലിംഗ വ്യത്യാസം പോലുമില്ല.... അത്രയും മനുഷ്യരെ ചൂഷണം ചെയ്തവരെ ഒക്കെ തിരിച്ചു അറിയുമ്പോള്‍ ഉണ്ടാകുന്ന ഞെട്ടല്‍ ഉണ്ട്.... അവരോട് മിണ്ടിയതിന്റെ ഈ പറഞ്ഞ ഫോട്ടോ എടുത്തതിന്റെ അപമാനമുണ്ട്.... എന്നാലും ഒരിക്കലും ഞാന്‍ ഇങ്ങനെ പറയില്ല എനിക്ക് ഇങ്ങനെ ഒരു അനുഭവം അയാളില്‍ നിന്ന് അവളില്‍ നിന്ന് ഉണ്ടായിട്ടില്ല അതുകൊണ്ട് ഞാന്‍ ഇതു വിശ്വസിക്കില്ല എന്ന്....ഇരയ്ക്കൊപ്പം തന്നെയാണ് ഏത് കാലത്തും..

ഇതു വരെ പറഞ്ഞ എല്ലാ കാര്യങ്ങളും തെളിവുകള്‍ മനസിലാക്കി മാത്രമേ എഴുതിയിട്ട് ഉള്ളു അതുകൊണ്ട് തന്നെ ഒരുകാലത്തും ഇട്ട പോസ്റ്റ് റിമൂവ് ചെയ്യുകയോ മാറ്റി പറയുകയോ ചെയ്തിട്ടില്ല... അതെന്റെ ആത്മവിശ്വാസമാണ്. തെറ്റ് ചെയ്യാത്ത ഒരാള്‍ക്ക് എതിരെയും എഴുതിയിട്ടും ഇല്ല മരണത്തിനു വിട്ട് കൊടുത്തിട്ടുമില്ല..

M A Shahanas expresses humiliation over being forced to share photo with mukesh MLA

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള: പ്രതികളുടെ 1.3 കോടി വില വരുന്ന ആസ്തികള്‍ മരവിപ്പിച്ചെന്ന് ഇ ഡി, റെയ്ഡില്‍ നിര്‍ണായക കണ്ടെത്തലുകള്‍

മദ്യക്കുപ്പിയുമായി സ്‌കൂളില്‍ എത്തി, അധ്യാപകര്‍ വീട്ടിലറിയിച്ചു; പ്ലസ്ടു വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത നിലയില്‍

താമരശ്ശേരി ചുരത്തിൽ നാളെ മുതൽ രണ്ട് ദിവസം ഗതാഗത നിയന്ത്രണം

ഭക്ഷണ വംശീയത തുറന്നുകാട്ടിയ 'പാലക് പനീര്‍' നിയമപോരാട്ടം; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് 200,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കി യുഎസ് സര്‍വകലാശാല

ശമ്പളത്തോടെയുള്ള പ്രസവാവധി 98 ദിവസമായി വർദ്ധിപ്പിക്കണം, നിർദ്ദേശവുമായി യുഎഇ ഫെഡറൽ നാഷണൽ കൗൺസിൽ

SCROLL FOR NEXT