കണ്ണൂര്‍: മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയുമൊക്കെ വരപ്രസാദമായി പരിഗണിക്കേണ്ട ആളാണ് ടി പത്മനാഭനെന്ന് സിപിഎം അഖിലേന്ത്യാ സെക്രട്ടറി എംഎ ബേബി. കണ്ണൂരിലെത്തുമ്പോഴെല്ലാം സമയമുണ്ടാക്കി അദ്ദേഹത്തെ കാണാറുണ്ട്. പപ്പേട്ടനെ കാണുന്നതും സംസാരിക്കുന്നതും പൊതുപ്രവര്‍ത്തകര്‍ക്ക് ഊര്‍ജം ലഭിക്കുന്ന അനുഭവമാണെന്ന് എംഎ ബേബി മാധ്യമങ്ങളോട് പറഞ്ഞു.
സിപിഎമ്മിന്റെ അഖിലേന്ത്യ സെക്രട്ടറിയായ ശേഷം ഇതാദ്യമായാണ് കഥയുടെ കുലപതി ടി പത്മനാഭനെ തേടി ബേബി പള്ളിക്കുന്നിലെ രാജേന്ദ്ര നഗറിലുള്ള വീട്ടിലെത്തിയത്. വീട്ടില്‍ എഴുത്തും വായനയുമായി വിശ്രമത്തില്‍ കഴിയുന്ന ടി പത്മനാഭനെ എംഎ ബേബി പൊന്നാടയണിയിച്ചു ആദരിച്ചു. നാടന്‍ പഴം കൊണ്ടു തയ്യാറാക്കിയ പഴംപ്രഥമനും പത്മനാഭന്‍ ബേബിക്ക് നല്‍കി. രാജ്യസഭാംഗം വി ശിവദാസന്‍ മറ്റുരാസവളങ്ങള്‍ ഒന്നും ഉപയോഗിക്കാതെ ജൈവകൃഷി ചെയ്ത് ഉണ്ടാക്കിയ വാഴക്കുലയാണ് പപ്പേട്ടന് കൊടുത്തതെന്ന് എംഎ ബേബി പറഞ്ഞു. 'കെകെ രാഗേഷ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കാന്‍ പോകുന്നതിന് മുന്‍പ് നാട്ടിലായപ്പോള്‍ ഉണ്ടാക്കുന്ന ജൈവ പച്ചക്കറികള്‍ പപ്പേട്ടന്റെ വീട്ടില്‍ കൊടുക്കാറുണ്ടായിരുന്നു. മാഹിയിലെ മലയാള കാലഗ്രാമം ഉണ്ടാക്കിയ കുഞ്ഞിക്കണ്ണേട്ടന്‍ രാസവളമില്ലാതെ നെല്ലും മാങ്ങയും കൊടുത്തയക്കുമായിരുന്നു. ജൈവ കൃഷി പിന്തുടരുന്ന ഒരുപാടുപേര്‍ പപ്പേട്ടന്റെ ആരാധകരാണ്. അവരില്‍ നിന്ന് എന്തെങ്കിലും കിട്ടിയാല്‍ പപ്പേട്ടന്‍ എന്നെ വിളിച്ചുപറയും. അപ്പോള്‍ ഞാന്‍ ചോദിക്കും പപ്പേട്ടന് മാത്രമേയുള്ളൂവെന്ന്. വളരെ നല്ല പാല്‍പ്പായസമാണ് തയ്യാറാക്കി തന്നത്. അതിന്റെ മധുരവും പപ്പേട്ടന്റെ സ്നേഹത്തിന്റെ സൗരഭ്യവും ഒക്കെയായിട്ടാണ് മടങ്ങുന്നതെന്ന് ബേബി പറഞ്ഞു.
താന്‍ നേതൃത്വം നല്‍കുന്ന സ്വരലയ കലാ സാംസ്‌കാരിക വേദിയുമായി പത്മനാഭന്‍ പുലര്‍ത്തിയ അടുത്ത ബന്ധവും ബേബി അനുസ്മരിച്ചു. ഇരുവര്‍ക്കും താല്‍പ്പര്യമുള്ള ഹിന്ദുസ്ഥാനി - കര്‍ണാടിക് സംഗീതജ്ഞരും കൂടിക്കാഴ്ക്കാഴ്ച്ചയില്‍ ചര്‍ച്ചയായി. അര മണിക്കൂറോളം കഥാകൃത്തുമായി കൂടിക്കാഴ്ച്ച നടത്തിയതിനു ശേഷമാണ് എംഎ ബേബി മടങ്ങിയത്.
ബേബിയുമായി സംസാരിച്ചത് സംഗീതത്തെ കുറിച്ച് മാത്രമാണെന്നും അതാണ് ബേബിയുടെയും ഇഷ്ടവിഷയമെന്നും ടി പത്മനാഭന്‍ പറഞ്ഞു. അല്ലാതെകാര്യമായി രാഷ്ട്രീയമൊന്നും ചര്‍ച്ച ചെയ്തില്ലെന്നും പത്മനാഭന്‍ പറഞ്ഞു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്, മുന്‍ എംഎല്‍എ ടി.വി രാജേഷ്, പിപി വിനീഷ് തുടങ്ങിയവരും എംഎ ബേബി യോടൊപ്പമുണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates