കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും പങ്കാളിയായ ഫര്‍മാനുമായി തിരച്ചില്‍ വ്യാപിപ്പിച്ച് മധ്യപ്രദേശ് പൊലീസ്. കഴിഞ്ഞദിവസം കൊച്ചിയിലെത്തിയ മധ്യപ്രദേശ് പൊലീസ് സംഘമാണ് ഇരുവരെയും കണ്ടെത്താനായി അന്വേഷണം നടത്തുന്നത്. പെണ്‍കുട്ടിയുടെ മൊഴിയെടുക്കണമെന്നാണ് മധ്യപ്രദേശ് പൊലീസിന്റെ ആവശ്യം.
അവസാനമായി ഇരുവരുടേയും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ചത് തൃക്കാക്കര, ബിനാനിപുരം ഭാഗങ്ങളിലാണെന്നാണ് മധ്യപ്രദേശ് പൊലീസ് പറയുന്നത്. ഈ സാഹചര്യത്തിലാണ് മധ്യപ്രദേശ് പൊലീസ് സംഘം കൊച്ചി കേന്ദ്രീകരിച്ച് തന്നെ തിരച്ചില്‍ നടത്തുന്നത്. പെണ്‍കുട്ടിയെ കണ്ടെത്താനായി കൊച്ചി പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. വൈറല്‍ പെണ്‍കുട്ടി കഴിഞ്ഞ ദിവസം സംരക്ഷണം തേടി കൊച്ചി പൊലീസിന് അപേക്ഷ നല്‍കിയിരുന്നു. മധ്യപ്രദേശ് പൊലീസ് കൊച്ചിയിലെത്തിയെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് പെണ്‍കുട്ടി സംരക്ഷണം തേടി കൊച്ചി പൊലീസിനെ സമീപിച്ചത്. മധ്യപ്രദേശിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കരുതെന്നാണ് പെണ്‍കുട്ടിയുടെ ആവശ്യം. തനിക്ക് 18 വയസ്സായിട്ടുണ്ടെന്നും തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് കേരളത്തില്‍നിന്ന് നില്‍ക്കുന്നതെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. വയസ്സ് തെളിയിക്കുന്നതിന് ആവശ്യമായ രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്.
കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് മധ്യപ്രദേശ് പൊലീസ് ഫര്‍മാനെതിരേ പോക്‌സോ കേസ് രജിസ്റ്റര്‍ചെയ്തിരുന്നു. ഈ കേസിന്റെ ഭാഗമായാണ് മധ്യപ്രദേശ് പൊലീസ് കേരളത്തിലെത്തിയത്. ഫര്‍മാന്റെ സുഹൃത്തിനെയും മധ്യപ്രദേശ് പൊലീസ് അന്വേഷിക്കുന്നുണ്ട്.
നേരത്തേ തിരുവനന്തപുരത്തുവെച്ചാണ് കുംഭമേള വൈറല്‍ പെണ്‍കുട്ടിയും ഫര്‍മാനും വിവാഹിതരായത്. എന്നാല്‍, വിവാഹത്തിന് പിന്നാലെ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന പരാതികളുയര്‍ന്നു. 16 വയസ്സ് മാത്രമാണ് പെണ്‍കുട്ടിയുടെ പ്രായമെന്നും ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നുമായിരുന്നു പരാതി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് ദേശീയ പട്ടികവര്‍ഗ കമ്മിഷനും കണ്ടെത്തി. തുടര്‍ന്നാണ് മധ്യപ്രദേശ് പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates