Makkekadavu Nerekadavu Bridge Inauguration Controversy 
Kerala

മാക്കേക്കടവ്-നേരേകടവ് പാലം ഉദ്ഘാടനത്തിൽ നാടകീയ രംഗങ്ങൾ; എഎം ആരിഫിന് നേരെ കൂവൽ; വിളിച്ച് വരുത്തി അപമാനിച്ചെന്ന് ആരോപിച്ച് സികെ ആശ വേദിവിട്ടു

പാലത്തിന്റെ 90% പണിയും തീർത്തത് എൽഡിഎഫ് സർക്കാരെന്ന് ആരിഫ്; ജി സുധാകരനെ ക്ഷണിക്കാത്തതും വിവാദത്തിൽ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ആലപ്പുഴ: വേമ്പനാട് കായലിന് കുറുകെ കോട്ടയം, ആലപ്പുഴ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സ്വപ്ന പദ്ധതിയായ മാക്കേക്കടവ്–നേരേകടവ് പാലത്തിന്റെ ഉദ്ഘാടന വേദി നാടകീയ രംഗങ്ങൾക്കും രാഷ്ട്രീയ വാക്പോരുകൾക്കും വേദിയായി. മുഖ്യമന്ത്രി വി.ഡി. സതീശൻ പാലം നാടിന് സമർപ്പിച്ച ഔദ്യോഗിക ചടങ്ങിൽ, മുൻ എംപി എ.എം. ആരിഫിന് നേരെ സദസ്സിൽ നിന്ന് കൂക്കിവിളിയുയർന്നു. പ്രസംഗിക്കാൻ അവസരം നൽകാതെ വിളിച്ചുവരുത്തി അപമാനിച്ചുവെന്ന് ആരോപിച്ച് മുൻ എംഎൽഎ സി.കെ. ആശ വേദിവിട്ടിറങ്ങിപ്പോയതും വിവാദമായി.

പാലത്തിന്റെ 90 ശതമാനം നിർമ്മാണ പ്രവൃത്തികളും പൂർത്തിയാക്കിയത് കഴിഞ്ഞ എൽഡിഎഫ് സർക്കാരാണെന്ന് എഎം ആരിഫ് അവകാശവാദം ഉന്നയിച്ചപ്പോഴാണ് സദസ്സിൽ നിന്ന് വലിയ രീതിയിൽ കൂവലുണ്ടായത്. സംഭവത്തിൽ അതൃപ്തി പരസ്യമാക്കിയ ആരിഫ്, സദസ്സിലുള്ളവർ മര്യാദ പാലിക്കണമെന്ന് ആവശ്യപ്പെട്ടു. "പടച്ചതമ്പുരാൻ വിധിച്ചത് ഞങ്ങൾക്കാണ്, അതുകൊണ്ട് ഞങ്ങൾ ഉദ്ഘാടനം ചെയ്യുന്നു" എന്ന് അധ്യക്ഷ പ്രസംഗത്തിൽ മന്ത്രി പി.കെ. ബഷീർ പറഞ്ഞതിനോട് താൻ പൂർണ്ണമായി യോജിക്കുന്നുവെന്ന് ആരിഫ് പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ പണികൾ ഏതാണ്ട് തീർന്നതാണെന്നും അന്നത്തെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനോട് ഉദ്ഘാടനത്തിന് സമയം ചോദിച്ചെങ്കിലും തീയതി ലഭിക്കാതിരുന്നതാണ് അന്ന് നടക്കാതിരുന്നതെന്നും, അങ്ങനെ പടച്ചതമ്പുരാൻ നിങ്ങൾക്ക് അവസരമൊരുക്കിയതാണെന്നും ആരിഫ് തിരിച്ചടിച്ചു. കിഫ്ബിയെക്കുറിച്ച് വേദിയിൽ ഉയർന്ന പരിഹാസങ്ങൾ വേദനിപ്പിച്ചുവെന്നും പെരുമ്പളം പാലം കിഫ്ബി വഴിയാണ് യാഥാർത്ഥ്യമാക്കിയതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വിളിച്ച് വരുത്തി അപമാനിച്ചെന്ന് സി.കെ. ആശ

ചടങ്ങിൽ പ്രസംഗിക്കാൻ അവസരം നൽകാതിരുന്നതിനെ തുടർന്ന് മുൻ എംഎൽഎ സികെ ആശ വേദിയിൽ പരസ്യമായി പ്രതിഷേധിച്ചു. തന്നെ വേദിയിലേക്ക് ക്ഷണിച്ചുവരുത്തി അധിക്ഷേപിക്കുകയായിരുന്നുവെന്ന് മൈക്കിലൂടെ വിളിച്ച് പറഞ്ഞുകൊണ്ട് അവർ ഇറങ്ങിപ്പോകാൻ തുടങ്ങി. സംഘാടകർ തിരികെ വിളിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങാൻ ആശ തയ്യാറായില്ല. ഇതിനുപുറമെ, പദ്ധതിക്ക് വലിയ സംഭാവനകൾ നൽകിയ അമ്പലപ്പുഴ എംഎൽഎയും മുൻ പൊതുമരാമത്ത് മന്ത്രിയുമായ ജി. സുധാകരനെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതും രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്.

കെസിക്കായി നാട്ടൂകാർ

വേദിയിലുള്ളവരെ അഭിസംബോധന ചെയ്ത മന്ത്രി പി.കെ. ബഷീർ സ്ഥലം എംപിയുടെ പേര് പരാമർശിക്കാതിരുന്നതും വിവാദമായി. കെ.സി. വേണുഗോപാലിന്റെ പേര് പലരും വിളിച്ചുപറഞ്ഞായിരുന്നു നാട്ടുകാർ ഇതിനോടു പ്രതികരിച്ചത്. കെസി വേണുഗോപാൽ വേദിയിലില്ലാത്തതിനാലാണ് അഭിസംബോധന ചെയ്യാത്തതെന്ന് മന്ത്രി വിശദീകരിച്ചു.

തുറവൂർ-പമ്പ സംസ്ഥാനപാതയുടെ രണ്ടാം ഘട്ടമായി നിർമ്മിച്ച മാക്കേക്കടവ്-നേരേകടവ് പാലത്തിന് 850 മീറ്റർ നീളമാണുള്ളത്. ആലപ്പുഴ ജില്ലയിലെ അരൂർ മണ്ഡലത്തിന്റെ തെക്കൻ തീരപ്രദേശത്തെ കോട്ടയം ജില്ലയിലെ വൈക്കം മണ്ഡലത്തിലെ ഉദയനാപുരം പഞ്ചായത്തുമായാണ് ഈ പാലം ബന്ധിപ്പിക്കുന്നത്. 2017-ൽ എൽഡിഎഫ് സർക്കാരാണ് പാലത്തിന്റെ നിർമ്മാണത്തിന് തറക്കല്ലിട്ടത്.

എൽഡിഎഫ് ബദൽ ആഘോഷവും ജനകീയ നടത്തവും

പാലത്തിന്റെ അവകാശവാദത്തെച്ചൊല്ലി യുഡിഎഫ് സർക്കാരും എൽഡിഎഫും തമ്മിൽ തർക്കം മുറുകിയതോടെ, ഉദ്ഘാടനത്തിന് തൊട്ടുമുൻപ് പദ്ധതിയുടെ നാൾവഴികൾ വ്യക്തമാക്കിക്കൊണ്ട് എൽഡിഎഫ് നേതൃത്വം വിശദാംശങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിന്റെ തുടർച്ചയായി ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് നാട്ടുകാരെ അണിനിരത്തി വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കാനാണ് എൽഡിഎഫിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി പുതിയ പാലത്തിലൂടെ ജനകീയ നടത്തവും സംഘടിപ്പിക്കും. പരിപാടിയിൽ എ.എം. ആരിഫ്, സി.കെ. ആശ, എംഎൽഎ ദലീമ ജോജോ എന്നിവർ പങ്കെടുക്കും. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ യാഥാർത്ഥ്യമായ വികസന നേട്ടം ഇതോടെ ശക്തമായ രാഷ്ട്രീയ ചേരിപ്പോരിനാണ് വഴിതുറന്നിരിക്കുന്നത്.

High drama unfolded during the inauguration of the long-awaited Makkekadavu-Nerekadavu bridge connecting Alappuzha and Kottayam districts by Chief Minister V. D. Satheesan. Former MP A. M. Arif faced loud jeers from the audience when he claimed that 90 percent of the project was completed during the previous LDF regime, while former MLA C. K. Asha staged a protest walkout alleging disrespect over being denied a speaking slot

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോർട്ടിവൈൻ വിവാദം: അബ്കാരി ഡെപ്യൂട്ടി കമ്മീഷണറെ മാറ്റി; ബേക്കറിക്ക് നൽകിയ ലൈസൻസ് റദ്ദാക്കി

'അഭിഷേകുമായി കല്ല്യാണം, ഗില്ലിനൊപ്പം ഡേറ്റിങ്, ശ്രേയസ് അയ്യരെ കൊല്ലും'!

മുപ്പത്തിരണ്ട് വർഷത്തെ കാത്തിരിപ്പിന് വിരാമം; ബൈരക്കുപ്പ പാലത്തിന് കേന്ദ്രാനുമതി; 27 കോടി രൂപ അനുവദിച്ചു

'ബില്ല് ചോദിച്ചിട്ട് തന്നില്ല, അവര്‍ ഞങ്ങളെ ഭീഷണിപ്പെടുത്തി; മാനനഷ്ടത്തിന് കേസ് കൊടുത്തിട്ടുണ്ട്'; മറുപടിയുമായി ആര്യ

'കരിമ്പില്‍ നിന്ന് എഥനോള്‍ വേണ്ട'; പഞ്ചസാര ക്ഷാമവും വിലക്കയറ്റവും തടയാന്‍ നടപടി