Mayilpeeli Exam Controversy: Minister N Shamsudheen Says Court Verdict Not a Setback Photo | Express
Kerala

'മയില്‍പ്പീലി പരീക്ഷ നടത്താമെന്നേയുള്ളൂ, ഫലം പ്രഖ്യാപിക്കാന്‍ കഴിയില്ല'; കോടതി ഇടപെടല്‍ തിരിച്ചടി അല്ലെന്ന് മന്ത്രി

പരീക്ഷകള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് നയം കൊണ്ടുവരുമെന്നും എന്‍ ഷംസുദ്ദീന്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

തിരുവനന്തപുരം: മയില്‍പ്പീലി യംഗ് സ്‌കോളര്‍ പരീക്ഷയുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. നിശ്ചയിച്ച പരീക്ഷ നടത്താന്‍ മാത്രമാണ് കോടതി അനുമതി നല്‍കിയതെന്നും ഫലം പ്രസിദ്ധീകരിക്കാനോ തുടര്‍ന്ന് സംസ്ഥാനതല പരീക്ഷ നടത്താനോ അനുമതിയില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരം പരീക്ഷകള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ നയം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ പൊതുനയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പരിപാടികള്‍ക്ക് മാത്രമേ അനുമതി നല്‍കാവൂ. വര്‍ഗീയ, ഫാസിസ്റ്റ് അജണ്ടകള്‍ വിദ്യാഭ്യാസ വകുപ്പിലൂടെ കടത്തിവിടാന്‍ അനുവദിക്കില്ല. യുഡിഎഫ് ഇത്തരം അജണ്ടകള്‍ക്ക് എതിരാണെന്നും മന്ത്രി വ്യക്തമാക്കി. മയില്‍പ്പീലി ഒരു രാഷ്ട്രീയ സംഘടനയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കുട്ടികള്‍ക്കായി പരീക്ഷകള്‍ നടത്തുന്നതിന് അനുമതി നല്‍കുമ്പോള്‍ രാജ്യത്തിന്റെ പൊതുനയങ്ങള്‍ കൂടി പരിഗണിക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തമായ നയം രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മയില്‍പ്പീലി യംഗ് സ്‌കോളര്‍ പരീക്ഷയുടെ ജില്ലാ തല പരീക്ഷ നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. എന്നാല്‍, പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കരുതെന്നും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സംസ്ഥാനതല പരീക്ഷ നടത്തരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് താത്കാലിക അനുമതി നല്‍കിയത്. ഞായറാഴ്ചയാണ് ജില്ലാ തല പരീക്ഷ നടക്കുന്നത്. പരീക്ഷയെച്ചൊല്ലി വിവാദം ഉയര്‍ന്നതിനെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ അനുമതി പിന്‍വലിച്ചിരുന്നു. ഇതിനെതിരെയാണ് ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) ഹൈക്കോടതിയെ സമീപിച്ചത്.

ബാലഗോകുലത്തിന്റെ മാസികയായ മയില്‍പ്പീലിയും ദേശീയ അധ്യാപക പരിഷത്തും സംയുക്തമായാണ് 'യംഗ് സ്‌കോളര്‍ എക്സാം 2026' എന്ന പേരില്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്താന്‍ സര്‍ക്കാരിന്റെ അനുമതി തേടിയത്. ഒക്ടോബര്‍ 12ന് പൊതുവിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടര്‍ പരീക്ഷയ്ക്ക് അനുമതി നല്‍കിയിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ അറിവില്ലാതെയാണ് അനുമതി നല്‍കിയതെന്ന വിവരം പുറത്തുവന്നതോടെയാണ് വിവാദം ഉടലെടുത്തത്.

തുടര്‍ന്ന് നവംബര്‍ 14ന് വിദ്യാഭ്യാസ മന്ത്രി ഇടപെട്ട് പരീക്ഷയ്ക്കുള്ള അനുമതി റദ്ദാക്കുകയും പൊതുവിദ്യാഭ്യാസ ഡയറക്ടറോട് അടിയന്തര റിപ്പോര്‍ട്ട് തേടുകയും ചെയ്തു. ഉദ്യോഗസ്ഥ തലത്തിലുണ്ടായ പിഴവാണ് അനുമതി നല്‍കാന്‍ കാരണമായതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

അതേസമയം, പരീക്ഷയ്ക്കുള്ള അനുമതി പിന്‍വലിക്കുന്നതിന് മുമ്പ് നോട്ടീസോ വിശദീകരണം തേടലോ ഉണ്ടായിട്ടില്ലെന്ന് എന്‍ടിയു കോടതിയില്‍ വാദിച്ചു. പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് അനുമതി റദ്ദാക്കിയതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. ആദ്യം പരീക്ഷയ്ക്ക് അനുമതി നല്‍കിയതല്ലേയെന്ന് ചോദിച്ച കോടതി, നേരത്തെ നിശ്ചയിച്ച തീയതിയില്‍ പരീക്ഷ നടത്താന്‍ അനുവദിക്കുകയായിരുന്നു.

Mayilpeeli Exam Row: No Setback for Government, Says Education Minister

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രിയെ ഭരിക്കാന്‍ അനുവദിക്കണം, വെല്ലുവിളിക്കുന്ന മന്ത്രിമാരെ മാറ്റണം'; വിമര്‍ശനവുമായി ജി സുധാകരന്‍

'ഒരു ദിവസം ഒരു ലക്ഷം രൂപ'; തെലുങ്കില്‍ വാങ്ങിയിരുന്ന പ്രതിഫലം! പ്രതികരിച്ച് 'കറുത്തമുത്ത്' നായിക പ്രേമി

പത്തുവര്‍ഷം കൊണ്ട് 25 ലക്ഷം രൂപ സമ്പാദിക്കാം; ആര്‍ഡി സ്‌കീം മാജിക്

66 റണ്‍സും 2 വിക്കറ്റും; 'ഇന്ത്യക്കാരന്‍' ഓസ്‌ട്രേലിയയെ ജയിപ്പിച്ചു!!!

എവറസ്റ്റ് ബേസ് ക്യാംപ് ട്രക്കിങ്: കണ്ണൂര്‍ സ്വദേശി നേപ്പാളില്‍ മരിച്ച നിലയില്‍; ഞെട്ടൽ