പിണറായി വിജയൻ  ഫയൽ
Kerala

ഖനന ബില്‍ സംസ്ഥാന അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റം, സുപ്രീം കോടതിയെ സമീപിക്കണം: യുഡിഎഫ് സര്‍ക്കാരിനോട് പിണറായി വിജയന്‍

'ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ പ്രകാരം ഭൂമിയും അതിലെ വിഭവങ്ങളും സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്ന വിഷയങ്ങളാണ്'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ മൈന്‍സ് ആന്‍ഡ് മിനറല്‍സ് (ഡെവലപ്മെന്റ് ആന്‍ഡ് റെഗുലേഷന്‍) ഭേദഗതി ബില്‍, 2026 ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ഫെഡറല്‍ തത്ത്വങ്ങളെ പൂര്‍ണ്ണമായും കാറ്റില്‍പ്പറത്തുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഖനന അവകാശങ്ങളിലും ധാതുവിഭവങ്ങളടങ്ങിയ ഭൂമിയിലും അധിക നികുതിയോ സെസ്സോ ഈടാക്കാനുള്ള സംസ്ഥാന സര്‍ക്കാരുകളുടെ ഭരണഘടനാപരമായ അവകാശത്തെ തടയുന്നത് സംസ്ഥാനങ്ങളുടെ താല്പര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണ്. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയാറാകണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പിണറായിയുടെ പ്രതികരണം.

ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ പ്രകാരം ഭൂമിയും അതിലെ വിഭവങ്ങളും (സംസ്ഥാന ലിസ്റ്റിലെ ഇനം 18) സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്ന വിഷയങ്ങളാണ്. ഇതില്‍ കേന്ദ്ര നിയന്ത്രണം അടിച്ചേല്‍പ്പിക്കുന്നത് ഭരണഘടനാ ലംഘനമാണ്. ഭേദഗതി വ്യവസ്ഥകള്‍ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് വിരുദ്ധമാണ്. ഫെഡറലിസത്തെയും സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും സംരക്ഷിക്കാനായി കേന്ദ്ര സര്‍ക്കാരിനെതിരെ നിലപാടെടുക്കാന്‍ കേരളത്തിലെ സര്‍ക്കാര്‍ തയ്യാറാവുമോ എന്നതാണ് ചോദ്യം.

രാജ്യത്തിന്റെ അമൂല്യമായ ധാതുസമ്പത്ത് പൂര്‍ണ്ണമായും സ്വകാര്യ കുത്തകകള്‍ക്ക് അടിയറവ് വെക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഗൂഢനീക്കം കൂടിയാണ് പുതിയ ഭേദഗതി ബില്ലിലൂടെ പുറത്തുവന്നിരിക്കുന്നത്. തന്ത്രപ്രധാനമായ അപൂര്‍വ്വ ധാതുക്കളുടെ ഖനനം ഉള്‍പ്പെടെ സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കാനാണ് ഈ നിയമഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. പൊതുമേഖലയെ തകര്‍ത്ത് കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍ അവസരമൊരുക്കുക എന്നതുമാത്രമാണ് ഇതിനു പിന്നിലെ വ്യക്തമായ ഉദ്ദേശം. ബില്ലിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണ നയങ്ങള്‍ക്ക് കുടപിടിക്കുന്ന സമീപനം തന്നെയാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിനുമുള്ളതെന്നും പിണരായി വിജയന്‍ കുറ്റപ്പെടുത്തി. യുഡിഎഫ് സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തിലും, ബജറ്റിലും കരിമണല്‍ ഖനനം പൂര്‍ണ്ണമായും സ്വകാര്യവല്‍ക്കരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നു. 'റെയര്‍ എര്‍ത്ത് ഇടനാഴി' എന്ന പേരില്‍ കേരളത്തിന്റെ തീരത്തെ ധാതുസമ്പത്ത് സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതിക്കൊടുക്കാനാണ് യുഡിഎഫ് സര്‍ക്കാരിന്റെ ശ്രമം.

ചവറയിലെ പൊതുമേഖലയിലുള്ള കരിമണല്‍ ഖനനം നിര്‍ത്തിവെപ്പിച്ച് ഏറ്റവും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കെഎംഎംഎല്ലിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും പ്രതിസന്ധിയിലാക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. സ്വന്തമായി ഖനനം ചെയ്ത് ലാഭകരമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു സ്ഥാപനത്തെ വരിഞ്ഞുമുറുക്കി, സ്വകാര്യ കുത്തകകള്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍ അവസരമൊരുക്കുകയാണ്. കമ്പനിക്ക് പ്രതിമാസം ആവശ്യമായതിന്റെ ഇരട്ടിയിലധികം അസംസ്‌കൃത വസ്തുക്കള്‍ സ്വകാര്യ കമ്പനികളില്‍ നിന്നും ഉയര്‍ന്ന വിലയ്ക്ക് വാങ്ങാന്‍ നിര്‍ബന്ധിക്കുന്നത് ദുരൂഹമാണ്. നാടിന്റെ സമ്പത്തായ കെഎംഎംഎല്ലിനെ ക്രമേണ പൂട്ടിക്കാനും ആ സ്ഥാനത്തേക്ക് സ്വകാര്യ ലോബികളെ പ്രതിഷ്ഠിക്കാനുമുള്ള ഈ ആസൂത്രിത നീക്കവും ചെറുക്കപ്പെടേണ്ടതുണ്ട്. പിണറായി വിജയന്‍ പറഞ്ഞു.

Mines and Minerals Amendment Bill: Pinarayi Vijayan asks UDF government to approach the Supreme Court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തീവ്ര ന്യൂനമര്‍ദം: ശക്തമായ മഴയ്ക്ക് സാധ്യത, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റാകും, എം വിജിന്‍ സെക്രട്ടറി

മോഹന്‍ലാലിന്റെ മകള്‍ക്ക് സ്‌റ്റേജ് ഫിയര്‍ ഉണ്ടാകരുതെന്നുണ്ടോ? ചുമ്മാ ചിരിച്ചതും ഇളകിയാടിയതും പരിഭ്രമം പുറത്ത് കാണാതിരിക്കാന്‍: വിസ്മയ

വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ച ഫലം കണ്ടു; യുപിഎസ്ടി ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റ് സമരം അവസാനിപ്പിച്ചു

'ഒരേ പൊസിഷനിൽ 6 മണിക്കൂർ ഇരുന്ന് ​ഗെയിം കളിക്കും, ഇടത് തോളിന് വേദന കൂടിയതോടെ ശസ്ത്രക്രിയ'; ആരോ​ഗ്യാവസ്ഥയെക്കുറിച്ച് ഷക്കീല