കണ്ണൂര്‍: സമാനതകളില്ലാത്ത വികസന- ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സര്‍ക്കാരാണ് ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളെന്ന് മന്ത്രി വി എന്‍ വാസവന്‍ . പെന്‍ഷന്‍ വര്‍ധന അടക്കമുള്ള പ്രഖ്യാപനങ്ങളെക്കുറിച്ച് പ്രതിപക്ഷം വിഷമിക്കേണ്ട കാര്യമില്ല. അടുത്ത ഇടതുമുന്നണി സര്‍ക്കാരിന് ഇതു ഭംഗിയായി കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന ലക്ഷ്യബോധത്തിലും നിശ്ചയദാര്‍ഢ്യത്തിലും ഭാവനയിലുമാണ് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയിട്ടുള്ളതെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.
മുമ്പ് നടക്കാതിരുന്ന ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതി നടപ്പാക്കി, മലയോര ഹൈവേയും തീരദേശ ഹൈവേയും തീര്‍ന്നില്ലേ. വയല്‍ക്കിളികള്‍ എവിടെപ്പോയി. കൊച്ചി മെട്രോ മൂന്നു ഘട്ടം കഴിഞ്ഞില്ലേ. കഴിഞ്ഞ സര്‍ക്കാര്‍ ഉപേക്ഷിച്ചു പോയ കൂടംകുളം വൈദ്യുതി പദ്ധതി ഈ സര്‍ക്കാര്‍ നടപ്പാക്കി. 400 മെഗാവാട്ട് വൈദ്യുതി ലഭിച്ചു. അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേക്ക് എത്തി. വാട്ടര്‍മെട്രോ, വിഴിഞ്ഞം തുറമുഖം തുടങ്ങിയവ നടപ്പാക്കി.
ഇങ്ങനെ നടപ്പാകില്ലെന്ന് പറഞ്ഞവയെല്ലാം നടപ്പാക്കി വികസന രംഗത്ത് വിസ്മയം തീര്‍ത്ത സര്‍ക്കാരാണിത്. കെ സ്മാര്‍ട്ട് വന്നതോടെ ഏതൊരു വ്യക്തിക്കും പഞ്ചായത്തില്‍ നിന്നും ഏതു സര്‍ട്ടിഫിക്കറ്റും സ്വന്തം മൊബൈല്‍ ഫോണിലൂടെ ലൗണ്‍ലോഡ് ചെയ്യാവുന്ന സ്ഥിതിയില്‍ എത്തിയില്ലേ ?. പാലവും റോഡും കലുങ്കും മാത്രമല്ല വികസനം. ഇന്നലെ വരെ മരച്ചോട്ടിലും കീറപ്പായയിലും റോഡു വക്കിലും ബന്ധുവീടുകളിലും കിടന്ന അഞ്ചേകാല്‍ ലക്ഷം പേര്‍ക്കാണ് വീടുകളുണ്ടായത്.
62 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുന്നത്. ഇത്തരത്തില്‍ ക്ഷേമവും വികസനവും ഇന്ത്യയില്‍ സംസ്ഥാനത്ത് ഏതു സംസ്ഥാനമാണുള്ളത്. ആരോഗ്യരംഗത്തും വ്യവസായ രംഗത്തും കേരളം മുമ്പന്തിയിലെത്തിയില്ലേ ?. നല്ലതിനെ അംഗീകരിക്കാനും, തെറ്റുണ്ടെങ്കില്‍ സൃഷ്ടിപരമായ വിമര്‍ശനം ഉയര്‍ത്താനുമാണ് യഥാര്‍ത്ഥ പ്രതിപക്ഷം ചെയ്യേണ്ടത്. അല്ലാതെ എല്ലാത്തിനേയും എതിര്‍ക്കുകയല്ല വേണ്ടതെന്ന് മന്ത്രി വാസവന്‍ പറഞ്ഞു.
ഒരു തവണ മാത്രമാണ് യുഡിഎഫ് സര്‍ക്കാര്‍ പെന്‍ഷന്‍ വര്‍ധിപ്പിച്ചത്. ബാക്കി എല്ലാ തവണയും പെന്‍ഷന്‍ വര്‍ധിപ്പിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. യുഡിഎഫ് കാലത്തെ 18 മാസത്തെ മുഴുവന്‍ കുടിശികയും കൊടുത്തുതീര്‍ത്തു. പുതുവെള്ളത്തില്‍ ഊത്തമീനുകള്‍ തുള്ളിച്ചാടിക്കളിക്കുന്നതുപോലെയാണ് പെന്‍ഷനേഴ്‌സെല്ലാം. വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ കൊടുക്കുമെന്നു പറഞ്ഞത് നടപ്പാക്കാത്തതെന്ത് എന്താണെന്നാണ് പ്രതിപക്ഷം ചോദിച്ചത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടപ്പോള്‍ അതും നടപ്പാക്കി. സര്‍ക്കാരിനെ അഭിനന്ദിക്കുന്നതിനു പകരം അപമാനിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മന്ത്രി വാസവന്‍ കുറ്റപ്പെടുത്തി.
ബിജെപിയും കോണ്‍ഗ്രസും ഈ സര്‍ക്കാരിനെ താഴെയിറക്കാനാണ് ശ്രമിക്കുന്നത്. നല്ലതു ചെയ്താല്‍ നല്ലതെന്നു പറയുകയാണ് ക്രിയാത്മക പ്രതിപക്ഷം ചെയ്യേണ്ടത്. നമ്മുടെ നാട്ടിലെ ആബാലവൃദ്ധം ജനങ്ങള്‍ തുള്ളിച്ചാടുകയാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയെല്ലാം സര്‍ക്കാര്‍ പരിഗണിച്ചിരിക്കുന്നു. ഇതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്. ഈ സാഹചര്യത്തിലും അന്ധമായി സര്‍ക്കാരിനെ എതിര്‍ത്താല്‍, എതിര്‍ക്കുന്നവരെ ജനങ്ങള്‍ ഒറ്റപ്പെടുത്തും. ജനാധിപത്യത്തില്‍ ജനങ്ങളാണ് യജമാനന്മാര്‍. ജനപ്രതിനിധികള്‍ ദാസന്മാരാണ് എന്നതാണ് ജനാധിപത്യത്തിന്റെ ഉള്ളടക്കം. അതു മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്ന് മന്ത്രി വാസവന്‍ ഓര്‍മ്മിപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates