M M Mani 
Kerala

'അങ്ങനെ പറയേണ്ടിയിരുന്നില്ല'; എംഎ ബേബി പറഞ്ഞതാണ് പാര്‍ട്ടി നിലപാട്; അധിക്ഷേപ പരാമര്‍ശം തിരുത്തി എംഎം മണി

രാഷ്ട്രീയപ്രവര്‍ത്തകര്‍ സാമൂഹ്യവീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് എം എം മണി പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം നടത്തിയ പരാമര്‍ശം തിരുത്തി സിപിഎം നേതാവ് എം എം മണി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പറഞ്ഞതു തന്നെയാണ് എന്റെയും നിലപാട്. ഇന്നലെ അങ്ങനെ ഒരു സാഹചര്യത്തില്‍ പറഞ്ഞുപോയതാണ്. അതുശരിയായില്ല എന്നു പറഞ്ഞ പാര്‍ട്ടിയുടെ നിലപാടു തന്നെയാണ് എന്റെയും നിലപാട്. ജനറല്‍ സെക്രട്ടറി പറഞ്ഞതിനോട് യോജിക്കുന്നുവെന്നും എംഎം മണി പറഞ്ഞു.

പാര്‍ട്ടി പറഞ്ഞതിനോട് വ്യത്യസ്ത നിലപാടൊന്നുമില്ല. വികസന പ്രവര്‍ത്തനങ്ങളും ഒട്ടേറെ ക്ഷേമ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടും ഇങ്ങനെയൊരു ജനവിധി വന്നു. അതില്‍ അപ്പോഴത്തെ വികാരത്തിന്റെ പുറത്ത് പറഞ്ഞതാണ്. അത്തരത്തില്‍ പ്രതികരിക്കേണ്ടിയിരുന്നില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അടക്കം പറഞ്ഞു. പാര്‍ട്ടിയുടെ നിലപാട് ബേബി പറഞ്ഞതു തന്നെയാണ് എന്നും എംഎം മണി വ്യക്തമാക്കി.

നേതാക്കളാരും വിളിക്കുകയോ, പ്രസ്താവന തിരുത്താന്‍ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. ഇതെല്ലാം ജനങ്ങളുടെ അവകാശമാണെന്ന് പറയുമ്പോൾ, പാവപ്പെട്ട ആളുകള്‍ക്ക് പെന്‍ഷനോ സഹായമോ, മലയോര കര്‍ഷകര്‍ക്ക് പട്ടയമോ ഒന്നും നല്‍കാതിരുന്നത് യുഡിഎഫിന്റെ അവകാശമാണോ?. യുഡിഎഫ് ഭരണകാലത്ത് ഇത്തരം സമീപനങ്ങള്‍ക്കെതിരെ പ്രക്ഷോഭവും സമരവും നടത്തിയപ്പോള്‍ അതിനെ അടിച്ചമര്‍ത്തിയതും ശരിയാണെന്ന് പറയണോയെന്ന് മണി ചോദിച്ചു.

ഉമ്മന്‍ചാണ്ടിയും എ കെ ആന്റണിയും കെ കരുണാകരനുമൊക്കെ ഭരിച്ചപ്പോഴും ജനങ്ങള്‍ ഉണ്ടായിരുന്നു. ഈ ജനങ്ങളുടെ അവകാശങ്ങളൊന്നും അന്ന് നടന്നില്ലല്ലോ. അതില്‍ നിന്നും വ്യത്യസ്തമായി എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ചെയ്ത ക്ഷേമ പ്രവര്‍ത്തനങ്ങള്‍, മുമ്പത്തെ എല്‍ഡിഎഫ് ഇതര സര്‍ക്കാരുകള്‍ ചെയ്തിട്ടുണ്ടോ? രാഷ്ട്രീയപ്രവര്‍ത്തകര്‍ സാമൂഹ്യവീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും എം എം മണി പറഞ്ഞു.

കേരളം കണ്ട ഏറ്റവും നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവാണ് വിഡി സതീശന്‍. ആരെല്ലാം പ്രതിപക്ഷ നേതാവായിരുന്നിട്ടുണ്ട്. സമീപനത്തില്‍ തന്നെ പാളിച്ചയുള്ള പ്രതിപക്ഷ നേതാവാണ് വിഡി സതീശനെന്നാണ് എന്റെ അഭിപ്രായം. അദ്ദേഹം കാര്യങ്ങളെല്ലാം വ്യാഖ്യാനിക്കുന്നത് പ്രത്യേക ശൈലിയിലും രീതിയിലുമാണ്. അതിനോട് എല്ലാ കോണ്‍ഗ്രസുകാരും യോജിക്കുമെന്ന് കരുതുന്നില്ല. എന്തായിരുന്നാലും ഇന്നലെ നടത്തിയ പ്രതികരണം വേണ്ടിയിരുന്നില്ലെന്ന പാര്‍ട്ടി നിലപാട് അംഗീകരിക്കുന്നുവെന്നും എംഎം മണി പറഞ്ഞു.

ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല ഭംഗിയായി ശാപ്പാട് കഴിച്ച ആളുകള്‍ തങ്ങള്‍ക്കെതിരായി വോട്ടു ചെയ്തു എന്നായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ എംഎം മണി അഭിപ്രായപ്പെട്ടത്. നല്ല ഒന്നാന്തരം പെന്‍ഷന്‍ മേടിച്ചിട്ട് ഭംഗിയായി ശാപ്പാടും കഴിച്ച ശേഷം നല്ല ഭംഗിയായി നമ്മക്കിട്ട് വെച്ചു എന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെയും വോട്ടര്‍മാരെയും അപമാനിക്കുന്ന തരത്തിലുള്ള എംഎം മണിയുടെ പ്രസ്താവന വിവാദമാകുകയും ചെയ്തിരുന്നു. തുടർന്ന് മണിയുടെ പ്രസ്താവനയെ തള്ളി പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബി രം​ഗത്തു വരികയും ചെയ്തിരുന്നു.

CPM leader MM Mani has corrected his remarks regarding welfare pension.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ നടപടിയെടുക്കും'

ജൂത ഫെസ്റ്റിവലിനിടെ ഭീകരാക്രമണം; സിഡ്നി ബീച്ചിൽ ആൾക്കൂട്ടത്തിന് നേരെ വെടിവയ്പ്പ്; 11 പേർ കൊല്ലപ്പെട്ടു

പേസും സ്പിന്നുമിട്ട് വട്ടം കറക്കി; തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക; ഇന്ത്യയ്ക്കു ജയിക്കാന്‍ 118 റണ്‍സ്

കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോ​ഗോ ഗവർണർ അനാച്ഛാദനം ചെയ്തു

'ഈ വിധിയില്‍ അത്ഭുതമില്ല'; ആദ്യമായി പ്രതികരിച്ച് അതിജീവിത, ഇന്നത്തെ 5 പ്രധാനവാര്‍ത്തകള്‍

SCROLL FOR NEXT