ചങ്ങരംകുളം: ഓൺലൈൻ ഗെയിമിന് വേണ്ടി നാലുമാസത്തിന് ഇടയിൽ പതിനൊന്നുകാരൻ മൊബൈൽ ഫോൺ ചാർജ് ചെയ്‌തത് 28,000 രൂപയ്‌ക്ക്. വീട്ടിൽ നിന്ന് പണം പതിവായി മോഷണം പോവുന്നത് തിരിച്ചറിഞ്ഞ് അന്വേഷിച്ചപ്പോഴാണ് കുട്ടിയുടെ കളിഭ്രാന്ത് രക്ഷിതാക്കൾ അറിയുന്നത്.
ഇതോടെ ചങ്ങരംകുളം ആലംകോട്ടെ മൊബൈൽ കടയിലെത്തിയ രക്ഷിതാക്കൾ കടക്കാരനെ മർദിച്ചു. വീട്ടിൽനിന്നു നിരന്തരം പണം മോഷണം പോകുന്നതു സംബന്ധിച്ച അന്വേഷണത്തിനൊടുവിൽ മൊബൈൽ റീച്ചാർജിങ് രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതോടെ സമീപത്തെ കടയിലെത്തി വീട്ടുകാർ വിവരം അന്വേഷിച്ചു. ഇതു വാക്കേറ്റത്തിൽ കലാശിച്ചതോടെ കടക്കാരനു വീട്ടുകാരുടെ അസഭ്യവർഷവും മർദനവുമേറ്റു.
ബഹളം സംഘർഷാവസ്‌ഥയിൽ എത്തിയതോടെ ചങ്ങരംകുളം പോലീസെത്തി രംഗം ശാന്തമാക്കി. ഒന്നര ലക്ഷത്തോളം രൂപ മോഷണം പോയെന്നാണ് വീട്ടുകാർ പറയുന്നത്. അന്വേഷണത്തിൽ പതിനൊന്നുകാരന്റെ നിർദേശപ്രകാരം സുഹൃത്തായ മുതിർന്ന കുട്ടിയാണു റീച്ചാർജ് ചെയ്‌തിരുന്നതെന്നു വ്യക്‌തമായി. ആവശ്യമുള്ള പണം പതിനൊന്നുകാരൻ വീട്ടിൽനിന്ന് മോഷ്‌ടിച്ചു നൽകും.
മൊബൈലിൽ ഗെയിം കളിക്കാനാണെന്നും പത്തും പതിനഞ്ചും പേർ ഒരുമിച്ചാണ് വലിയ തുകയ്‌ക്ക് റീചാർജ് ചെയ്തതെന്നാണ് കടയിലെ ജീവനക്കാരനോടു പറഞ്ഞിരുന്നത്. കുട്ടികൾ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് പതിവാണെന്നും രക്ഷിതാക്കൾ ജാഗ്രത പുലർത്തണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates