മലപ്പുറം: എൻഫോഴ്സ്മെന്റ് അന്വേഷണക്കാര്യത്തിൽ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുയിൻ അലി. ചന്ദ്രിക ദിനപത്രത്തിലെ പണമിടപാട് കേസിൽ തങ്ങൾക്ക് ഇഡിയുടെ നോട്ടീസ് കിട്ടാൻ കാരണം കുഞ്ഞാലിക്കുട്ടിയാണ്. ഹൈദരലി തങ്ങൾ കടുത്ത മാനസിക സമ്മർദത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലായിരുന്നു മുയിൻ അലിയുടെ രൂക്ഷ വിമർശനം.
കഴിഞ്ഞ 40 വർഷമായി മുസ്ലീം ലീഗിന്റെ ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണ്. പാർട്ടി കുഞ്ഞാലിക്കുട്ടിയിൽ മാത്രം കേന്ദ്രീകരിക്കുകയാണെന്നും മുയിൻ അലി തുറന്നടിച്ചു. കുഞ്ഞാലിക്കുട്ടിയെ പേടിച്ച് എല്ലാവരും മിണ്ടാതിരിക്കുകയാണ്. ചന്ദ്രികയിലെ ഫിനാൻഡ് ഡയറക്ടറായ ഷമീർ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനാണ്. ഷമീർ ചന്ദ്രികയിൽ വരുന്നതു പോലും താൻ കണ്ടിട്ടില്ല. ഇത്തരത്തിലുള്ള കെടുകാര്യസ്ഥതയാണ് 12 കോടിയുടെ ബാധ്യതയിലേക്ക് വരെ എത്തിച്ചത്. എന്നിട്ടും ഫിനാൻസ് ഡയറക്ടറെ സസ്‌പെൻസ് ചെയ്യാനുള്ള നടപടിയുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു.
ചന്ദ്രികയുടെ അഭിഭാഷകൻ മുഹമ്മദ് ഷാ വിളിച്ച വാർത്താ സമ്മേളനത്തിലായിരുന്നു മുയിൻ അലി കുഞ്ഞാലിക്കുട്ടിക്കെതിരേ തുറന്നടിച്ചത്. അതേസമയം കുഞ്ഞാലിക്കുട്ടിക്കെതിരേ ആരോപണം ഉന്നയിച്ചതോടെ വാർത്താ സമ്മേളനത്തിനിടെ മുയിൻ അലിക്കെതിരേ മുസ്ലീം ലീഗ് പ്രവർത്തകർ പ്രതിഷേധവുമായെത്തി. ഇതോടെ വാർത്താ സമ്മേളനം നിർത്തിവയ്ക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates