കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സിപിഎം മുമ്പെടുത്ത നിലപാടില്‍ തന്നെയാണ് ഇപ്പോഴുമുള്ളതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ശബരിമല അയ്യപ്പന്റെ ഒരു തരി സ്വര്‍ണം പോലും നഷ്ടപ്പെടാന്‍ പാടില്ല. ആരോണോ ഉത്തരവാദി അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരും. കുറ്റവാളികള്‍ ആരായാലും അവരെ സംരക്ഷിക്കുന്ന നിലപാട് പാര്‍ട്ടിയോ സര്‍ക്കാരോ സ്വീകരിക്കില്ല. ഈ നിലപാടില്‍ മുമ്പു മുതലേ സിപിഎം ഉറച്ചു നില്‍ക്കുകയാണെന്ന് ഗോവിന്ദന്‍ പറഞ്ഞു.
കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. പലരെയും അറസ്റ്റ് ചെയ്യുന്നുണ്ട്. പലരെയും ചോദ്യം ചെയ്യുന്നുണ്ട്. ഹൈക്കോടതി നിശ്ചയിച്ച എസ്‌ഐടി സംഘമാണ് അന്വേഷണം നടത്തുന്നത്. നേരത്തെ യുഡിഎഫ് എസ്‌ഐടി അന്വേഷണത്തെ പിന്തുണച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് ശബരിമല വിഷയം പാട്ടും ഈരടികളുമൊക്കെയായി യുഡിഎഫ് ഉപയോഗിക്കുകയാണ് ചെയ്തത്. എന്നാല്‍ സിപിഎം നിലപാടില്‍ ഉറച്ചു നിന്നു. അയ്യപ്പന്റെയോ വിശ്വാസികളുടെയോ പണം തട്ടുന്ന പാര്‍ട്ടിയല്ല സിപിഎം എന്ന് ജനങ്ങള്‍ക്ക് അറിയാം.
നേരത്തെ എസ്‌ഐടി അന്വേഷണത്തെ പിന്തുണച്ച് ആഹ്ലാദഭരിതരായിരുന്ന യുഡിഎഫ്, ഇപ്പോള്‍ അന്വേഷണം അവരുടെ നേര്‍ക്ക് തിരിഞ്ഞപ്പോള്‍ നിലപാട് മാറ്റുകയാണ്. എസ്‌ഐടിയില്‍ സംശയമുണ്ടെന്നാണ് ഇപ്പോള്‍ പറയുന്നത്. അടൂര്‍ പ്രകാശിന്റെ നേര്‍ക്ക് നീളുന്നു എന്നു കണ്ടപ്പോഴാണ് ഈ അവസരവാദപരമായ നിലപാടുമാറ്റം. അന്വേഷണം പതിയെ പതിയെ തങ്ങളുടെ നേര്‍ക്കു വരുന്നു എന്നു കണ്ടപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ വേണ്ടി, സ്വര്‍ണ്ണക്കൊള്ള ഫലപ്രദമായി അന്വേഷിക്കുന്നത് തടയാന്‍ വേണ്ടിയുള്ള ബോധപൂര്‍വമായ ഇടപെടലാണ് നടത്തുന്നത്.
ശബരിമല കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെയുള്ളവര്‍ സോണിയാഗാന്ധിയെ പല പ്രാവശ്യം സന്ദര്‍ശിച്ചു. സോണിയയുടെ കൈയില്‍ കെട്ടിക്കൊടുക്കുന്നു, സമ്മാനം കൊടുക്കുന്നു. ഇതിന്റെയെല്ലാം ചിത്രങ്ങള്‍ പുറത്തു വന്നു. പോറ്റി മാത്രമല്ല, ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ധനും ഒപ്പമുണ്ട്. ഇതോടൊപ്പം യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും ആന്റോ ആന്റണി എംപിയും ചിത്രത്തിലുണ്ട്.
ആരാണ് പോറ്റിക്ക് സോണിയാഗാന്ധിയെ കാണാന്‍ അപ്പോയിന്റ് മെന്റ് വാങ്ങിക്കൊടുത്തത്. എങ്ങനെയാണ് അപ്പോയിന്റ്‌മെന്റ് സംഘടിപ്പിച്ചുകൊടുത്തത് എന്നത് അവര്‍ വ്യക്തമാക്കുന്നില്ല. മുമ്പ് കരുണാകരനു പോലും കാണാന്‍ അപ്പോയിന്റ് ലഭിക്കാതിരുന്ന വ്യക്തിത്വമാണ് സോണിയാഗാന്ധി. എംപി വഴിയാണോ, മറ്റേതെങ്കിലും നേതാവു വഴിയാണോ സോണിയയെ കാണാന്‍ സാധിച്ചതെന്നത് അറിയേണ്ടതാണ്. എങ്ങനെയാണ് ഇവരെല്ലാമായി ബന്ധം ശക്തിപ്പെട്ടു എന്നത് പ്രസക്തമാണ്. കേരള ജനത ഇതില്‍ സത്യം അറിയേണ്ടതുണ്ട്.
വെള്ളാപ്പള്ളിയെ തള്ളി സിപിഎം
സിപിഐ ചതിയന്‍ ചന്തുവാണെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായം എം വി ഗോവിന്ദന്‍ തള്ളി. സിപിഎമ്മിന് അത്തരമൊരു നിലപാടില്ല. ആരുടെയെങ്കിലുമൊക്കെ നിലപാട് അന്വേഷിച്ചിട്ട് തീരുമാനിക്കുന്ന പാര്‍ട്ടിയല്ല. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ നിലപാടുണ്ട്. സിപിഐയും സിപിഎമ്മും ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ രണ്ടു പ്രധാന പാര്‍ട്ടികള്‍ എന്ന നിലയിലുള്ള ഐക്യമുണ്ട്. ആ ഐക്യം തുടര്‍ന്നും മുന്നോട്ടു കൊണ്ടുപോകുകയാണ് ഉദ്ദേശിക്കുന്നത്.
വെള്ളാപ്പള്ളി നടേശന്‍ എന്തെങ്കിലും പറഞ്ഞെങ്കില്‍ അതിന് ഉത്തരവാദിത്തം പറയേണ്ടത് സിപിഎമ്മല്ല. അത് വെള്ളാപ്പള്ളിയോടു ചോദിക്കുക, അദ്ദേഹം ഉത്തരം പറയട്ടെ. എസ്എന്‍ഡിപിക്ക് വയനാട്, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങാന്‍ അനുമതി കിട്ടുന്നില്ല എന്നതാണ് വെള്ളാപ്പള്ളിയുടെ പ്രശ്‌നമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അനുമതി വിഷയം സര്‍ക്കാരുമായി ബന്ധപ്പെട്ടതാണ്. അതിന്റെ സാങ്കേതിക കാര്യങ്ങളെല്ലാം പരിശോധിച്ച് സര്‍ക്കാരാണ് മറുപടി പറയേണ്ടത്. സിപിഎമ്മിന് അതില്‍ ഒരു കാര്യവുമില്ലെന്ന് ഗോവിന്ദന്‍ പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്‍ സ്വീകരിക്കുന്ന മതനിരപേക്ഷ ഉള്ളടക്കത്തോടു കൂടിയുള്ള, കേരളത്തിന്റെ പൊതുവായ നിലപാടുകളോടും സമീപനങ്ങളോടും സിപിഎമ്മിന് എല്ലാക്കാലത്തും യോജിപ്പാണ്. ആ യോജിപ്പ് ഇനിയും തുടരും. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായ നിലപാടുകള്‍ വെള്ളാപ്പള്ളി നടേശന്‍ എടുക്കുമ്പോള്‍ അതൊന്നും ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം സിപിഎമ്മിന് ഇല്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. പിഎംശ്രീ പദ്ധതിയെപ്പറ്റി പാര്‍ട്ടി വിലയിരുത്തല്‍ മുമ്പേ പറഞ്ഞിട്ടുണ്ടെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates