തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് 30 സുരക്ഷാ സങ്കേതങ്ങള്‍ അടങ്ങിയ സെക്യൂരിറ്റി ലേബല്‍ വരുന്നു. ക്യൂആര്‍ കോഡ് ആലേഖനം ചെയ്ത ടാഗന്റ് അധിഷ്ഠിത ഹോളോഗ്രാഫിക് ടാക്സ് ലേബലിന്റെ ഏറ്റവും വലിയ സവിശേഷത ട്രാക്ക് ആന്‍ഡ് ട്രെയ്സ് സൗകര്യമാണ്. മദ്യവിതരണ ശൃംഖലയില്‍ ട്രാക്ക് ആന്‍ഡ് ട്രേസ് സംവിധാനം നടപ്പിലാക്കുന്നത് ഉല്‍പ്പന്ന സുരക്ഷയും, കാര്യക്ഷമമായ ഇന്‍വെന്ററി മാനേജ്‌മെന്റും ഉറപ്പാക്കും. മദ്യ വിതരണ സംവിധാനം പൂര്‍ണമായും തത്സമയം അധികൃതര്‍ക്ക് നിരീക്ഷിക്കാനും ഈ സാങ്കേതിക വിദ്യ സൗകര്യമൊരുക്കുന്നു. ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഏത് ഉപഭോക്താവിനും മദ്യത്തെക്കുറിച്ചുള്ള വിശദാംശങ്ങളും, ഏത് വെയര്‍ഹൌസില്‍ സൂക്ഷിച്ചുവെന്നും, എപ്പോഴാണ് വില്‍പ്പന സ്റ്റോക്കില്‍ വന്നത് എന്നുമെല്ലാം അറിയാനാവും.
ഉല്‍പ്പന്നത്തിന്റെ ആധികാരികത ഓരോ ഉപഭോക്താവിനും പരിശോധിച്ച് ഉറപ്പിക്കാനുള്ള സംവിധാനമൊരുക്കുക വഴി വില്‍പ്പനയിലെ സുതാര്യത വര്‍ധിക്കുന്നു. നികുതി വെട്ടിപ്പ് പൂര്‍ണമായും അവസാനിപ്പിക്കാനും സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നു. ഹോളോഗ്രാം സി ഡിറ്റാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ഹോളോഗ്രാം സംബന്ധിച്ച ധാരണാപത്രത്തില്‍ ബെവ്റിജസ് കോര്‍പറേഷന്‍ സിഎംഡി യോഗേഷ് ഗുപ്ത, എക്സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ്, സിഡിറ്റ് രജിസ്ട്രാര്‍ ജയദേവ് ആനന്ദ് എകെ എന്നിവര്‍ ഒപ്പുവെച്ചു. സിഡിറ്റ് ഡയറക്ടര്‍ ജയരാജ് ജിയും പങ്കെടുത്തു. നിലവില്‍ സംവിധാനത്തിന്റെ ട്രയല്‍ റണ്‍ നടക്കുകയാണ്. പൂര്‍ണതോതില്‍ വളരെ വേഗം പുതിയ ഹോളോഗ്രാം മദ്യക്കുപ്പികളില്‍ പതിച്ചുതുടങ്ങും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പുതിയ സംവിധാനത്തിലൂടെ സംസ്ഥാനത്തെ മൊത്തം മദ്യവില്‍പ്പനയുടെ തല്‍സ്ഥിതി തത്സമയം അറിയാനാവും. ഓരോ ദിവസവും ആകെ കച്ചവടം, ഏതൊക്കെ ഷോപ്പുകളില്‍ എത്ര, ഓരോ ബ്രാന്‍ഡും എത്ര വില്‍പ്പന തുടങ്ങി എല്ലാ വിശദാംശങ്ങളും ഒറ്റ ക്ലിക്കില്‍ അധികാരികള്‍ക്ക് അറിയാനാവുന്ന സംവിധാനവും ഇതോടൊപ്പം ഒരുക്കിയിരിക്കുന്നു. ഇത്രയും വിപുലമായ നിരീക്ഷണ സംവിധാനം രാജ്യത്ത് തന്നെ അപൂര്‍വമാണ്. നിര്‍മ്മാണത്തില്‍ നിന്ന് പുറത്തുവരുന്ന ഓരോ മദ്യക്കുപ്പിയുടെയും എക്‌സൈസ് തീരുവ കണ്ടെത്തുക, ഡ്യൂട്ടി അടയ്ക്കാത്ത മദ്യം നിര്‍മ്മാണത്തില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്ന പ്രവണത തടയുക എന്നിവയാണ് ട്രാക്ക് ആന്‍ഡ് ട്രെയ്സ് സിസ്റ്റത്തിന്റെ പ്രധാന ലക്ഷ്യം. ബോട്ടിലിംഗ് പ്ലാന്റ് മുതല്‍ വെയര്‍ഹൗസുകള്‍ വരെയുള്ള ഓരോ കുപ്പിയിലും ഹോളോഗ്രാമും ക്യുആര്‍ കോഡും ഘടിപ്പിച്ച് മദ്യത്തിന്റെ ഗതി ട്രാക്ക് ചെയ്യുകയും കണ്ടെത്തുകയും സാധ്യമാകും. അതായത് മുഴുവന്‍ വിതരണ ശൃംഖലയും നിരീക്ഷിക്കാന്‍ എക്സൈസ് വകുപ്പിന് കഴിയും. ഇതുവഴി നികുതിവെട്ടിപ്പ് പൂര്‍ണമായും ഇല്ലാതാക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്.
നിര്‍മ്മാതാക്കള്‍, ഇറക്കുമതി സേവനദാതാക്കള്‍, വിതരണക്കാര്‍, മൊത്ത വില്പനക്കാര്‍, ചെറുകിട വിതരണക്കാര്‍, എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍, ഉപഭോക്താക്കള്‍ എന്നിവര്‍ നികുതി നിര്‍ണയ സംവിധാനത്തിന്റെ കണ്ണിയില്‍ ഉള്‍പ്പെടും. ഈ ഓരോ കക്ഷിക്കും ഏതു സമയത്തും മദ്യത്തിന്റെ ഗുണമേന്മ പരിശോധിക്കാനും അറിയിയാനുമുള്ള സംവിധാനവും ഉറപ്പാക്കിയിട്ടുണ്ട്. ഇതിലൂടെ മറ്റ് ഏതെങ്കിലും തരത്തിലുള്ള ദുരുപയോഗ സാധ്യത പൂര്‍ണമായും ഒഴിവാക്കാനാവും. വ്യാജ ലേബല്‍ സംബന്ധിച്ച എല്ലാ സാധ്യതകളും പുതിയ ഹോളോഗ്രാം പൂര്‍ണമായി ഇല്ലാതാക്കുന്നു. ടാഗന്റിലെ മോളിക്യൂള്‍ അലാം, യുവി ലൈറ്റ് തുടങ്ങി പഴുതടച്ച സുരക്ഷാ സൗകര്യങ്ങളും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. കറന്‍സിയിലേതിന് സമാനമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയതിലൂടെ വ്യാജലേബല്‍ പോലുള്ള തട്ടിപ്പുകള്‍ പൂര്‍ണമായി അവസാനിപ്പിക്കാനാവും.
വ്യാജമദ്യമാണോ എന്ന് പരിശോധിക്കാന്‍ ഹോളോഗ്രാം മാനുവലായി വായിച്ച് നോക്കുകയായിരുന്നു ഇതുവരെയുള്ള രീതി. പുതിയ സംവിധാനത്തിലൂടെ യന്ത്രസഹായം ഉപയോഗിച്ച് എളുപ്പത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ എക്സൈസ് സേനയ്ക്ക് തത്സമയം അറിയാനാവും. മദ്യവില്‍പ്പന ശാലകളില്‍ വ്യാജമദ്യം സംബന്ധിച്ച പരിശോധനകളില്‍ എക്സൈസ് സേനയ്ക്ക് സ്റ്റോക്ക് രജിസ്റ്റര്‍ മാന്വല്‍ ആയി പരിശോധിക്കേണ്ടിവരുന്ന സ്ഥിതിക്കും ഈ സംവിധാനം പരിഹാരം കാണും. മദ്യക്കുപ്പി സ്‌കാന്‍ ചെയ്യുന്നതിലൂടെ തന്നെ മുഴുവന്‍ വിശദാംശങ്ങളും അറിയാനാവും. തത്സമയ ട്രാക്കിംഗിനും നിരീക്ഷണത്തിനുമായി എക്സൈസ് വകുപ്പിനായി ഒരു മൊബൈല്‍ ആപ്ലിക്കേഷനും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
പെര്‍മിറ്റിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ, എന്‍ഫോഴ്‌സ്‌മെന്റ് ടീമിന് പെര്‍മിറ്റിന്റെയും പെര്‍മിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഉല്‍പ്പന്നങ്ങളുടെയും ആധികാരികത പരിശോധിക്കാന്‍ കഴിയും. ഉല്‍പ്പന്നങ്ങളുടെ സ്ഥിതി തത്സമയം നിരീക്ഷിക്കാന്‍ ഇത് സഹായിക്കും. മോഷണം, കേടുപാടുകള്‍ അല്ലെങ്കില്‍ മറ്റ് പ്രശ്നങ്ങള്‍ എന്നിവ കണ്ടെത്താനും ഉല്‍പ്പന്നങ്ങളുടെ സ്ഥാനവും അവസ്ഥയും ഏത് സമയത്തും ട്രാക്ക് ചെയ്യാനും ഇത് എക്സൈസിനെ പ്രാപ്തരാക്കുന്നു. 2002 മുതല്‍ സി-ഡിറ്റ് നല്‍കി വരുന്ന 15 സുരക്ഷാ സങ്കേതങ്ങള്‍ ഉള്‍ച്ചേര്‍ത്ത ഹോളോഗ്രാമിന്റെ പരിഷ്‌കരിച്ച രണ്ടാം പതിപ്പാണ് 30 സുരക്ഷാ സങ്കേതങ്ങള്‍ ഉള്‍ച്ചേര്‍ത്ത് നിലവില്‍ വരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates