തിരുവനന്തപുരം: കേന്ദ്രവുമായി യുഡിഎഫ് സര്‍ക്കാര്‍ ഏറ്റുമുട്ടലിനില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. മുന്‍ഗാമികളില്‍ നിന്ന് തികച്ചും വ്യത്യസ്തമായി, കേരളത്തില്‍ പുതുതായി അധികാരമേറ്റ കോണ്‍ഗ്രസ് സര്‍ക്കാര്‍ കേന്ദ്രവുമായി ഏറ്റുമുട്ടല്‍ പാത സ്വീകരിക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചിട്ടുള്ളത്. അതേസമയം യുഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ പോരാട്ടം തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റര്‍ സാന്ത്വന ഭട്ടാചാര്യയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനോട് താന്‍ മൃദുസമീപനം സ്വീകരിക്കുകയാണെന്ന സിപിഎമ്മിന്റെ വിമര്‍ശനം മുഖ്യമന്ത്രി നിഷേധിച്ചു. എന്നാല്‍ തന്റെ സര്‍ക്കാര്‍ കേന്ദ്രത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി. ''അത് എന്റെ ജോലിയല്ല... പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം, ഞങ്ങള്‍ അത് പരിഹരിക്കാന്‍ ശ്രമിക്കും. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ധനമന്ത്രി, തുറമുഖ മന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.'' മുഖ്യമന്ത്രി പറഞ്ഞു.
ജിഎസ്ടി കൗണ്‍സിലിനും നീതി ആയോഗിനും മുമ്പാകെ സംസ്ഥാനത്തിന്റെ വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ അവസരങ്ങളുണ്ട്. 'എന്റെ ബജറ്റ് പ്രസംഗത്തില്‍ ഞാന്‍ പറഞ്ഞിരുന്നു, നമ്മുടെ വിഹിതം (കേന്ദ്ര നികുതി വിഹിതം) കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന്. പത്താം ധനകാര്യ കമ്മീഷനില്‍ നമുക്ക് 3.5% ഉണ്ടായിരുന്നു. പതിനഞ്ചാമത്തേതില്‍ അത് 1.9% ആയി കുറഞ്ഞു. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ 55,000 കോടി രൂപ റവന്യൂ കമ്മി ഗ്രാന്റായി അനുവദിച്ചിരുന്നു എന്നാല്‍ ഇപ്പോള്‍ അതില്ല.' ധനകാര്യ വകുപ്പ് കൂടി വഹിക്കുന്ന മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രവുമായി സൗഹാര്‍ദ്ദപരമായ ബന്ധം പുലര്‍ത്താനാണ് സംസ്ഥാനം ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയ സതീശന്‍, വര്‍ഗീയ വിഷം ചീറ്റാന്‍ ശ്രമിക്കുന്ന ആരുമായും ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പുമുണ്ടാകില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. 'ഞങ്ങള്‍ രാഷ്ട്രീയ വിഷയങ്ങളില്‍ പോരാടും. പ്രധാന വിഷയങ്ങളില്‍ എഐസിസി നിലപാടിനൊപ്പമാണ്. ഞങ്ങള്‍ ശക്തമായ ഒരു മതേതര നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ' മുഖ്യമന്ത്രി വിഡി സതീശന്‍ വ്യക്തമാക്കി.
ഭരണമാറ്റം വന്നതോടെ ഭരണരീതിയില്‍ മാറ്റങ്ങളുണ്ടാകുമല്ലോ. പുതിയ കാഴ്ചപ്പാടുകള്‍ എന്തൊക്കെയാണ്?
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഭരണരീതിയായിരിക്കും. മുന്‍ സര്‍ക്കാരിന്റെ അതേ പാതയിലൂടെ സഞ്ചരിച്ചാല്‍ കേരളം നിലനില്‍ക്കില്ല. കേരളത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തിച്ച് തില മാറ്റങ്ങള്‍ വരുത്തുകയാണ്. കേരളത്തിന്റെ ജനസംഖ്യാപരമായ മാറ്റങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. സംസ്ഥാനത്ത് ആയുര്‍ദൈര്‍ഘ്യം കൂടുതലാണ്. അതുകൊണ്ടു തന്നെ പ്രായമായവരുടെ എണ്ണം വര്‍ധിക്കുന്നു.
ഇതു കണക്കിലെടുത്ത് മുതിര്‍ന്ന പൗരന്മാര്‍ക്കായി ഒരു പ്രത്യേക നിയമനിര്‍മ്മാണം സര്‍ക്കാര്‍ കൊണ്ടുവരും. സംസ്ഥാനം നേരിടുന്ന മറ്റൊരു വിഷയം ബൗദ്ധിക ചോര്‍ച്ചയാണ്. വിദഗ്ധരായ ആളുകള്‍ നാടുവിടുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കും. ഉന്നത വിദ്യാഭ്യാസ കോഴ്‌സുകളില്‍ പലതും കാലഹരണപ്പെട്ടതാണ്. ഈ മേഖലയിലെ മാറ്റങ്ങള്‍ നിരീക്ഷിച്ച്, വിദഗ്ധ അഭിപ്രായം അനുസരിച്ച് പാഠ്യപദ്ധതി പുനഃക്രമീകരിക്കുകയും പുതിയ അക്കാദമിക് പ്രോഗ്രാമുകള്‍ ആരംഭിക്കുകയും ചെയ്യും.' മുഖ്യമന്ത്രി വ്യക്തമാക്കി.
ഒരു 'നോളജ് വാലി' (അറിവിന്റെ താഴ്വര) സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പാരമ്പര്യവും പ്രശസ്തിയുമുള്ള വിദേശ/പ്രമുഖ സര്‍വകലാശാലകളെ കേരളത്തിലേക്ക് കൊണ്ടുവരിക എന്നതാണ് ഞങ്ങളുടെ സ്വപ്നം. ഡോ. ശശി തരൂരിനെപ്പോലുള്ള വ്യക്തികളുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ വിവിധ സര്‍വകലാശാലകളിലേക്ക് അയച്ച്, അവരുടെ കേന്ദ്രങ്ങള്‍ ഇവിടെ തുറക്കാന്‍ അവരെ ക്ഷണിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കേരളത്തെ ഒരു വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
ഞങ്ങളുടെ സ്വപ്ന പദ്ധതി 'പോര്‍ട്ട് സിറ്റി' (തുറമുഖ നഗരം) ആണ്. കേരളത്തിന് 600 കിലോമീറ്റര്‍ തീരപ്രദേശം, രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങള്‍, ഒരു കണ്ടെയ്‌നര്‍ ടെര്‍മിനല്‍, 17 മിനി തുറമുഖങ്ങള്‍ എന്നിവയുണ്ട്. ഇവയെല്ലാം സംയോജിപ്പിച്ച് മുഴുവന്‍ സംസ്ഥാനത്തെയും ഒരു തുറമുഖ നഗരമാക്കി മാറ്റാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. മറ്റൊരു സ്വപ്നം ഒരു അന്താരാഷ്ട്ര സമുദ്ര മ്യൂസിയം സ്ഥാപിക്കുക എന്നതാണ്. ഞങ്ങള്‍ക്ക് വളരെ നീണ്ട ഒരു സമുദ്ര ചരിത്രമുണ്ട്.
മ്യൂസിയം കൊച്ചി കേന്ദ്രീകരിച്ചായിരിക്കും. മുസിരിസ് പൈതൃക പദ്ധതി നമുക്കുണ്ട്. 2,000 വര്‍ഷം പഴക്കമുള്ള തുറമുഖത്ത് ഇപ്പോഴും പുരാവസ്തു ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ലോകത്തെ 31 രാജ്യങ്ങളുമായി നമുക്ക് വ്യാപാര ബന്ധമുണ്ടായിരുന്നു എന്നതിന്റെ തെളിവ് കണ്ടെത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുണ്ട്. അവയില്‍ രണ്ടെണ്ണം സംസ്ഥാന സര്‍ക്കാരാണ് നടത്തുന്നത്. കേരളത്തെ ഒരു വ്യോമയാന കേന്ദ്രമാക്കുന്നതിനായി സര്‍ക്കാര്‍ 27 വ്യോമയാന പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. സിംഗപ്പൂരിലെ ചാംഗി വിമാനത്താവളം കേരളത്തില്‍ നിക്ഷേപത്തിന് സന്നദ്ധമായി മുന്നോട്ട് വന്നിട്ടുണ്ട്. ഒരു ആഗോള കണ്‍വെന്‍ഷന്‍ സെന്റര്‍, പൈലറ്റ് പരിശീലന സ്ഥാപനം, ഒരു വിമാന പരിപാലന കേന്ദ്രം എന്നിവയും മറ്റ് നിരവധി വ്യോമയാന സ്ഥാപനങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പദ്ധതികള്‍?
ഒന്നാമതായി, ഏറ്റവും മികച്ച ധനകാര്യ മാനേജ്മെന്റ് (സാമ്പത്തിക ആസൂത്രണം) പിന്തുടരുക. രണ്ടാമത്തേത്, ചോര്‍ച്ച തടയുക എന്നതാണ്. അതിനുശേഷം കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവന്ന് സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുക. ഇതല്ലാതെ മറ്റൊരു പരിഹാരവുമില്ല. നികുതി വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ അനുകൂലമല്ല, പകരം നികുതി ശൃംഖല വിപുലീകരിക്കാനാണ് സര്‍ക്കാര്‍ താല്‍പ്പര്യപ്പെടുന്നത്.
വയനാട് ഉരുള്‍ പൊട്ടലിന്റെ പശ്ചാത്തലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ എങ്ങനെ?
കാലാവസ്ഥാ വ്യതിയാനം മൂലം പടിഞ്ഞാറന്‍ മേഖല മുഴുവന്‍ ദുര്‍ബലമാണ്. ഞങ്ങള്‍ പ്രതിപക്ഷത്തിരുന്നപ്പോള്‍ 'ഇന്റര്‍നാഷണല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്' റിപ്പോര്‍ട്ട് സഭയില്‍ കൊണ്ടുവന്നിരുന്നു. കന്യാകുമാരി മുതല്‍ ഗുജറാത്ത് വരെയുള്ള മുഴുവന്‍ തീരപ്രദേശങ്ങളും, കേരളം ഉള്‍പ്പെടെ, അതീവ അപകടസാധ്യതയുള്ളവയാണ്. അറബിക്കടല്‍ പ്രക്ഷുബ്ധമാണ്. അതിശക്തമായ മഴയോ മേഘവിസ്‌ഫോടനമോ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. പരിസ്ഥിതിലോല പ്രദേശങ്ങളെ നമ്മള്‍ സംരക്ഷിക്കേണ്ടതുണ്ട്. ഇനി മുതല്‍ ഞങ്ങളുടെ എല്ലാ പ്രോജക്ടുകളിലും കാലാവസ്ഥാ വ്യതിയാനം ഒരു പ്രധാന ഘടകമായി പരിഗണിക്കും.
വയനാട് തുരങ്കപാത പദ്ധതിയുമായി മുന്നോട്ട് പോകുമോ?
വയനാട് തുരങ്കപാത പദ്ധതി ആദ്യമായി അവതരിപ്പിച്ചപ്പോള്‍ അതിനെ എതിര്‍ത്ത ഒരേയൊരു വ്യക്തി താനാണ്. എന്നാല്‍ പൊതുജനങ്ങള്‍ തനിക്കെതിരായിരുന്നു. പശ്ചിമഘട്ട മേഖല വളരെ ദുര്‍ബലമാണ്. കേരളത്തില്‍ രണ്ടു ലക്ഷത്തിലധികം തരത്തിലുള്ള മണ്ണുകളാണ് ഉള്ളത്. കേന്ദ്ര മന്ത്രാലയം നല്‍കിയ പരിസ്ഥിതി അനുമതി പ്രകാരം, പ്രകമ്പനം ഉണ്ടാക്കാതെ പാറ തുരക്കണമെന്നാണ്. അത് എങ്ങനെ സാധ്യമാകും? ഇവിടുത്തെ മണ്ണിന്റെ അവസ്ഥയെക്കുറിച്ച് നമ്മള്‍ ആഴത്തില്‍ പഠിക്കേണ്ടതുണ്ട്. ഇത്തരം എല്ലാ കാര്യങ്ങളും പരിശോധിക്കാന്‍ സര്‍ക്കാര്‍ ഒരു വിദഗ്ധ സമിതിയെ നിയമിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates